Friday January 19, 2018
Latest Updates

ഡബ്ലിനില്‍ വെടിവെയ്പ്പ്:പിഞ്ചുകുഞ്ഞിനും അമ്മയ്ക്കും സഹോദരനുമടക്കം  കുടുംബത്തിലെ മൂന്നുപേര്‍ക്ക് വെടിയേറ്റു

ഡബ്ലിനില്‍ വെടിവെയ്പ്പ്:പിഞ്ചുകുഞ്ഞിനും അമ്മയ്ക്കും സഹോദരനുമടക്കം  കുടുംബത്തിലെ മൂന്നുപേര്‍ക്ക് വെടിയേറ്റു

ഡബ്ലിന്‍: കുടിപ്പകയുടെ പോരാട്ടങ്ങള്‍ ഡബ്ലിനില്‍ തുടരവേ നിരപരാധികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ പതിവാകുന്നു..

ഇന്നലെ വടക്കന്‍ ഡബ്ലിനില്‍ ഒരു കുടുംബത്തിലെ പിഞ്ചുകുഞ്ഞിനും അമ്മയ്ക്കും സഹോദരനുമടക്കം മൂന്നുപേര്‍ക്ക് വെടിയേറ്റു.സംഭവത്തില്‍ 30കാരനായ യുവാവിനെ ബ്ലാഞ്ചാര്‍ഡ്സ് ടൗണ്‍ ഗാര്‍ഡ അറസ്റ്റ് ചെയ്തു. ഇയാളെ സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്.അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും വിശദാംശങ്ങള്‍ അറിവായിട്ടില്ലെന്നും ഗാര്‍ഡ വെളിപ്പെടുത്തി.

ലിന്‍ ഡായെലി (29) തന്റെ കുഞ്ഞിനെയുമെടുത്ത് വടക്കന്‍ ഡബ്ലിനിലെ മുല്‍ഹുഡാര്‍ട്ടില്‍ പര്‍സ്ളിക്ക്സ് ടൗണിലെ വീടിന്റെ ഗാര്‍ഡനില്‍ നില്‍ക്കവെ ഉച്ചയ്ക്ക് 12.30നാണ് ഇവര്‍ക്കുനേരെ ആക്രമണം ഉണ്ടായത്.

ജോണ്‍ കോളിന്‍സ് (എട്ട് മാസം),മാത്യു ‘മാറ്റ്സി’ കൊളിന്‍സ് എന്നിവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി.നിരവധി പെല്ലറ്റുകള്‍ ഇരുവരുടെയും ശരീരത്തില്‍ നിന്നും നീക്കം ചെയ്തു.ഇവരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയ്ക്ക് കാര്യമില്ലെന്നും ഗാര്‍ഡ അറിയിച്ചു.ലിന്‍ ഡായെലിക്ക് കാര്യമായ മുറിവില്ല.

ജോണിന്റെ മുത്തച്ഛന്‍ ആര്‍തര്‍ കോളിന്‍സ്, ബഹളം കേട്ട് വീടിനുള്ളില്‍ നിന്നും ഓടിയെത്തിയപ്പോഴേക്കും അക്രമി ഓടി മറഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ ഒരു മകന്‍ മൂന്നുവര്‍ഷം മുമ്പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. അതിന്റെ ഷോക്കില്‍ കഴിയുന്നതിനിടെയാണ് പിഞ്ച് കുഞ്ഞടക്കമുള്ള കുടുംബത്തിനു നേരെ ആക്രമണമുണ്ടായത്.സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായി ഗാര്‍ഡ സൂപ്രണ്ട് ലിയാം കാര്‍ലോണ്‍ പറഞ്ഞു. ഇതിനെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ ലഭ്യമായവര്‍ ബ്ലാഞ്ചാര്‍ഡ്സ് ടൗണ്‍ സ്റ്റേഷനില്‍ അറിയിക്കേണ്ടതാണെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.ഫോണ്‍-016667000, 1800666111(കോണ്‍ഫിഡന്‍ഷ്യല്‍).

Scroll To Top