Tuesday February 21, 2017
Latest Updates

ഡബ്ലിനില്‍ വിദേശീയരെ തിരഞ്ഞു പിടിച്ച് ലൈംഗികമായി ആക്രമിക്കുന്ന ആള്‍ പോലീസ് കസ്റ്റഡിയില്‍:ഇന്ത്യാക്കാര്‍ക്ക് നേരെയും ആക്രമണം

ഡബ്ലിനില്‍ വിദേശീയരെ തിരഞ്ഞു പിടിച്ച് ലൈംഗികമായി ആക്രമിക്കുന്ന ആള്‍ പോലീസ് കസ്റ്റഡിയില്‍:ഇന്ത്യാക്കാര്‍ക്ക് നേരെയും ആക്രമണം

ഡബ്ലിന്‍ :അയര്‍ലണ്ടിലെ വംശീയ അതിക്രമം മറ്റൊരു തലത്തിലേക്കും. വിദേശികളായ സ്ത്രീകളെ തിരഞ്ഞുപിടിച്ച് ലൈംഗികമായി ആക്രമിക്കുന്ന ആളെ കഴിഞ്ഞ ദിവസം ഗാര്‍ഡ വലയിലാക്കിയതോടെയാണ് പുതിയ തലത്തിലേക്ക് ആക്രമണം നടക്കുന്നതായി തെളിഞ്ഞത്.
സ്ത്രീകള്‍ക്ക് ധൈര്യസമേതം പുറത്തിറങ്ങി നടക്കാന്‍ പറ്റിയിരുന്ന വിദേശ രാജ്യത്തിന്റെ സ്ഥിതി പരിതാപകരമായ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയുമാണ്. ഡല്‍ഹി പീഡനത്തെക്കാളും ക്രൂരമായ പീഡനങ്ങള്‍ ഇവിടങ്ങളിലും നടക്കുന്നു എന്നത് ലജ്ജാവഹമായി തുടരുകയാണ്.
കഴിഞ്ഞ ദിവസവും 22കാരിയായ യുവതി തെക്കന്‍ ഡബ്ലിനില്‍ വച്ച് ആക്രമിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ്‌ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട യുവതി ഗുരുതരമായി ആക്രമിക്കപ്പെടുന്നതിനു മുന്നേ രക്ഷപ്പെട്ടിരുന്നു. രാത്രി 12.30നായിരുന്നു രാത്‌മൈനില്‍ വച്ച് ആക്രമണം നടന്നത്.
ആക്രമി അയര്‍ലണ്ടിലെ തന്നെ വളരെ അപകടകാരിയായ ഒരാളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലൈംഗിക പീഡനം നടത്തിയതിനു തന്നെ രണ്ടു തവണ മുന്‍പ് ശിക്ഷിക്കപ്പെട്ടിട്ടുള്ള ആളാണ് ഇപ്പോള്‍ അറസ്റ്റിലായത്.
ഇയാള്‍ ഇപ്പോള്‍ ഹാരോള്‍ഡ്‌സ് ക്രോസ്സില്‍ താമസിച്ചു വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇയാള്‍ രാത്‌മൈന്‍ മേഖലയില്‍ സ്ത്രീകളെ ആക്രമിച്ചു കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുമുണ്ട്.
പക്ഷേ ഇത്തരം ഒരു വ്യക്തിക്കുപിന്നാലെ 24 മണിക്കൂറും നിരീക്ഷണം എന്നു പറഞ്ഞ് നടക്കാന്‍ സാധിക്കുകയില്ലെന്നാണ് ഗാര്‍ഡ പറയുന്നത്. ഗാര്‍ഡയുടെ ബജറ്റനുസരിച്ച് ഇത്തരം നിരീക്ഷണങ്ങള്‍ അനുവദനീയവുമല്ല.
അക്രമിയെ ആദ്യം ശിക്ഷിച്ചത് 2000ത്തില്‍ നടന്ന ഒരു പീഡനകേസിലായിരുന്നു. പത്തരവര്‍ഷത്തോളം അതിനായി അയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നു.
എന്നാല്‍ എട്ടുവര്‍ഷത്തോളം ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയ ശേഷവും ഇയാള്‍ തന്റെ ക്രൂര പ്രവര്‍ത്തികള്‍ തുടരുകയായിരുന്നു.
കഴിഞ്ഞ ദിവസം 22കാരിയായ വിദേശ വനിത തലനാരിഴയ്ക്കാണ് ക്രൂരമായ പീഡനത്തില്‍ നിന്നും രക്ഷപ്പെട്ടത്. എഫ്രാ റോഡിലൂടെ പോവുകയായിരുന്ന യുവതിയുടെ പിറകില്‍ അക്രമി ചാടി വീഴുകയായിരുന്നു. തുടര്‍ന്ന് യുവതിയെ തള്ളി തറയില്‍ വീഴ്ത്തുകയും ചെയ്തു. എന്നാല്‍ രക്ഷപ്പെടാനായി യുവതി അലറി വിളിച്ചതോടെ സമീപ പ്രദേശത്തുനിന്നും ആളുകള്‍ ഓടിക്കൂടി.
യുവതിയുടെ നിലവിളി കേട്ട് ആളുകള്‍ വരുന്നുണ്ടെന്ന് മനസിലാക്കിയ അക്രമി യുവതിയെ വിട്ട് ഓടിയകലുകയായിരുന്നു.
ഓടിക്കൂടിയവര്‍ യുവതിയെ സഹായിക്കുകയും അടിയന്തിര ചികിത്സയ്ക്ക് വിധേയയാക്കുകയും ചെയ്തു. തുടര്‍ന്നാണ് ഗാര്‍ഡയില്‍ പരാതിപ്പെട്ടത്. യുവതി പറഞ്ഞ അടയാളങ്ങള്‍ വച്ച് ഇയാള്‍ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു.
രാത്‌മൈനിലെ പീഡന വീരന്‍ ഇപ്പോള്‍ ടെറെന്യുവര്‍ ഗാര്‍ഡ സ്‌റ്റേഷനില്‍ ചോദ്യം ചെയ്യപ്പെട്ടുവരികയാണ്. പീഡനത്തിനായി വിദേശികളായ യുവതികളെ തിരഞ്ഞു പിടിച്ചാണ് ഇയാള്‍ അക്രമണം നടത്തിയതത്രെ .
കഴിഞ്ഞ മാസം ആദ്യം സെന്റ്റ് വിന്‍സന്റ്റ്‌സ് ആശുപത്രിയ്ക്ക് സമീപം വെച്ചു ഒറ്റയ്ക്ക് നടന്നുപോവുകയായിരുന്ന ഇന്ത്യാക്കാരിയായ വനിതാ ഡോക്റ്ററെയും ഇതേ പ്രകാരം ശാരീരികമായി ആക്രമിക്കുകയുണ്ടായി.പുലര്‍ച്ചെ ഡ്യൂട്ടിയ്ക്ക് വരികയായിരുന്ന ഡോക്റ്ററെ ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട അവരെ ആശുപത്രിയില്‍ എത്തിച്ചത് ഗാര്‍ഡയെത്തിയാണ്.ഇത്തരം സംഭവങ്ങള്‍ പിന്നീട് ഒതുക്കപ്പെട്ടു പോവുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.
ഇരകള്‍ വിദേശികള്‍ ആയതിനാലും ,കാര്യമായ ബന്ധുബലമോ ,സ്വാധീന ശേഷിയോ ഇല്ലാത്തതിനാലുമാണ് കേസുകള്‍ നിര്‍ജീവമാകുന്നതെന്ന് പറയപ്പെടുന്നു.ഇരകള്‍ സംഭവത്തെ പറ്റി തുറന്നു പറഞ്ഞാല്‍ ന്യൂ ഡല്‍ഹിയിലെ പീഡനങ്ങളെ വെല്ലുന്ന കഥകളാവും പുറത്തു വരിക.ജോലി തേടിയാണ് ഇവിടെ എത്തിയത് എന്നതിനാല്‍ അത് തുടരുകയാണ് ഏറ്റവും പ്രധാനപ്പെട്ടത് എന്നാണു മിക്കവരും കരുതുന്നത്.രാജ്യത്തിനുള്ള മാനക്കേട് പരിഗണിച്ചു ഇരകളെ ‘ ന്യൂട്രലാക്കാന്‍ ‘ഗാര്‍ഡയും ശ്രമിക്കുന്നുവെന്നും ആരോപണമുണ്ട്.

ഓണത്തിനും ക്രിസ്തുമസിനും ദീപാവലിയ്ക്കും ഘോഷവും സദ്യയും നടത്തുന്നവരല്ലാതെ ഇവിടെയുള്ള പ്രവാസികളായ ഇന്ത്യാക്കാര്‍ക്ക് ഒരാവശ്യമോ പ്രശ്‌നമോ ഉണ്ടാകുമ്പോള്‍ ഓടിയെത്തുവാനോ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനോ ഒരു സംഘടനപോലും അയര്‍ലണ്ടില്‍ ഇല്ലെന്ന യാഥാര്‍ഥ്യവും ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ നിശബ്ദരായിരിക്കുവാനോ സ്വന്തമായി പോരുതാനോ മിക്കവരെയും പ്രേരിപ്പിക്കുകയാണ്.
അയര്‍ലണ്ടില്‍ ഇന്ത്യക്കാര്‍ക്കെതിരെ വ്യാപകമായി തന്നെ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.സ്വര്‍ണ്ണം കൂടുതല്‍ സൂക്ഷിക്കുന്നത് കൊണ്ടാണ് ഇന്ത്യാക്കാരെ ടാര്‍ജറ്റ് ചെയ്യാന്‍ മോഷ്ട്ടാക്കള്‍ ശ്രമിക്കുന്നതെന്നാണ് ഗാര്‍ഡയുടെ അഭിപ്രായം.എന്നാല്‍ ശാരീരികമായ ആക്രമണങ്ങളിലെയ്ക്ക് കൂടി സാമൂഹ്യ വിരുദ്ധര്‍ കടക്കുമ്പോള്‍ നിശബ്ദരായിരുന്നാല്‍ അത് ശുഭോദര്‍ക്കമാവില്ലlike-and-share

Scroll To Top