Tuesday February 21, 2017
Latest Updates

ഡബ്ലിനില്‍ മദ്യപാനിയായ യുവാവിന്റെ ‘കുടി ‘ കോടതി വിലക്കി !

ഡബ്ലിനില്‍ മദ്യപാനിയായ യുവാവിന്റെ ‘കുടി ‘ കോടതി വിലക്കി !

ഡബ്ലിന്‍ : മദ്യപിക്കുന്നതൊക്കെ കൊള്ളം.പക്ഷെ കള്ള് കുടിച്ചശേഷം മറ്റുള്ളവരുടെ സ്വസ്ഥത കളയാനൊരുങ്ങിയാല്‍ ഡബ്ലിനിലെ ഫെര്‍ഗല്‍ റൈലിയ്ക്ക് കിട്ടിയ പണി കിട്ടും. അമിതമദ്യപാനവും അയല്‍പക്കക്കാര്‍ക്ക് ശല്യമാവുന്ന തരത്തിലുള്ള തെറിപ്രയോഗവുംകാരണം , കോടതി ഇടപെട്ട് ഒരു വര്‍ഷത്തേക്ക് ആളുടെ കുടി നിര്‍ത്തിയിരിക്കുകയാണിപ്പോള്‍ .
.
ഒരു കുഞ്ഞിന്റെ അച്ഛന്‍ കൂടിയായ 32കാരന്‍ ഫെര്‍ഗല്‍ റൈലിയാണ് കുടിച്ച് ലക്കുകെട്ട് നാട്ടുകാര്‍ക്ക് മൊത്തം ശല്യമായത്.
രണ്ടുമാസത്തെ ശിക്ഷയാണ് ആദ്യം ജഡ്ജ് അലന്‍ മിച്ചല്‍ വിധിച്ചത്. പിന്നീടിത് ആറുമാസമാക്കി മാറ്റി. മാത്രമല്ല, ഫെര്‍ഗലിന് ഇനി പന്ത്രണ്ടുമാസക്കാലം ഡബ്ലിനിലെ ഒരു പബ്ബുകളിലും കേറാനുള്ള അനുമതിയുമില്ല.

ഫെര്‍ഗല്‍ മീത്തിലെ നവനില്‍ ഡബ്ലിന്‍ റോഡിലെ ലിമകിലിന്‍ ഹാളിലാണ് താമസിക്കുന്നത്. അമിതമദ്യപാനവും മോശപ്പെട്ട രീതിയിലുള്ള സംസാരവും ആരോപിച്ച് ഇയാളെ കഴിഞ്ഞ ദിവസം സ്വോര്‍ഡ് ഡിസ്ട്രിക്ട് കോടതിക്കുമുന്‍പാകെ ഹാജരാക്കി.
കഴിഞ്ഞ സെപ്തംബര്‍ 20ന് രാത്രി 2മണിക്ക് ശേഷമാണ് സ്വോര്‍ഡിലെ കാസ്റ്റ്ല്‍ ഗ്രേഞ്ചില്‍ വച്ച് സംഭവം നടന്നത്. എന്നാല്‍ കാസ്റ്റ്ല്‍ഗ്രേഞ്ചില്‍ താമസിക്കുന്ന മദ്യപിച്ച ഒരാളെ ഫെര്‍ഗല്‍ നിര്‍ബന്ധിച്ച് ഇതുവഴി കൊണ്ടുവരികയായിരുന്നുവെന്നാണ് ഗാര്‍ഡ ഓഫീസര്‍ അലന്‍ മക്ഗ്രാത്ത് പറയുന്നത്.
ഈ സമയം റൈലി വളരെ അധികമായി മദ്യപിച്ചിരുന്നുവെന്നും അയല്‍ക്കാരെ ചീത്തവിളിച്ചുകൊണ്ടാണ് നടന്നതെന്നും മക്ഗ്രാത്ത് പറഞ്ഞു. ആ പ്രദേശത്തുള്ള പല വീടുകളുടെയും മുന്‍വാതിലുകളില്‍ ആഞ്ഞടിച്ച് ബഹളം ഉണ്ടാക്കിക്കൊണ്ട് നാട്ടുകാരെ ശല്യം ചെയ്തതായും മക്ഗ്രാത്ത് കൂട്ടിച്ചേര്‍ത്തു.
ഇതിനു മുന്‍പ് 64 പിടിച്ചുപറി മോഷണ കേസുകളില്‍ ഫെര്‍ഗില്‍ പ്രതിയായിരുന്നതായി കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇയാള്‍ ഹെറോയിന്‍ മയക്കുമരുന്നിന് അടിമയാണെന്ന് വക്കീല്‍ കോടതിയെ അറിയിച്ചു.
സിസ്റ്റിക് ഫൈബ്രോസിസ് രോഗിയായി പിറന്നുവീണ മകളെക്കുറിച്ച് ഓര്‍ത്ത് ദുഖം താങ്ങാനാവാതെയാണ് ഇയാള്‍ മയക്കുമരുന്നിലേക്ക് തിരിഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. തൊഴില്‍ രഹിതനായ ഫെര്‍ഗല്‍ തന്റെ കാമുകിക്കൊപ്പം അവരുടെ വീട്ടിലാണ് കഴിയുന്നത്. സംഭവദിവസവും ഫെര്‍ഗല്‍ വളരെയധികം മദ്യപിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അന്നേ ദിവസം രാത്രി താന്‍ ഒരു വീടിന്റെ മുന്നില്‍ വച്ച് ഒരു ബലാല്‍സംഗം നടക്കുന്നതായി കണ്ടെന്നും അത് സ്വസ്ഥത കവര്‍ന്നെടുത്ത ശേഷമാണ് ആളെ തിരഞ്ഞിറങ്ങിയതെന്നും ഫെര്‍ഗല്‍ പറയുന്നു. കണ്ടകാര്യം അയാളെ കൂടുതല്‍ രോഷാകുലനാക്കുകയാണ് ചെയ്തത്.
അയാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് കോടതി ശ്രമിക്കുന്നതെന്ന് ജഡ്ജ് വ്യക്തമാക്കി. ശിക്ഷാകാലം അയാള്‍ നിരീക്ഷണത്തിലായിരിക്കുമെന്നും ജഡ്ജ് പറഞ്ഞു. 12 മാസത്തേക്കാണ് ഡബ്ലിന്‍ പബ്ബുകളില്‍ ഇയാള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

Scroll To Top