Thursday November 15, 2018
Latest Updates

ഡബ്ലിനില്‍ വാടക വീട് കാണുന്നതിന് വ്യൂവിംഗ് ഫീസ് !:കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി ! വാടകക്കാരെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യല്ലേ …സര്‍ക്കാരേ !

ഡബ്ലിനില്‍ വാടക വീട് കാണുന്നതിന് വ്യൂവിംഗ് ഫീസ് !:കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി ! വാടകക്കാരെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യല്ലേ …സര്‍ക്കാരേ !

ഡബ്ലിന്‍ :’ആളുകളെ കൊന്ന് എടുക്കുക’ എന്നൊരു നാടന്‍ ചൊല്ലുണ്ട്.അയര്‍ലണ്ടിലെ വാടക വീടുടമകളും ഹൗസിങ് ഏജന്‍സികളും വാടകക്കാരോട് ചെയ്യുന്നത് എല്ലാ അര്‍ഥത്തിലും അതുതന്നെയാണ്.വീടില്ലാത്തവന്റെ ഗതികേടിനെ പരമാവധി ചൂഷണം ചെയ്ത് കീശവീര്‍പ്പിക്കുന്ന കശാപ്പുകാരന്റെ മനസ്ഥിതിയോടെയാണ് ഓരോ ഏജന്റന്മാരും വാടകക്കാരനെ കാണുന്നത്.താമസിക്കാന്‍ പോകുന്ന വാടകവീട് ‘കൊള്ളാമോയെന്നു നോക്കുന്നതിനായി’ പോകുന്നവര്‍ക്ക് പുതുതായി ഏര്‍പ്പെടുത്തിയ ‘വ്യൂവിംഗ് ഫീസ്’ വാങ്ങുന്നതിനെതീരെ വ്യാപക പരാതികള്‍ ഉയരുന്നു.

നഗരത്തില്‍ താമസിക്കാന്‍ എത്തുന്ന വിദ്യാര്‍ഥികളോടും ഇത്തരത്തില്‍ കാണല്‍ ഫീ വാങ്ങുന്നതായി പരാതികളേറെയുണ്ടെന്നു യൂണിയന്‍ ഓഫ് സ്റ്റുഡന്റ്സ് ഇന്‍ അയര്‍ലണ്ട് (യുഎസ്ഐ) നേതാവ് കോം ഓ ഹല്ലോണ്‍ പറയുന്നു.വിദ്യാര്‍ഥികള്‍ക്ക് ഇത് കൊടുക്കുകയെന്നല്ലാതെ യാതൊരു മാര്‍ഗവും ഇല്ല.ചില കേസുകളില്‍ 150 യൂറോ വരെയുള്ള നിശ്ചിതഫീസിനു പുറമേ വീടു കാണിക്കുന്നതിന് പിഎസ്പിഎന്‍ കോപ്പി, സാലറി സര്‍ട്ടിഫിക്കറ്റ്,പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, തൊഴിലിന്റെ സ്ഥിരത, തൊഴിലവസര ചരിത്രം, ശമ്പളത്തിന്റെ വിശദാംശങ്ങള്‍ എന്നിവയെല്ലാം ഇപ്പോള്‍ വാടകക്കാരനോട് ആവശ്യപ്പെടുന്നുണ്ട്.

ഇത്തരത്തിലുള്ള മറ്റൊരു സംഭവത്തില്‍ മറ്റാരു സ്ത്രീയോട് സര്‍ക്കാര്‍ കുറഞ്ഞ വരുമാനക്കാര്‍ക്ക് നല്‍കുന്ന ഹൗസിങ് അസിസ്റ്റന്റ് പേയ്മെന്റ് ലഭിക്കാന്‍ സാധ്യതയുള്ള മറ്റൊരു സ്ത്രീയോട് ‘വ്യൂവിങ് ഡെപ്പോസിറ്റായി’ 300യൂറോയാണ് ഒരു ഏജന്‍സി ആവശ്യപ്പെട്ടത്.എന്നാല്‍ ഈ പ്രോപ്പര്‍ട്ടി HAP പരിധിക്ക് മുകളിലായിരുന്നതിനാല്‍ അത് വാടകയ്ക്ക് എടുക്കാന്‍ അവര്‍ക്കായില്ല. എന്നിട്ടും പണം തിരികെ നല്‍കാന്‍ ഏജന്‍സി വിസമ്മതിച്ചു.

വാടകവീട് തേടി കഴിഞ്ഞ ദിവസം ദിവസമെത്തിയ ഒരു സ്ത്രീയോട് വ്യൂവിംഗ് ഫീസായി ആവശ്യപ്പെട്ടത് 500യൂറോ ആയിരുന്നു.ഈ വീട് കാണണമെന്ന് ആഗ്രഹിക്കുന്ന ഏതൊരാളോടും ഈ ഫീസ് വാങ്ങുന്നുണ്ടെന്നും ഏജന്‍സി അറിയിച്ചതായി സ്ത്രീ ഹൗസിംഗ് ചാരിറ്റിയോട് പറഞ്ഞു.ഈ ഫീസ് നല്‍കാനുള്ള സ്ഥിതി അവര്‍ക്കില്ലായിരുന്നു അതിനാല്‍ പ്രോപ്പര്‍ട്ടി കാണാന്‍ കഴിഞ്ഞില്ല..

എന്നാല്‍ ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലെന്ന നിലപാടാണ് റസിഡന്‍ഷ്യല്‍ ടെനന്‍സ് ബോര്‍ഡ് (ആര്‍ടിബി)യുടേത്.വസ്തുവകകള്‍ കാണുന്നതിന് പണം നല്‍കണമെന്ന് ആവശ്യപ്പെടുന്നത് മര്യാദയില്ലായ്മയാണെന്ന് ഐറീഷ് പ്രോപ്പര്‍ട്ടി ഓണേഴ്സ് അസോസിയേഷന്റെ (ഐ പി ഒ എ) ചെയര്‍മാന്‍ സ്റ്റീഫന്‍ ഫോക്നാനും പറയുന്നു.

നേതാക്കന്മാര്‍ ഇങ്ങനെ പ്രസ്താവനകള്‍ തുടരുമ്പോഴും ഏജന്‍സികളും ഭൂഉടമകളും ചേര്‍ന്ന് വാടകക്കാരനെ കൊല്ലാക്കൊല ചെയ്യുന്നത് തുടരുകയാണെന്നാണ് പെരുകുന്ന പരാതികള്‍ സാക്ഷ്യപ്പെടുത്തുന്നത്.ഇത്തരത്തില്‍ ഫീസ് ആവശ്യപ്പെടുന്നതിനെതിരെ ഹൗസിംഗ് ചാരിറ്റികളില്‍ നിന്നും മറ്റും വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.ഈ ഫീസ് നിര്‍ത്തലാക്കുന്നതിനായി നിയമം കൊണ്ടുവരണമെന്ന് ത്രെഷോള്‍ഡ് അടക്കമുള്ളവയില്‍ നിന്നു ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു.

ഭൂവുടമകളും ഏജന്‍സികളും ‘വ്യൂവിംഗ് ഫീസ്’ ആവശ്യപ്പെടുന്നത് സാധാരണമായിട്ടുണ്ടെന്ന് സ്റ്റീഫന്‍ ലാര്‍ജ് ഓഫ് ത്രൂറോള്‍ഡ് പറയുന്നു.താമസസൗകര്യം തേടുന്നവര്‍ ഇത്തരത്തിലുള്ള ഒട്ടേറെ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്.ഏഷ്യക്കാര്‍,കുട്ടികള്‍ ഉള്ളവര്‍ തുടങ്ങി ഒട്ടേറെ കാരണങ്ങള്‍ പറഞ്ഞാണ് വീട്ടുടമകള്‍ വാടകയ്ക്ക് നല്‍കാനുള്ള അവസരം നിഷേധിക്കുന്നത്.

ഐറിഷ് വാടക മാര്‍ക്കറ്റിന്റെ ഇപ്പോഴത്തെ പ്രശ്നം ജനങ്ങള്‍ക്ക് വളരെ കുറച്ച് ഓപ്ഷനുകളേ ഉള്ളു എന്നതാണ്. ഭൂവുടമകളും ഏജന്‍സികളും പ്രോപ്പര്‍ട്ടി കാണിക്കുന്നതിനായി ഫീസ് ആവശ്യപ്പെടുന്നതിനെ തടയുന്ന നിയമങ്ങള്‍ ഇപ്പോള്‍ നിലവിലില്ല.റീഫണ്ട് ഡിപ്പോസിറ്റുകള്‍ വാടകവിപണിയില്‍ കൂടുതല്‍ സാധാരണമായി മാറിയിരിക്കുന്നു എന്ന് ലാര്‍ജ് പറയുന്നു.എന്നാല്‍ വ്യൂവിങ് ഫീസ് പോലെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ ഉണ്ടാവുന്നില്ല എന്നതാണ് ഖേദകരം.’കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ എന്ന പഴഞ്ചൊല്ല് പോലെയാണ് അയര്‍ലണ്ടിലെ ഇപ്പോഴത്തെ സര്‍ക്കാര്‍.എസ്റ്റേറ്റ് മാഫിയയുടെ ഏത് അനീതികള്‍ക്കും ചൂട്ടു പിടിക്കാന്‍ മാത്രമായി അവര്‍ മാറുകയാണെന്ന പരാതിയാണ് ഉയരുന്നത്.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top