Friday January 19, 2018
Latest Updates

ഡബ്ലിന്‍ നഗരവാസികള്‍ക്ക് പേടി സ്വപ്നമായി കാര്‍ മോഷ്ടാക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും വിളയാട്ടം

ഡബ്ലിന്‍ നഗരവാസികള്‍ക്ക് പേടി സ്വപ്നമായി കാര്‍ മോഷ്ടാക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും വിളയാട്ടം

ഡബ്ലിന്‍ :കാര്‍ മോഷ്ടാക്കളും സാമൂഹ്യവിരുദ്ധരും അടുത്ത നാളുകളിലായി ഡബ്ലിന്‍ നഗരവാസികള്‍ക്ക് പേടി സ്വപ്നമാകുന്നു.ഇന്നലെ ഡെയ്ലില്‍ സംസാരിക്കവെ ടോമി ബ്രൂമാന്‍ ടിഡിയാണ് ഈ വിഷയത്തിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധക്ഷണിച്ചത്. ഈ സമ്മര്‍ മുതല്‍ ഇത്തരത്തിലുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് തന്റെ മണ്ഡലത്തില്‍ നിന്നും കേള്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഡബ്ലിന്‍ ബേ നോര്‍ത്തിലെ ഒരു എസ്റ്റേറ്റില്‍ അഞ്ചോ ആറോ വാഹനങ്ങള്‍ അപകടകരമാംവിധം ഓടിക്കാറുണ്ട്.കാറുകള്‍ കത്തിക്കുന്നതും പതിവാണ്.പുലര്‍ച്ചെ ആറ് മണി വരെ ഈ എപ്പിസോഡ് നീളാറുണ്ടെന്നും ടിഡി മന്ത്രി ചാള്‍സ് ഫ്ളാനഗനോട് വിശദീകരിച്ചു.
ഇത്തരം സംഭവങ്ങളെക്കുറിച്ച് പല വീട്ടുടമകളും കമ്മ്യൂണിറ്റി നേതാക്കളും തന്നോട് പരാതി പറയാറുണ്ട്.വീടിനു മുമ്പില്‍പ്പോലും വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുന്ന സംഭവങ്ങളുണ്ട്. ഇത്തരം റൗഡിത്തരങ്ങള്‍ വ്യക്തമാക്കുന്ന ഫോട്ടോകളും വീഡിയോകളും ആളുകള്‍ അയച്ചുതരാറുണ്ടെന്നും ടിഡി പറഞ്ഞു.

മുതിര്‍ന്ന ഗാര്‍ഡ ഓഫീസര്‍മാരോടും ഹൗസിങ് ആന്‍ഡ് എസ്റ്റേറ്റ് മാനേജ്മെന്റിന്റെ ഡെപ്യൂട്ടി സിറ്റി മാനേജര്‍മാരോടും ഈ ‘ഭീകര’ പ്രവര്‍ത്തനത്തെക്കുറിച്ച് അറിയിച്ചിരുന്നു.ഗാര്‍ഡയുടെയും കൗണ്‍സിലിന്റെയും പ്രാരംഭ പ്രതികരണം ഇക്കാര്യത്തില്‍ വളരെ മന്ദഗതിയിലായിരുന്നുവെന്ന് പല ആളുകളും പരാതി പറഞ്ഞു. എന്നാല്‍ പിന്നീട് പോലീസ് കൈക്കൊണ്ട നടപടികളിലൂടെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനായിരുന്നു.

എന്നാല്‍ ഈ അടുത്ത നാളുകളില്‍ സ്ഥിതി വീണ്ടും മോശമായി. കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് മോഷ്ടാക്കള്‍ കാര്‍ കത്തിച്ചത്.കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്കാണ് സംഭവം.അപ്പോള്‍ത്തന്നെ ഗാര്‍ഡയെ അറിയിച്ചെങ്കിലും രാത്രി ഒമ്പത് മണിക്കുപോലും അവരുടെ പ്രതികരണം ലഭിച്ചില്ല.-അദ്ദേഹം മന്ത്രിയോട് പരാതിപ്പെട്ടു.ജില്ലയിലുണ്ടായ ഇത്തരം സംഭവസ്ഥലങ്ങള്‍ പലതവണ നേരില്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകണമെന്നും അദ്ദേഹം മന്ത്രിയോടാവശ്യപ്പെട്ടു.

ഇത്തരം സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകള്‍ പലപ്പോഴും അവര്‍ക്കും മറ്റു നിരപരാധികള്‍ക്കും ആപത്തുകള്‍ വരുത്താറുണ്ടെന്ന് ബോധ്യപ്പെട്ടതായി മന്ത്രി ഫ്ളാനഗന്‍ പറഞ്ഞു.ഇത്തരം സാമൂഹ്യവിരുദ്ധരെ അമര്‍ച്ച ചെയ്യുന്നതിന് കര്‍ശന നിര്‍ദ്ദേശം ഗാര്‍ഡയ്ക്ക് നല്‍കിയിട്ടുണ്ടെന്നു അദ്ദേഹം അറിയിച്ചു. അടുത്ത നാളുകളില്‍ത്തന്നെ അതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു

Scroll To Top