Tuesday January 24, 2017
Latest Updates

ഡബ്ലിന്‍ ബസ് സ്വകാര്യവത്കരണത്തിനെതിരെ ജീവനക്കാര്‍ സമരത്തിലേയ്ക്ക്

ഡബ്ലിന്‍: തലസ്ഥാന നഗരിയിലെ ബസ് റൂട്ടുകളില്‍ ചിലത് സ്വകാര്യ വത്കരിക്കാനുള്ള തീരുമാനത്തിനെതിരെ നടത്താനുദ്ദേശിക്കുന്ന സമര നടപടികള്‍ക്ക് തടയിടാനായി ഡബ്ലിന്‍ ബസ് യൂനിയനുകള്‍ ചര്‍ച്ചകള്‍ തുടരുന്നു.
സ്റ്റേറ്റിന്റെ മാത്രം ഉടമസ്ഥതയിലുള്ള റൂട്ടുകളില്‍ 10ശതമാനത്തോളം സ്വകാര്യവത്കരിക്കാനാണ് ഗതാഗത വകുപ്പ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍ സ്‌റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള ഡബ്ലിന്‍ ബസ്, ബസ് എയ്‌റീന്‍ തുടങ്ങിയ കമ്പനികളിലെ ബസ് ജീവനക്കാര്‍ ഇത് കമ്പനികളുടെ നാശത്തിലേക്കുള്ള വഴിയാണെന്ന് മുന്നറിയുപ്പുമായി എത്തിയിരിക്കുകയുമാണ്.
വാട്ടര്‍ഫോര്‍ഡ്, ഡബ്ലിന്‍ കൌണ്ടികളിലെ ബസ്സുകള്‍ ഇത്തരത്തിലുള്ള ഒരു മാറ്റത്തിന് പാത്രമായേക്കുമെന്നാണ് സൂചനകള്‍ ലഭിക്കുന്നത്.

ഡബ്ലിന്‍ ബസ്, ബസ് എയ്‌റീന്‍ ജീവനക്കാരുടെ ശക്തമായ എതിര്‍പ്പാണ് ഈ തീരുമാനത്തിനെതിരെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഏതായാലും ജീവനക്കാരുടെ എതിര്‍പ്പ് ഗതാഗത വകുപ്പിന് തലവേദനയായി മാറാനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല.

നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയിലെ അധികൃതര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എന്‍ബിആര്‍യു യൂനിയനിലെ അംഗങ്ങളെ അടുത്ത ദിവസങ്ങളിലായി തന്നെ സന്ദര്‍ശിക്കും എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എസ്‌ഐപിടിയുവുമായും മറ്റു യൂനിയനുകളുമായും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുമെന്നും എന്‍ടിഎ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഗതാഗത മന്ത്രി ലിയോ വരേദ്കര്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രൊജക്ട് എന്‍ടിഎയ്ക്ക് കൈമാറിയിരിക്കുകയാണെന്നും അടുത്ത വര്‍ഷത്തോടെ തന്നെ പദ്ധതി നടപ്പില്‍ വരുമെന്നാണ് അദ്ദേഹം പ്രത്യാശിക്കുന്നതെന്നും മന്ത്രി വരേദ്കറിന്റെ വക്താവ് അറിയിച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട് ഇത്തരം പ്രശ്‌നങ്ങളും വെല്ലുവിളികളും തലയുയര്‍ത്തുമെന്ന് തങ്ങള്‍ക്കറിയാമായിരുന്നുവെന്നും എന്നാല്‍ ഇത് വളരെ പ്രധാനപ്പെച്ച ഒരു മാറ്റമായിരിക്കുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ വത്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ഡബ്ലിന്‍ ബസ്, ബസ് എയ്‌റീന്‍ റൂട്ടുകള്‍ക്കായുള്ള ടെന്‍ഡറുകള്‍ സ്വകരിക്കാനുള്ള പദ്ധതിയും നടക്കുന്നതായി എന്‍ടിഎ പ്രതിനിധി അറിയിച്ചിട്ടുണ്ട്.

Scroll To Top