Monday February 20, 2017
Latest Updates

ഡബ്ലിനില്‍ മലയാളികള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുമ്പോള്‍ നാം എന്ത് ചെയ്യാനാണ് ?….

ഡബ്ലിനില്‍ മലയാളികള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുമ്പോള്‍ നാം എന്ത് ചെയ്യാനാണ് ?….

ഡബ്ലിന്‍:കഴിഞ്ഞ ദിവസവും താലയില്‍ നിന്നും ഒരു മലയാളി സുഹൃത്ത് വിളിച്ചു.പിസാ ഡലിവറിയ്ക്ക് പോയ വഴിയ്ക്ക് അദ്ദേഹത്തിന്റെ സുഹൃത്തിനെ അജ്ഞാതരായ രണ്ട് യുവാക്കള്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച് കയ്യില്‍ ഉണ്ടായിരുന്ന മൊബൈലും ,പണവും കൊണ്ട് പോയ പതിവ് കഥ തന്നെയായിരുന്നു സുഹൃത്തിനും പറയാനുണ്ടായിരുന്നത്.

ഇതിപ്പോള്‍ പതിവായിരിക്കുകയാണ്.പണ്ടൊക്കെ ഒരു മലയാളിയ്ക്ക് മര്‍ദ്ദനമേറ്റാല്‍ അതൊരു വാര്‍ത്തയായിരുന്നു.ഇപ്പോള്‍ അതൊരു വാര്‍ത്തയെ അല്ലാതായിരിക്കുന്ന വിധം പതിവ് വൃത്താന്തം മാത്രമായിരിക്കുന്നു.വഴിയില്‍ ,വാഹനത്തില്‍,സ്‌കൂള്‍ പരിസരങ്ങളില്‍ ഒക്കെ മലയാളി സഹോദരങ്ങള്‍ സാമൂഹ്യ വിരുദ്ധരുടെ മര്‍ദ്ദനത്തിനും ഭീഷണിപ്പെടുത്തലിനും ഇരയാവുന്നു.

താലയിലും ,ബ്ലാഞ്ചസ്‌ടൌണിലും നിന്നും മാത്രമല്ല ഡബ്ലിനിലെ മലയാളികള്‍ താമസിക്കുന്ന മിക്ക പ്രദേശങ്ങളില്‍ നിന്നും ഇത്തരം വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്.മുന്‍പെങ്ങും ഇല്ലാത്തവിധം മലയാളികള്‍ക്ക് നേരെ കഴിഞ്ഞ ഒരു വര്‍ഷമായി വംശീയ ആക്രമണം ഉണ്ടാകുന്നുവെന്ന് വേണം ഇതുവഴി മനസിലാക്കുവാന്‍.

നാച്ചുറലൈസേഷന്‍ നേടി ഐറിഷ് സമൂഹത്തിന്റെ ഭാഗമാകുന്നതിനൊപ്പം,വ്യാപാരമേഖലയിലടക്കംപ്രവേശിച്ച് ഒട്ടേറെ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്ന പ്രവാസി സമൂഹം ഇത്തരം സംഭവങ്ങളെ ആശങ്കയോടെയാണ് നോക്കി കാണുന്നത്. ഇന്ത്യന്‍ ജനസംഖ്യയോടൊപ്പം തന്നെ അയര്‍ലണ്ടില്‍ സാന്നിധ്യമുള്ള ചൈനക്കാര്‍ക്കോ ആഫ്രിക്കക്കാര്‍ക്കൊ നേരിടേണ്ടി വരുന്നതില്‍ കൂടുതല്‍ കൈയ്യേറ്റങ്ങള്‍ ഇന്ത്യാക്കാര്‍ക്ക് നേരിടേണ്ടിവരുന്നു.

സ്വര്‍ണകവര്‍ച്ചയില്‍ തുടങ്ങി പിടിച്ചുപറിയ്ക്കലുകളിലേയ്ക്കും ശാരീരികാക്രമണങ്ങളിലെയ്ക്കും ആക്രമണ സ്വഭാവം മാറിയിരിക്കുന്നു.ഡബ്ലിന്റെ വിവിധ ഭാഗങ്ങളിലായി പത്തോളം ഇന്ത്യന്‍ സ്ത്രീകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ആക്രമിക്കപ്പെട്ടു.ഇതില്‍ കൂടുതലും പണം തട്ടിയെടുക്കാനുള്ള ഉദ്ദേശ്യത്തോടെ ഉള്ളതായിരുന്നുവെങ്കില്‍ ഡോണിബ്രൂക്ക് ഗാര്‍ഡ സ്റ്റേഷന്പരിധിയില്‍ ഉണ്ടായ ഒരു സംഭവം ദല്‍ഹിയില്‍ ഉണ്ടായ മാനഭംഗ കേസിനെക്കാള്‍ മൃഗീയവും അയര്‍ലണ്ട് പോലൊരു രാജ്യത്തു നടക്കുമെന്ന് സങ്കല്‍പ്പിക്കാന്‍ കഴിയാത്തതുമായിരുന്നു.

താലയിലെ അക്രമണങ്ങളില്‍ പണം തട്ടാനുള്ള ശ്രമം മാത്രമല്ല നടക്കുന്നതെന്നത് ശ്രദ്ധേയമാണ്.വില കൂടിയ വാഹനത്തില്‍ സഞ്ചരിക്കുന്നവരും ,ഉയര്‍ന്ന ബ്രാണ്ടുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നവരും പോലും കൈയ്യേറ്റം ചെയ്യപ്പെടുന്നത് പണമോഹം കൊണ്ട് മാത്രമല്ല,സാമ്പത്തികമായും ബൗദ്ധികമായും ഒരു കുടിയേറ്റ ജനത തങ്ങളേക്കാള്‍ മേല്‍കൈ നേടുന്നു എന്ന വ്യര്‍ഥാഭിമാനത്തില്‍ നിന്ന് കൂടിയാണ് .

ഗാര്‍ഡാ ഫോഴ്‌സില്‍ നിന്നും കുടിയേറ്റക്കാര്‍ക്ക് യാതൊരു സംരക്ഷണവും,പിന്തുണയും ലഭിക്കുന്നില്ല എന്നത് പകല്‍ പോലെ സത്യം.ബ്ലാക്ക് റോക്കില്‍ ഒരു മലയാളിയുടെ വീട്ടില്‍നിന്നും സ്വര്‍ണ്ണം മോഷണം പോയതറിഞ്ഞു വന്ന ഗാര്‍ഡയുടെ ഉപദേശം ഇന്ത്യാക്കാര്‍ അയര്‍ലണ്ടില്‍ സ്വര്‍ണ്ണം ഉപയോഗിക്കരുത് എന്നായിരുന്നു.താലയിലെ ആക്രമണങ്ങളെക്കുറിച്ച് പരാതിയുമായി ചെന്ന മലയാളി യുവാക്കളോട് ഗാര്‍ഡ പറഞ്ഞത് ജോലിയ്ക്ക് പോകുമ്പോള്‍ നിങ്ങള്‍ ഒറ്റയ്ക്ക് പോകരുത്,രണ്ടു പേരെങ്കിലും ചേര്‍ന്ന് പോകണമെന്നാണ്.

രാഷ്ട്രീയ നേതൃത്വമാവട്ടെ ഇങ്ങനെ ഒരു ജനത ഇവിടെ ജീവിക്കുന്നുവെന്ന് പോലും പരിഗണിക്കാത്തവരാണ്.

കുഴപ്പം നമ്മുടെതാണ്.ഇന്ത്യാക്കാരുടെ.എത്ര പീഡനം സഹിക്കേണ്ടി വന്നാലും അതിനെതിരെ പ്രതീകരിക്കാനോ ഒരു പരാതി പോലും നല്‍കാനോ പ്രവാസി സമൂഹം തയ്യാറാവുന്നില്ല എന്നതാണ് ആക്രമണങ്ങള്‍ തുടരാന്‍ ഒന്നാമത്തെകാരണം.ശാരീരികമായി തിരിച്ചടിയ്ക്കുന്നത് ബുദ്ധിപരമല്ലെങ്കിലും ഗാര്‍ഡയിലും ഇന്ത്യന്‍ എംബസിയിലും ആക്രമണവിവരം റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും പലരും മടിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

അതിലുപരി ഒരു സമൂഹമെന്ന നിലയില്‍ അയര്‍ലണ്ടിലെ മലയാളി സമൂഹം മുന്നേറെണ്ട സമയമാണിപ്പോള്‍.ഇന്ത്യാക്കാരുടെ ജീവനും സ്വത്തിനും ഈ രാജ്യത്ത് ഭീഷണിയുണ്ടെന്ന് അധികാരികളെ അറിയിക്കേണ്ട സമയം.

അയര്‍ലണ്ടിലെ ലോക്കല്‍ ഇലക്ഷന്‍ മെയ് 23 ന് നടക്കുകയാണ്.അയര്‍ലണ്ടിലുള്ള പ്രായപൂര്‍ത്തിയായ മുഴുവന്‍ ഇന്ത്യാക്കാര്‍ക്കും വോട്ടവകാശമുള്ള തിരഞ്ഞെടുപ്പാണത്(പൗരത്വം വേണമെന്നില്ല ).യൂറോപ്യന്‍ യൂണിയന്‍ പാര്‍ലിമെന്റ് ഇലക്ഷനും അന്ന് തന്നെ നടക്കും.ഡബ്ലിനില്‍ മാത്രം പൗരത്വമുള്ള നാലായിരത്തോളം മലയാളി വോട്ടര്‍മാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഇലക്ഷനിലും വോട്ടു ചെയ്യാം.

മലയാളിയ്ക്ക് അയര്‍ലണ്ടില്‍ ഒരു ഐഡന്‍ഡിറ്റി ഉണ്ടെന്ന് നമ്മെ അവഗണിക്കുന്ന ഐറിഷ് രാഷ്ട്രീയ പാര്‍ട്ടികളെയും,സര്‍ക്കാര്‍ സംവിധാനത്തെയും നേരിട്ടറിയിക്കാനുള്ള അവസരമായി ഈ തിരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്തിയാല്‍ നമുക്ക് സാധിക്കും.നമുക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ദേശീയ മാധ്യമങ്ങള്‍ വഴി പൊതു സമൂഹത്തെ അറിയിക്കാനുള്ള ഒരു അവസരമാവും അത്.അതിലുപരി നാം മലയാളികള്‍ ഈ രാജ്യത്തെ നിയമ നിര്‍മ്മാണ രംഗത്ത് അണി ചേരാനുള്ള അവസരവും ആവുമത്.നമുക്ക് വേണ്ടി നിയമനിര്‍മ്മാണം നടത്തേണ്ടതിന് നാം തന്നെ മുന്നിട്ടിറങ്ങുന്നില്ലെങ്കില്‍ ആര് അത് ചെയ്യും?ഭരണ സംവിധാനത്തെ കുറ്റം പറഞ്ഞിരുന്നിട്ട് കാര്യമൊന്നുമില്ല.

ഡബ്ലിനിലെ ഓരോ വാര്‍ഡിലും ഗണ്യമായ വോട്ടര്‍മാര്‍ മലയാളി സമൂഹത്തിന് ഉണ്ട്.ഫിംഗല്‍ കൌണ്‍സിലിലെ സ്വോര്‍ഡ്‌സ് പോലെയുള്ള വാര്‍ഡുകളില്‍ മലയാളികള്‍ ഒത്തുപിടിച്ചാല്‍ ഒരു സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനുള്ള സാധ്യത പോലുമുണ്ട്.ഫിലിപ്പിനോ,ആഫ്രിക്കന്‍ തുടങ്ങിയ സമാന പ്രശ്‌നങ്ങളുള്ള സമൂഹങ്ങളുടെ പിന്തുണ മാത്രം നേടാനായാല്‍ ബ്ലാഞ്ചസ് ടൌണ്‍,ലൂക്കന്‍,താല,ഫിസ്ബറോ മേഖലകളിലും ഒരു കൈ നോക്കാവുന്നതാണ് കഴിഞ്ഞ ലോക്കല്‍ തിരഞ്ഞെടുപ്പില്‍ വെറും 250 മലയാളികള്‍ മാത്രമുള്ള താല വാര്‍ഡില്‍ മത്സരിച്ച മലയാളിയായ ഏക സ്ഥാനാര്‍ത്ഥിക്ക് 900 ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകള്‍ ലഭിച്ചത് മലയാളിയുടെ മാത്രം വോട്ടു ലഭിച്ചത് കൊണ്ടല്ലെന്നോര്‍ക്കണം.

മറുനാട്ടിലും രാഷ്ട്രീയത്തില്‍ തിളങ്ങുന്നവരാണ് നമ്മുടെ നാട്ടുകാര്‍.ഐറിഷ് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു സുവര്‍ണ്ണാവസരമാണിത്

അടുത്ത മാസം 23 ന് നടക്കാനിരിക്കുന്ന ലോക്കല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണം കെട്ടിവയ്‌ക്കേണ്ടത് പോലുമില്ല. 15 പേരുടെ പിന്തുണ തനിക്കുണ്ടെന്ന് നോമിനേഷന്‍ പേപ്പറില്‍ തെളിയിക്കുന്ന ആര്‍ക്കും ഡെപ്പോസിറ്റ് തുകയില്ലാതെ മത്സരിക്കാനുള്ള അവസരമുണ്ട്.

ഡബ്ലിന്‍ മേഖലയിലെ മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ള ശേഷി മലയാളി സമൂഹത്തിനുണ്ട്.അയര്‍ലണ്ടില്‍ താമസക്കാരായ 18 വയസ് തികഞ്ഞ ആര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാം.മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഐറിഷ് പൌരത്വം വേണമെന്നില്ല. അതുകൊണ്ട് തന്നെ അയര്‍ലണ്ടില്‍ പഠിക്കാന്‍ വന്ന വിദ്യാര്‍ഥികള്‍ക്ക് വരെ തെരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കാം.

ഏപ്രില്‍ 26 ന് രാവിലെ 10 മണി മുതല്‍ മെയ് 3 ന് ഉച്ചക്ക് പന്ത്രണ്ട് മണി വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ അവസരമുണ്ട്. അതാത് കൌണ്ടികളിലെ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കാണ് പത്രിക നല്‌കേണ്ടത്. ലോക്കല്‍ സിറ്റി അല്ലെങ്കില്‍ കൌണ്ടി മാനേജര്‍മാരുടെ ഓഫീസില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അപേക്ഷ ഫോം ലഭ്യമാണ്.

സ്വതന്ത്രനായാണ് മത്സരിക്കുന്നതെങ്കില്‍ നിങ്ങള്‍ മത്സരിക്കുന്ന കൌണ്ടിയിലെ പതിനഞ്ച് പേരുടെ പിന്തുണ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. നിങ്ങള്‍ പത്രിക സമര്‍പ്പിച്ച് ഒരു മണിക്കൂറിനകം അത് റിട്ടേണിംഗ് ഓഫീസര്‍ സ്വീകരിച്ചോ എന്ന് അറിയാനാകും.

ഏറ്റവും ശക്തമായ ആയുധം നമ്മുടെ വോട്ടവകാശമാണ്.ഇനി വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കിലും അത് ചേര്‍ക്കാനുള്ള സമയമുണ്ട്.മെയ് 6 വരെ.മലയാളികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാംസ്‌കാരിക മത സംഘടനകള്‍ക്ക് അതിനുള്ള നേതൃത്വം എടുക്കാവുന്നതെയുള്ളൂ. മെയ് 6 ന് മുന്‍പ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും മെയ് 23 ന്റെ ലോക്കല്‍ തിരഞ്ഞെടുപ്പില്‍ അയര്‍ലണ്ടിലെമ്പാടും പരമാവധി വാര്‍ഡുകളില്‍ മത്സരിക്കാനും മലയാളി സമൂഹം തയാറെടുക്കേണ്ട സമയമാണിത്. ഓരോ വാര്‍ഡുകളിലും സ്വന്തം സ്ഥാനാര്‍ഥിക്ക് മാത്രമല്ല മറ്റു സ്ഥാനാര്‍ഥികള്‍ക്കും ഇഷ്ട്ടക്രമത്തില്‍ വോട്ടു ചെയ്യാന്‍ ആവുമെന്നതിനാല്‍ മറ്റുള്ളവര്‍ക്ക് നെഗറ്റീവ് വോട്ടു ചെയ്യാതിരിക്കാന്‍ അവര്‍ ശ്രമിക്കുമെന്ന് ഉറപ്പാണ്.അതായത് വോട്ടു രേഖപ്പെടുത്തുമ്പോള്‍ നമ്മുടെ സ്ഥാനാര്‍ഥിക്ക് മാത്രമല്ല നമുക്ക് വേണ്ടാത്തവരെ ജയിപ്പിക്കാതിരിക്കാനും ഇവിടുത്തെ വോട്ടിംഗില്‍ സംവിധാനമുണ്ട്.അതുകൊണ്ട് തന്നെ മലയാളികള്‍ ഒരു സംഘമായി നിന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നമ്മെ അവഗണിക്കാനാവില്ല.

ഇനി വീണ്ടു ഒരു ഇലക്ഷന്‍ വരാന്‍ അഞ്ചു വര്‍ഷം കൂടിയെടുക്കും.നാം മലയാളികള്‍ ഉണര്‍ന്നെണീറ്റ് ഇവിടെ ജീവിക്കാനുള്ള നമ്മുടെ അവകാശത്തിനു വേണ്ടി പൊരുതിയില്ലെങ്കില്‍ നമുക്കെതിരെയുള്ള വെല്ലുവിളികള്‍ വര്‍ദ്ധിക്കുക തന്നെ ചെയ്യും.പൊതു സമൂഹത്തോട് ചേരാതെ നമ്മള്‍ ഒറ്റപ്പെടുന്ന അവസ്ഥയാവും വരാന്‍ പോകുന്നത്.’ഞാനും എന്റെ ഭാര്യയും സ്വര്‍ണ്ണപണിക്കാരനും’എന്ന പഴങ്കഥയിലെ കഥാപാത്രങ്ങളായി ‘ജോലിയും കാശും മാത്രം ശരണം’എന്ന് വിചാരിച്ച് ഇനി മുന്നോട്ടു പോയാല്‍ ഇപ്പോള്‍ റോഡില്‍ കൂടി നടന്ന് പോകുമ്പോള്‍ മാത്രം അക്രമിക്കപ്പെടുന്നതിനു പകരം നമ്മുടെ വീട്ടു മുറ്റങ്ങളില്‍ ഇന്നലെ താലയിലെ കുടിയേറ്റക്കാരന്റെ വീട്ടു മുറ്റത്ത് വന്നു വീണപോലെ ബോംബുകള്‍ വന്നു വീഴാം.തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ്.ഇപ്പോഴും സമയമുണ്ട്.

-റെജി സി ജേക്കബ് 

 

Scroll To Top