Saturday October 20, 2018
Latest Updates

ഡബ്ലിനില്‍ മലയാളികളടക്കം 17 കുടുംബങ്ങള്‍ പെരുവഴിയിലേക്ക്, കുത്തക കമ്പനികള്‍ പണി തുടങ്ങി…വാടകക്കാരോട് അടിയന്തരമായി ഒഴിവാക്കണമെന്ന് വള്‍ച്ചര്‍ ഫണ്ടുകള്‍,ജനകീയ പ്രതിഷേധം ശക്തമാകുന്നു

ഡബ്ലിനില്‍ മലയാളികളടക്കം 17 കുടുംബങ്ങള്‍ പെരുവഴിയിലേക്ക്, കുത്തക കമ്പനികള്‍ പണി തുടങ്ങി…വാടകക്കാരോട് അടിയന്തരമായി ഒഴിവാക്കണമെന്ന് വള്‍ച്ചര്‍ ഫണ്ടുകള്‍,ജനകീയ പ്രതിഷേധം ശക്തമാകുന്നു

ഡണ്‍ലേരി: വാടക വീടുകള്‍ ഒഴിവായി കൊടുക്കാന്‍ ആവശ്യപ്പെട്ട കുത്തക വള്‍ച്ചര്‍ ഫണ്ടുകള്‍ക്കെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു.

‘ഞങ്ങള്‍ പൊരുതാന്‍ തീരുമാനിച്ചിറങ്ങിയത് തന്നെയാണ്.ഈ പോരാട്ടം അയര്‍ലണ്ടിലെ പതിനായിരക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് വേണ്ടിയുള്ള സമരം കൂടിയാണ്.വിട്ടുകൊടുക്കാനില്ല…,സാമൂഹ്യ നീതിയ്ക്ക് വേണ്ടിയുള്ള സമരമാണിത്.ഡബ്ലിന്‍ ഡണ്‍ലേരിയിലെ സെന്റ് ഹെലന്‍സ് കോര്‍ട്ടിലെ സമരമുഖത്ത് നിന്നും രാജേഷ് മാടായില്‍ എന്ന ഇന്ത്യന്‍ എയര്‍ഫോഴ്സിലെ മുന്‍ ഉദ്യോഗസ്ഥന്‍ ‘ഐറിഷ് മലയാളി’യോട് പറഞ്ഞത് ഒരു യുദ്ധ കാഹളം പോലെയാണ്.

ഡണ്‍ലേരിയിലെ മൂന്നു മലയാളി കുടുംബങ്ങളടക്കം വാടകയ്ക്കു കഴിയുന്ന 17 കുടുംബങ്ങളെ കടപുഴക്കി മാറ്റി വീടു വിട്ടുപോകാന്‍ നോട്ടീസ് നല്‍കിയ ആഗോളക്കുത്തക കമ്പനികളുടെ മനുഷ്യത്വരഹിതമായ തീരുമാനത്തിനെതിരെ പട നയിക്കുന്നവരില്‍ മുമ്പിലാണ് രാജേഷും ഇപ്പോള്‍.

‘ഭവനരഹിതരുടെ ഗണത്തിലേക്ക് തള്ളി വിടാനാണ് കമ്പനികളുടെ നീക്കം.താമസ സ്ഥലത്ത് നിന്ന് മാറിയാല്‍ പകരം ഒരു വീട് കിട്ടാനില്ല.സൗത്ത് ഡബ്ലിനില്‍,പ്രത്യേകിച്ചും ഡണ്‍ലേരി,ബ്‌ളാക്ക് റോക്ക്,സ്റ്റില്ലോര്‍ഗന്‍ മേഖലകളില്‍.പിന്നെ എങ്ങോട്ട് മാറണമെന്നാണ് ഇവര്‍ പറയുന്നത്.സമീപ പ്രദേശങ്ങളിലാണ് ഞങ്ങളുടെ ജോലിസ്ഥലങ്ങള്‍,ഞങ്ങളുടെ കുട്ടികളുടെ സ്‌കൂളുകള്‍…പകരം ഒരു വീട് കിട്ടിയിട്ട് വേണ്ടേ മാറാന്‍?’രാജേഷ് ചോദിക്കുന്നു.

അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റ്, ഡച്ച് ബാങ്ക് എന്നി അന്താരാഷ്ട്ര വള്‍ച്ചര്‍ ഫണ്ടുകളുടെ ഉടമസ്ഥതയിലുള്ള സെന്റ് ഹെലന്‍സ് കോര്‍ട്ടില്‍ താമസിക്കുന്നവരോടാണ് ഒഴിഞ്ഞുതരണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്നത്.പിഡബ്‌ള്യൂ സി എന്ന റിസീവര്‍ ഫേമാണ് കമ്പനികള്‍ക്ക് വേണ്ടി,വാടകക്കാര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്.

നവീകരണത്തിന്റെ പേരിലാണ് മാറണമെന്ന് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ കുത്തകകകളുടെ അടവുനയമാണെന്നു വാടകക്കാര്‍ പറയുന്നു.ഫ്ളോറിംഗും ഫയര്‍ സിസ്റ്റം അപ്ഗ്രേഡ് ചെയ്യുന്നതുമുള്‍പ്പടെ ഒമ്പത് കാര്യങ്ങള്‍ നവീകരിക്കണമെന്നാണ് റിസീവര്‍ നല്‍കിയ കത്തില്‍ പറയുന്നത്. എന്നാല്‍ നവീകരണം പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും വേണമെങ്കില്‍ ഇപ്പോഴത്തെ താമസക്കാര്‍ക്ക് തന്നെ വാടകയ്ക്കെടുക്കാമെന്നും കമ്പനി പറയുന്നു.വാടകക്കാര്‍ പക്ഷേ , ഇത് വിശ്വസിക്കുന്നില്ല.

‘പെരുവഴിയിലാകുമെന്ന സമ്മര്‍ദത്തിലാക്കി വാടക കുത്തനെ ഉയര്‍ത്താനുള്ള നീക്കമാണ് ഇത് .അല്ലെങ്കില്‍ വാടകക്കാരെ ഒഴിവാക്കിയ ശേഷം വില്‍പ്പനയാവണം കമ്പനിയുടെ ലക്ഷ്യം’.രാജേഷ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം,വാടകനിയന്ത്രണ നിയമം പ്രാബല്യത്തില്‍ വരുന്നതിന് രണ്ടു ദിവസം മാത്രം മുമ്പ് വാടക ഗണ്യമായി വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ നീക്കം നടത്തിയിരുന്നു.അത് നടന്നില്ല. ‘1050 യൂറോ പ്രതിമാസ വാടകയുള്ള ഞങ്ങളുടെ വാടക 1650 ആയാണ് വര്‍ദ്ധിപ്പിച്ചത്.പിആര്‍ടിബിയില്‍ സംയുക്തമായും വെവ്വേറെയും പരാതികള്‍ നല്‍കിയതോടെ കമ്പനി അന്ന് വര്‍ദ്ധനവ് വേണ്ടെന്ന് വെച്ചു’രാജേഷ് വെളിപ്പെടുത്തി.വാടകയില്‍ വര്‍ഷത്തില്‍ നാല് ശതമാനം വര്‍ധന മാത്രമേ വരുത്താന്‍ പാടുള്ളുവെന്നാണ് നിലവിലുള്ള നിയമം.

’40 മുതല്‍ 90 ശതമാനം വരെ വര്‍ധനയാണ് കഴിഞ്ഞ വര്‍ഷം ഉയര്‍ത്താന്‍ കമ്പനികള്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ നിയമം നടപ്പിലായതോടെ അതിനു കഴിഞ്ഞില്ല. അതിനാല്‍ പുറത്തുപോകേണ്ടി വരുന്ന സാഹചര്യം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തി ഉയര്‍ന്ന വാടക ഈടാക്കാനാവുമെന്നും കമ്പനികള്‍ ഇപ്പോള്‍ കരുതുന്നുണ്ടാവും. രാജ്യത്തെ വീട് കിട്ടാനില്ലാത്ത സാഹചര്യവും നിയമത്തിലെ പഴുതുകളുമാണ് കുത്തകകള്‍ ആയുധമാക്കുന്നത്.’

‘സിംഗിള്‍ റൂം അപ്പാര്‍ട്ട്മെന്റിന് 1000യൂറോയാണ് ഇവിടുത്തെ കുറഞ്ഞ വാടക.’ഒഴിഞ്ഞു പോകാന്‍ അഞ്ചാഴ്ചത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.. എവിടെയും വീട് കിട്ടാനില്ല.ഞങ്ങള്‍ എങ്ങോട്ടുപോകും’ സെന്റ് ഹെലന്‌സ് കോര്‍ട്ടിലെ ഓരോ വാടകക്കാരനും ആശങ്കയുടെ മുള്‍മുനയിലായപ്പോഴാണ് രാജേഷിന്റെയും കൂടി നേതൃത്വത്തില്‍ ചെറുത്ത് നില്‍പ്പിന്റെ യുദ്ധം ആരംഭിച്ചത്.

സെന്റ് ഹെലന്‍സ് കോര്‍ട്ടില്‍ ഒഴിപ്പിക്കല്‍ നടപടി പാടില്ലെന്ന് ആവശ്യപ്പെട്ട് നാലായിരത്തഞ്ഞൂറോളം പേരുടെ പിന്തുണയുമായി ഭീമഹര്‍ജി ,ഭവന മന്ത്രി ഓവന്‍ മര്‍ഫിയ്ക്ക് സമര്‍പ്പിച്ചപ്പോള്‍ അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ പുതിയ ഒരു അധ്യായമാണ് തുറന്നത്.ഭവന പ്രതിസന്ധിയുടെ പേരില്‍ ഉയരുന്ന സംയുക്ത നീക്കത്തിന്റെ ശംഖുനാദമാണത്.

ഇന്ന് അയര്‍ലണ്ടിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായിരിക്കുന്ന ആ പ്രതിരോധത്തിന് വേണ്ട പടക്കോപ്പുകള്‍ ഒരുക്കാനുള്ള നിയോഗം രാജേഷ്  രാജേഷ് മാടായില്‍ എന്ന മണ്ണാര്‍ക്കാടുകാരന്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു. വാടകകൂട്ടാതിരിക്കാനുള്ള തന്ത്രങ്ങള്‍ മെനയാനും ,ഉടമകള്‍ ഉയര്‍ത്തുന്ന വാദമുഖങ്ങള്‍ തെറ്റാണെന്ന് സമര്‍ഥിക്കാനുമുള്ള ഒരു പഠനം തന്നെ രാജേഷ് നടത്തി.അതിന്റെ ഫലമായി കൂടിയാണ് ആദ്യഘട്ടത്തില്‍ വാടക വര്‍ദ്ധിപ്പിക്കാനാവാതെ കുത്തകകള്‍ തോറ്റു തൊപ്പിയിട്ടത്.അവിടം കൊണ്ട് പക്ഷേ തീരുന്നില്ല…ഒഴിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ് ഇപ്പോള്‍ മാനേജ്മെന്റ്.

‘ഡബ്ലിന്‍ മേഖലയില്‍ 25 ശതമാനമാണ് കുടിയേറ്റക്കാര്‍.നഗരത്തില്‍ ആകെയുള്ള പതിനൊന്ന് ലക്ഷത്തില്‍ രണ്ടരലക്ഷത്തില്‍ അധികം.ഇവരില്‍ അധികവും ഇപ്പോഴും വാടക വീടുകളിലാണ് താമസിക്കുന്നത്. അതുകൊണ്ട് തന്നെ കുടിയേറ്റക്കാരാണ് വാടക വര്‍ദ്ധനവിലും ,ഒഴിപ്പിക്കലിലും പ്രശ്‌നമനുഭവിക്കുന്നത്. മലയാളികളിലാവട്ടെ 90 ശതമാനവും വാടക വീടുകളെയാണ് ആശ്രയിക്കുന്നത്.

‘കിട്ടുന്ന ശമ്പളത്തിന്റെ 50 ശതമാനത്തോളം വാടകയ്ക്ക് വേണ്ടി നീക്കി വെച്ചാലും, സുരക്ഷിതത്വമില്ലാതെ, വീട്ടുടമയുടെ മുമ്പില്‍ ഭയഭക്തി ബഹുമാനത്തോടെ നില്‍ക്കേണ്ടി വരുന്ന പാവപ്പെട്ട കുടിയേറ്റക്കാരന്റെ ദുരിതത്തിന് ആരാണ് ഉത്തരവാദി?പൗരന്റെ ജീവനും സ്വത്തിനും ഉത്തരവാദിത്വവും ,സംരക്ഷണവും തരേണ്ട സര്‍ക്കാരാണോ ?അതോ നിയമത്തിന്റെ ദുര്‍ബലപ്പെട്ട കണ്ണികളിട്ട് ,സ്വന്തമായി വീടില്ലാത്തവനെ വരിഞ്ഞു മുറുക്കുന്ന ഉടമസ്ഥ സംഘമോ?അതോ അവര്‍ക്ക് കൂട്ട് നില്‍ക്കുന്ന എസ്റ്റേറ്റ് ഏജന്റുമാരും,മാധ്യമ-രാഷ്ടീയ സിണ്ടിക്കേറ്റുമാണോ ?’

ഇവിടെ ജീവിക്കാനാണ് വന്നതെങ്കില്‍ നാം പൊരുതി നിന്നേ തീരു.അതിനുള്ള വഴികള്‍ കണ്ടെത്തിയേ തീരു.രാജേഷ് മാടയില്‍ പറയുന്നത് അതാണ്.’കുടിയേറ്റക്കാര്‍ ഒറ്റക്കെട്ടായി നിന്നാല്‍ മാത്രം മതി.മലയാളി സമൂഹത്തിന് അതിന് വേണ്ടി വലിയൊരു പങ്ക് വഹിക്കാനാവും’.

പ്രതിസന്ധി അതിജീവിക്കാനുള്ള വഴി നാം കണ്ടെത്തി കഴിഞ്ഞാല്‍ ആര്‍ക്കും നമ്മുടെ മുമ്പില്‍ തര്‍ക്കിച്ചു നില്‍ക്കാനാവില്ല.വാടക വര്‍ദ്ധനവിനെ എതിര്‍ത്ത് തോല്‍പ്പിക്കാനുള്ള ആര്‍ജവം ഉണ്ടാവണം.അന്യായമായി ഒരു ഒഴിപ്പിക്കല്‍ നോട്ടീസ് കിട്ടിയാലും അതിനെതിരെ പൊരുതുക തന്നെ വേണം. അറുപത് ശതമാനത്തോളം വാടക ഒറ്റയടിക്ക് കൂട്ടിയ മാനേജ്‌മെന്റിന്റെ തന്ത്രങ്ങളെ തോല്‍പ്പിച്ച പരിചയത്തില്‍ രാജേഷ് പറഞ്ഞു.(തുടരും)

(നാളെ:ഡബ്ലിനിലെ മലയാളിയുടെ കണക്കുകള്‍ക്ക് മുമ്പില്‍ വാടക കൂട്ടാനാകാതെ തോറ്റു മടങ്ങിയ കുത്തകകള്‍! )

റെജി സി ജേക്കബ് 

Scroll To Top