Monday May 01, 2017
Latest Updates

ഡബ്ലിന്‍ നഗരത്തില്‍ സാധാരണക്കാര്‍ക്ക് സുരക്ഷാ ഭീഷണി ;ഒരാഴ്ച്ചയ്ക്കുള്ളില്‍ ആക്രമിക്കപ്പെട്ടവരില്‍ ആറ് മലയാളികളും

ഡബ്ലിന്‍ നഗരത്തില്‍ സാധാരണക്കാര്‍ക്ക് സുരക്ഷാ ഭീഷണി ;ഒരാഴ്ച്ചയ്ക്കുള്ളില്‍ ആക്രമിക്കപ്പെട്ടവരില്‍ ആറ് മലയാളികളും

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തിലെമ്പാടും മോഷണവും പിടിച്ചുപറിയും പെരുകുന്നു. കാല്‍നടയാത്രക്കാരെയും മറ്റും ശാരീരികമായി ആക്രമിച്ച ശേഷം പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നു കളയുന്ന രീതിയാണ് മോഷ്ടാക്കള്‍ പിന്തുടരുന്നത്.എല്ലാ വിഭാഗങ്ങളില്‍ പ്പെടുന്നവരും ആക്രമിക്കപ്പെടുന്നുണ്ടെങ്കിലും കുടിയേറ്റക്കാരെ അക്രമികള്‍ കൂടുതലായി ലക്ഷ്യം വെയ്ക്കുന്നുണ്ടെന്നു ഗാര്‍ഡ പറയുന്നു.

വഴി യാത്രക്കാരുടെ മൊബൈല്‍ ഫോണുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോകുന്ന സംഭവങ്ങള്‍ പെരുകിയിരിക്കുകയാണ്. വൈകുന്നേരങ്ങളില്‍ ജോലി കഴിഞ്ഞു നടന്നു പോകുന്നവരും പ്രഭാത സവാരിക്ക് ഇറങ്ങുന്നവരുമാണ് കൂടുതലായും മോഷ്ടാക്കളുടെ ആക്രമണം നേരിടേണ്ടി വന്നതെന്ന് ഗാര്‍ഡ അധികൃതര്‍ പറഞ്ഞു.

നടന്നു പോകുന്നവരെ യാതൊരു മുന്നറിയിപ്പുമില്ലാതെ മുഖത്തിടിച്ച് പരിക്കേല്‍പ്പിച്ചാണ് ബാഗും മൊബൈല്‍ ഫോണും അടക്കമുള്ള സാധനങ്ങള്‍ തട്ടിയെടുക്കുന്നത്.കഴിഞ്ഞ ആഴ്ച്ച നഗരത്തിന്റെ വിവിധഭാഗങ്ങളിലായി ആറോളം മലയാളികള്‍ അക്രമി സംഘത്തിന്റെ പിടിയില്‍ പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.ഗാര്‍ഡയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ മാത്രമാണിത്.അതേസമയം ആക്രമണത്തിന് ഇരയാവുന്നതില്‍ ചിലരെങ്കിലും സംഭവം രഹസ്യമായി വെയ്ക്കുന്നതായും പറയപ്പെടുന്നു.

ഡബ്ലിനില്‍ പഠിക്കുന്ന തൃശൂര്‍ സ്വദേശിയെ സിറ്റി സെന്ററിലെ തിരക്കുള്ള ഡെയിം സ്ട്രീറ്റില്‍ വെച്ച് ആക്രമി സംഘം ഞായറാഴ്ച പിടികൂടി. രണ്ടംഗ സംഘം തന്നെ സമീപിച്ച് മുഖത്ത് ഇടിച്ച് മാരകമായി പരുക്കേല്‍പ്പിച്ച ശേഷം മൊബൈല്‍ ഫോണുമായി രക്ഷപെടുകയായിരുന്നെന്ന് ഇയാള്‍ പറഞ്ഞു.അടുത്തു നിന്ന ഗാര്‍ഡ പോലും സഹായത്തിനെത്തിയില്ലെന്ന് ഇയാള്‍ പറഞ്ഞു.

റിംഗ്‌സെന്‍ഡില്‍ അക്രമിക്കപ്പെട്ട മലയാളിയുടെ ബാഗും സ്യൂട്ട്‌കേസുമാണ് നഷ്ട്ടപ്പെട്ടത് .റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം ഓഫിസിലേക്ക് നടക്കുന്നതിനിടയിലാണ് സൈക്കിളില്‍ പാഞ്ഞുവന്ന യുവാവ് ഇദ്ദേഹത്തിന്റെ മുഖത്തു തുപ്പിയ ശേഷം ഇടിച്ചത്.വെപ്രാളത്തിനിടയില്‍ കൈവിട്ടുപോയ സ്യൂട്ട്‌കേസുമായി നൊടിയിടയ്ക്കുള്ളില്‍ അക്രമി കടന്നു കളഞ്ഞു.

താല മേഖലയിലും മലയാളികള്‍ക്ക് നേരെ പലയിടങ്ങളിലും കഴിഞ്ഞാഴ്ച്ച കൈയ്യേറ്റ ശ്രമം ഉണ്ടായിട്ടുണ്ട്.സണ്‍ഡെയില്‍ ബ്രൂക്ക് ഫീല്‍ഡ് സ്‌കൂളില്‍ നിന്നും ആറ് വയസുള്ള മകനെയും കൂട്ടി തിരികെ വരികെയായിരുന്ന മലയാളിയെ മുഖത്തിടിച്ചു പരിക്കേല്‍പ്പിച്ച് പണം തട്ടാന്‍ ഉള്ള ശ്രമമുണ്ടായി.ജോബ്‌സ്‌ടൌണ്‍ പ്രദേശത്തു നിന്നും സമാനമായ ആക്രമണം ഉണ്ടായി.

റാനില,ക്ലോന്ഗില്‍ എന്നിവിടങ്ങളിലും മലയാളികള്‍ക്ക് നേരേ കഴിഞ്ഞയാഴ്ച്ച ആക്രമണം ഉണ്ടായി .

പരാതികള്‍ പെരുകിയതോടെ ഗാര്‍ഡ അന്വേഷണം ഊര്‍ജിതമാക്കി. എല്ലാ മോഷണ സംഭവങ്ങള്‍ക്കും ഏതെങ്കിലും തരത്തില്‍ പരസ്പര ബന്ധമുണ്ടോ, എല്ലാ മോഷണങ്ങള്‍ക്കും പിന്നിലും ഒരേ സംഘം തന്നെയാണോ പ്രവര്‍ത്തിക്കുന്നത് തുടങ്ങിയ വിവരങ്ങള്‍ ഗാര്‍ഡ അന്വേഷിച്ചു വരുന്നു. മൊബൈല്‍ ഫോണ്‍ മോഷണങ്ങളാണ് കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച നഗരത്തിന്റെ പലഭാഗങ്ങളിലും സമാനമായ മോഷണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടും മൂന്നും പുരുഷന്‍മാര്‍ അടങ്ങിയ സംഘങ്ങളാണ് മോഷണത്തിന് പിന്നിലെന്ന് അനുഭവസ്ഥര്‍ പറയുന്നു. കാറില്‍ സംഘമായി വന്ന് ഒരാള്‍ മാത്രം പുറത്തിറങ്ങി ആക്രമിച്ച് പണവും സാധനങ്ങളും തട്ടുന്ന രീതിയാണ് മിക്കിടത്തും.

മോഷണം തൊഴിലാക്കിയ സംഘങ്ങളാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്നും,സ്വയം സുരക്ഷ ഒരുക്കി ഇത്തരം സംഘങ്ങള്‍ക്ക് മുന്നില്‍ ചെന്ന് പെടാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നുമാണ് ഗാര്‍ഡ അസിസ്റ്റന്റ്‌റ് കമ്മിഷണര്‍ തന്നെ അഭിപ്രായപ്പെടുന്നത്. പിടിക്കപ്പെട്ടാലും പരമാവധി രണ്ട് വര്‍ഷം ജയിലില്‍ കഴിയേണ്ട ശിക്ഷ കഴിഞ്ഞ് ഇവരില്‍ മിക്കവരും പഴയ ‘തൊഴിലിലേയ്ക്ക്’ മാറുകയാണെന്നും അധികൃതര്‍ പറയുന്നു.

Scroll To Top