Tuesday April 25, 2017
Latest Updates

ഡബ്ലിനില്‍ മലയാളത്തിന്റെ രുചി കൂട്ടൊരുക്കാന്‍ ലൂയിസ് സായിപ്പ് മാത്രം ! …ഈ മലയാളികള്‍ക്കെന്ത് പറ്റി ?

ഡബ്ലിനില്‍ മലയാളത്തിന്റെ രുചി കൂട്ടൊരുക്കാന്‍ ലൂയിസ് സായിപ്പ് മാത്രം ! …ഈ മലയാളികള്‍ക്കെന്ത് പറ്റി ?

ഡബ്ലിനിലെ മെസ്പിള്‍ റോഡിലൂടെ നടക്കുമ്പോഴാണ് പതിവില്ലാതെ കറുവാപ്പട്ടയുടെയും ഇടനയിലയുടെയും ഒക്കെ സുഗന്ധം മൂക്കിലേയ്ക്ക് അടിച്ചു കയറിയത് . അതിശയം ! .ഇവിടെ ഇതാ ഏതോ കേരളീയന്റെ ഹോട്ടല്‍ ഉണ്ടാവും .അല്ലാതെ ഇത് എവിടെ നിന്നും വരാനാണ് ?

ചുറ്റും നോക്കിയപ്പോഴാണ് ആനയെ കണ്ടത് ..നെയിം ബോര്‍ഡില്‍ വലിയ അക്ഷരങ്ങളില്‍ ‘കേരളാ കിച്ചന്‍ ‘ എന്ന് ഇംഗ്ലീഷില്‍ എഴുതി വെച്ചിട്ടുണ്ട് .പിങ്ക് നിറമുള്ള ആനയുടെ ചിത്രം തൊട്ടടുത്ത് .ആനയും കേരളവും ആയി ഒരു ബന്ധമുണ്ടല്ലോ ?

പിങ്ക് ആനയുടെ ചിത്രം പതിച്ചു വച്ചിരിക്കുന്നത് ഒരു തട്ടുകടയിലാണ് .കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒക്കെ സാധാരണ നാം കാണുന്ന അതെ തട്ടുകട. സിറ്റിയില്‍ നിന്നും ബാള്‍സ്ബ്രിഡ്ജിനു പോകും വഴി നാഷണല്‍ മെറ്റെനറ്റി ഹോസ്പിറ്റലിനടുത്തായാണ് സംഭവം . റോഡില്‍ കനാലിനു ഒരു വശം മുഴുവന്‍ തട്ടുകടകളാണ് .അവയില്‍ ഒന്നാമനായി ആയി നില്‍ക്കുന്നതാണ് നമ്മുടെ ആനക്കട .

കൌണ്ടറില്‍ മുന്‍പില്‍ മോശമല്ലാത്ത ക്യൂ . പത്തു പന്ത്രണ്ട് പെരെങ്കിലുമുണ്ട് .

അടുക്കി വച്ചിരിക്കുന്ന വിഭവങ്ങളിലെയ്ക്ക് ഒന്ന് എത്തി നോക്കി . പല വര്‍ണ്ണങ്ങളിലായി കേരള വിഭവങ്ങള്‍ എന്ന് ഒറ്റ നോട്ടത്തില്‍ കരുതാവുന്ന നിരവധി ഇനങ്ങള്‍ തേങ്ങാപ്പാലിന്റെയും ഏലക്കായുടെയും ഗന്ധം നിറഞ്ഞു നില്‍ക്കുന്നു . മീന്‍ പറ്റിച്ചത് മുതല്‍ ചിക്കന്‍ ടിക്കാ മസാല വരെയുണ്ട് .

ഏതു ഭക്ഷണപ്രിയനെയും ഒന്ന് കൊതിപ്പിക്കും . ഒറ്റ നോട്ടത്തില്‍ കൊള്ളാം !

പിങ്ക് ആനക്കടയിലെ മലയാളിയുടെ മുഖം തിരഞ്ഞു ..ഒന്ന് അഭിനന്ദിക്കണം .അയര്‍ലണ്ടില്‍ ആദ്യമായി കേരളത്തിന്റെ ബ്രാന്‍ഡ് നെയിം ഉപയോഗിച്ച മനുഷ്യനല്ലേ ? കേരളത്തിന്റെ വിഭവങ്ങള്‍ എന്നും സഞ്ചാരികള്‍ക്ക് പ്രിയങ്കരമാണ് .ഒരിക്കല്‍ ആസ്വദിച്ചവര്‍ വീണ്ടും തേടി വരുന്ന രുചിക്കൂട്ടുകള്‍ .

ഡബ്ലിന്‍ പോലെ ഒരു നഗരത്തില്‍ കേരളത്തിന്റെതു മാത്രമായ ഒരു ഹോട്ടല്‍ ഉണ്ടാവാത്തത് എന്താണെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് .നൂറ കണക്കിന് ഷെഫുമാരാണ് നെഴ്‌സുമാരെ വിവാഹം കഴിച്ചും അല്ലാതെയും അയര്‍ലണ്ടില്‍ ഉള്ളത് .

സിറ്റി സെന്ററില്‍ കഴിഞ്ഞ ജനുവരിക്ക് ശേഷം മാത്രം വിവിധ കോളേജുകളിലായി പഠിക്കാന്‍ വന്ന മലയാളി വിദ്യാര്‍ഥികള്‍ മാത്രം 400 ഓളം പേരാണ് .ഒരു കോളേജില്‍ മാത്രമുണ്ട് നൂറു പേര്‍ ..ഇത്തിരി കഞ്ഞികുടിക്കാനോ ,വൈകിട്ട് ഒരു ചായക്കൊപ്പം ഒരു സുഖിയനോ ,പരിപ്പുവടയോ ,ബോണ്ടയോ കഴിക്കാനോ (മസാല ദോശ മിക്ക ഇന്ത്യന്‍ റസ്റ്റോറന്റുകളും മെനുവില്‍ പെടുത്തിയിട്ടുണ്ട് ,ഇത്തിരി വില കൂടുതല്‍ കൊടുക്കണമെങ്കിലും ) ഇവര്‍ക്കും സിറ്റിയില്‍ വരുന്ന സഞ്ചാരികള്‍ക്കും ഒക്കെ അവസരം കിട്ടിയേനെ, ഒരു മലയാളി ഹോട്ടല്‍ ,നമ്മുടെ ഷെഫുമാര്‍ ആരെങ്കിലും തുടങ്ങിയിരുന്നെങ്കില്‍ !.

ഇന്ത്യന്‍ റസ്റ്റോറന്റുകള്‍ സിറ്റിയില്‍ ധാരാളം ഉണ്ടെങ്കിലും മിക്കതിന്റെയും നടത്തിപ്പുകാര്‍ പാക്കിസ്ഥാന്‍കാരാണ് .ഇന്ത്യന്‍ ഷെഫുകള്‍ തന്നെ വിരളം .അങ്ങനെയുള്ളപ്പോള്‍ കേരളത്തിന്റെ ഈ ബ്രാന്‍ഡ് അമ്പാസിഡറെ എങ്ങനെ അഭിനന്ദിക്കാതിരിക്കണം ? തട്ട് കടയാണെങ്കിലും …

കൌണ്ടറില്‍ തിരക്കൊഴിഞ്ഞപ്പോള്‍ വിതരണത്തിനായി നിന്ന പെണ്‍കുട്ടിയോട് ഉടമസ്ഥനെ തിരക്കി .കടയുടെ പുറകില്‍ ക്ലീനിംഗില്‍ ഏര്‍പ്പെട്ടിരുന്ന യുവാവിനെ പെണ്‍കുട്ടി വിളിച്ചു .

ആകാംക്ഷപൂര്‍വ്വം കാത്തിരുന്ന എന്നെ അമ്പരപ്പിച്ചു കൊണ്ട് നിറഞ്ഞ ചിരിയുമായി വന്നത് ഒരു മലയാളിയായിരുന്നില്ല ,സായിപ്പ് തന്നെയായിരുന്നു .kkkouis

ലൂയിസ് …2009 ല്‍ കേരളത്തിലേയ്ക്ക് നടത്തിയ ഹോളി ഡേ ട്രിപ്പാണ് ലൂയിസിനെ കേരളത്തിന്റെ ആരാധകനാക്കിയത് .കടലോരവും മലയോരവും ഒക്കെ ചുറ്റി നടന്ന് കണ്ടു ..ഒരു പ്രമുഖ പത്രസ്ഥാപനത്തിലായിരുന്നു അക്കാലത്ത് ജോലി .കാമുകിയുമൊത്ത് കേരളത്തില്‍ ഏറെനാള്‍ കഴിഞ്ഞപ്പോള്‍ കേരളത്തോട് പ്രണയമായി .പ്രത്യേകിച്ച് കേരളത്തിന്റെ ഭക്ഷണത്തോട് ..തട്ടുകടകളിലും ഹോട്ടലുകളിലുമൊക്കെ മെയ് വഴക്കത്തോടെ ജോലി ചെയ്യുന്ന കേരളീയന്റെ സ്‌റ്റൈല്‍ ഏറെ ഇഷ്ട്ടമായി .

എത്ര വിഭവങ്ങള്‍ … ചായ തന്നെ എത്ര തരം ! ലൂയിസ് അത്ഭുതം കൂറുന്നു! ഓപ്പണ്‍ ചായ, വിത്തൌട്ട് ചായ ,ലൈറ്റ് ചായ പിന്നെ പൊടികട്ടന്‍ , പൊടി ചായ, അടിക്കാത്ത ചായ, മീഡിയം വെള്ളം കുറവ് ചായ. മീഡിയം ചായ, മീഡിയം വെള്ളം കുറവ് അടിക്കാത്ത ചായ, വെള്ളം കുറവ് ചായ ,പാലും വെള്ളം …തേയില സഞ്ചിയില്‍ നിന്നും .ഗ്ലാസിലേയ്ക്ക് നീട്ടി പൊക്കി പതച്ചൊഴിക്കുന്ന ആ ചായയ്ക്ക് എന്ത് രസം …

സ്വോഭാവിക നിറങ്ങളില്‍ ,സുഗന്ധക്കൂട്ടുകളില്‍ വേയിച്ചെടുക്കുന്ന ചെമ്മീനും ,ചിക്കനും ,എന്തിന് ഉരുളക്കിഴങ്ങ് വരെ ലൂയിസിന് സാധ്യതകളുടെ ആകാശം നല്‍കി .

തട്ടുകടകള്‍ മുതല്‍ കോക്കനട്ട് ലഗൂണ്‍ വരെ പോയി പാചകത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചു .

കേരളത്തിന്റെ തനതു രുചിക്കൂട്ടുകളെ ഡബ്ലിന് പരിചയപ്പെടുത്താനുള്ള തീരുമാനം എടുത്തത് ആ ട്രിപ്പിലാണെന്ന് ലൂയിസ് പറയുന്നു ..പത്രപ്പണിയൊക്കെ ഉപേക്ഷിച്ച് ലണ്ടനില്‍ പോയി ഒരു കേരളാ ഹോട്ടലില്‍ ചേര്‍ന്ന് മനസിരുത്തി പാചകം പഠിക്കാനായി പിന്നെ തീരുമാനം (ഡബ്ലിനില്‍ പാചകം പഠിക്കാന്‍പോലും പറ്റിയ ഒരു ഇന്ത്യന്‍ റസ്റ്റ്‌റ്റൊരന്റ്‌റ് ഇല്ലെന്നാണ് ലൂയിസ് പറയുന്നത് ! നല്ല ഇന്ത്യന്‍ ഫുഡ് കിട്ടുന്ന ഒരു ഹോട്ടല്‍ പോലും ഡബ്ലിന്‍ സിറ്റിയില്‍ ഇല്ലെന്നും സന്ദേഹമില്ലാതെ ഇദ്ദേഹം പറയും )ഡോണഗലില്‍ നിന്നുള്ള കാമുകി എല്ലാത്തിനും പിന്തുണയുമായി കൂടെ കൂടി .

ഇപ്പോള്‍ ഡബ്ലിനിലെ അഞ്ചു ഫുഡ് മാര്‍ക്കറ്റുകളിലാണ് കേരളാ കിച്ചന്‍ ഉള്ളത് .സാന്റിഫോര്‍ഡ് ,മെസ്പിള്‍ റോഡ് ,ഗ്രാന്റ് കനാല്‍ മാര്‍ക്കറ്റ് ,സ്‌പെന്‍സര്‍ ഡോക് മാര്‍ക്കറ്റ് ,ഈസ്റ്റ് പോയിന്റ് മാര്‍ക്കറ്റ് എന്നിവിടങ്ങളിലായി പിങ്ക് എലിഫന്റ് കറങ്ങി നടക്കും .ഓരോ മാര്‍ക്കറ്റിലും ഓരോ ദിവസമാണ് കച്ചവടം .തട്ട് കട ആയതു കൊണ്ട് ടെന്റ് അടക്കമാണ് യാത്ര .

മൂന്ന് ജോലിക്കാരോടൊപ്പം ലൂയിസും ഗേള്‍ഫ്രണ്ടും കേരള കിച്ചണെ സജീവമാക്കുന്നു ..ക്യൂവില്‍ എണ്ണം കൂടി വന്നു .മുഴുവന്‍ ഇന്നാട്ടുകാര്‍ .

മെസ്പിള്‍ റോഡ് കനാല്‍ കരയില്‍ കൂടി തിരികെ നടന്നപ്പോള്‍ ഞാന്‍ ഓര്‍ത്തു . നീല്‍ ആംസ്‌ട്രോന്‍ഗ് ചന്ദ്രനില്‍ ചെന്നപ്പോള്‍ ഒരു മലയാളി ചായക്കടയുമായി അവിടെ ഉണ്ടായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .പക്ഷെ ഡബ്ലിന്‍ സിറ്റിയില്‍ ഈ മലയാളിയ്‌ക്കെന്തു പറ്റി ?

മൂര്‍ സ്ട്രീറ്റിലോ ഒക്കോനര്‍ സ്ട്രീറ്റിലോ പഴം പൊരിയും ,ബോണ്ടായും ,പൊറോട്ടയും (? അത് വേണോ ?) മൊളകിട്ട മീന്‍ കറിയും (അത് മലബാര്‍ സ്‌റ്റൈല്‍!)കിട്ടുന്ന ഒരു ചായ കട ആരെങ്കിലും തുടങ്ങുമോ ?.

ദോശയും , ചമ്മന്തിയും, പുട്ടും കടലയുമൊക്കെ ആവാം …മലയാളി തുടങ്ങിയില്ലെങ്കില്‍ വേറേതെങ്കിലും ലൂയിസ്മാര്‍ അതും തുടങ്ങും ..സംശയം വേണ്ട ..സായിപ്പിനറിയാം മലയാളിയുടെ രുചി ലോകത്തിന് ഏറെ പ്രിയമാണെന്ന് ….

 

Scroll To Top