Monday October 22, 2018
Latest Updates

ഡബ്ലിനില്‍ ഫിലിപ്പിനോ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയയാള്‍ ഗാര്‍ഡയുടെ വെടിയേറ്റ് മരിച്ചു,പെണ്‍കുട്ടിയെ ഇനിയും കണ്ടെത്താനായില്ല,ആശങ്കയോടെ ഫിലിപ്പിനോ സമൂഹം 

ഡബ്ലിനില്‍ ഫിലിപ്പിനോ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയയാള്‍ ഗാര്‍ഡയുടെ വെടിയേറ്റ് മരിച്ചു,പെണ്‍കുട്ടിയെ ഇനിയും കണ്ടെത്താനായില്ല,ആശങ്കയോടെ ഫിലിപ്പിനോ സമൂഹം 

ഡബ്ലിന്‍:ഡബ്ലിന്‍ എന്നിസ്‌കറിയില്‍ ഫിലിപ്പിനോ യുവതിയെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനിടയില്‍ യുവതിയെ തട്ടിക്കൊണ്ടു പോയയാള്‍ ഗാര്‍ഡയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറിന്റെ ഉടമസ്ഥനാണ് വെടിയേറ്റ് മരിച്ചത്.

എന്നിസ്‌കരിയില്‍ മൂന്നു വര്‍ഷങ്ങളായി താമസിക്കുന്ന ഫിലിപ്പിനോ ദമ്പതികളുടെ 24 കാരിയായ മകള്‍ ജെസ്റ്റീനെ വാല്‍ഡസിനെയാണ് ശനിയാഴ്ച വൈകിട്ട് കറുത്ത ക്വഷിഖി കാറിലെത്തിയ അക്രമി തട്ടിക്കൊണ്ടു പോയത്.വീട്ടിലേയ്ക്ക് നടന്നു പോയ പെണ്‍ക്കുട്ടിയെ അതിവേഗം പാഞ്ഞെത്തിയ കാറില്‍ നിന്നും ഒരാള്‍ ഇറങ്ങി തട്ടിക്കൊണ്ടു പോകുന്നത് താല ഡിഐറ്റിയിലെ വിദ്യാര്‍ത്ഥിനിയായ ജെസ്റ്റീനെയെ കില്‍ക്രോണി റോഡില്‍ പവര്‍സ്‌കോട്ടിന് സമീപത്തു നിന്നും തട്ടിക്കൊണ്ടു പോകുന്നത് മറ്റൊരു കുടുംബത്തിലെ ഏതാനം പേര്‍ നേരിട്ട് കണ്ടിരുന്നു.അവര്‍ ഗാര്‍ഡയെ വിവരം അറിയിച്ചപ്പോള്‍ തന്നെ ഗാര്‍ഡ അന്വേഷണം ആരംഭിച്ചിരുന്നു.

നിലവിളിച്ചു ഭയാശങ്കകളോടെ ഒരു പെണ്‍കുട്ടിയെ,എന്‍ 11 ല്‍ വെച്ച് ഒരു കറുത്ത കാറില്‍ കണ്ടെന്ന് അല്പസമയത്തിനുള്ളില്‍ മറ്റൊരാളും ഫോണ്‍ ചെയത് ഗാര്‍ഡയെ അറിയിച്ചിരുന്നു.രാത്രി 11 മണിയോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഗാര്‍ഡായില്‍ പരാതിയുമായി എത്തിയതോടെ പ്രത്യേക സ്‌ക്വഡ് രൂപവത്കരിച്ച് തന്നെ ഗാര്‍ഡ അന്വേഷണം ആരംഭിച്ചു.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സ്ഥലത്തിന് സമീപത്തു നിന്നും അവളുടെ ബാഗും മൊബൈല്‍ ഫോണും അടക്കമുള്ള സാധനങ്ങള്‍ ഗാര്‍ഡ കണ്ടെടുത്തിട്ടുണ്ട്.

മാതാപിതാക്കളുമായി സദാ ഫോണിലോ,സോഷ്യല്‍ മീഡിയയിലോ കൂടി ബന്ധം പുലര്‍ത്തികൊണ്ടിരിന്ന ജെസ്റ്റീനെ അകൗണ്ടന്‍സിയ്ക്ക് പഠിക്കുന്നതിനിടയില്‍ ബ്രേയിലെ ഒരു ഷോപ്പില്‍ പാര്‍ട് ടൈമായി ജോലി ചെയ്യുന്നുണ്ടായിരുന്നു.ജോലി കഴിഞ്ഞു ബസില്‍ വീടിനടുത്തുള്ള ബസ് സ്റ്റോപ്പില്‍ ഇറങ്ങിയ ജെസ്റ്റീനെയെ വീട്ടിലേയ്ക്ക് നടന്നു പോകുന്നതിനിടയിലാണ് തട്ടിക്കൊണ്ടു പോയത്.

ജെസ്റ്റിനയെ തട്ടിക്കൊണ്ടു പോയെന്നു സംശയിക്കുന്നയാളുടെ കാര്‍ ഇന്നലെ ചെറിവുഡ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് സമീപം വെച്ച് കണ്ടെത്തിയ ഗാര്‍ഡ കാര്‍ വളഞ്ഞു ഇയാളെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കത്തിയുമായി ഇയാള്‍ ഗാര്‍ഡയെ ആക്രമിച്ചു പ്രതിരോധിക്കുന്നതിനിടെ ഗാര്‍ഡ സ്വയം രക്ഷാര്‍ത്ഥം വെടി വെയ്ക്കുകയായിരുന്നു.സംഭവസ്ഥലത്തു തന്നെ ഇയാള്‍ മരിച്ചുവീണു.

രണ്ടു മക്കളുടെ പിതാവായ മാര്‍ക്ക് ഹെന്നസി എന്ന 40 വയസുകാരനാണ് വെടിയേറ്റ് മരിച്ചത്.ചുറ്റിക്കറങ്ങാന്‍ പോവുകയാണെന്ന് പറഞ്ഞു വീട്ടില്‍ നിന്നും ശനിയാഴ്ച വൈകിട്ട് ഇറങ്ങിയ ഇയാളുടെ നീക്കങ്ങള്‍ ഗാര്‍ഡ നിരീക്ഷിച്ചു വരികയായിരുന്നു.കുപ്രസിദ്ധമായ ബാലിബ്രാക്കില്‍ നിന്നുള്ള ഇയാള്‍ കുറേക്കാലമായി ബ്രേയിലാണ് താമസിക്കുന്നത്.

ബില്‍ഡിംഗ് കോണ്‍ട്രാക്റ്ററായ ഇയാള്‍ക്ക് പെണ്‍കുട്ടിയുമായി യാതൊരു മുന്‍ പരിചയവും ഇല്ലെന്നാണ് ഗാര്‍ഡ മനസിലാക്കുന്നത്.

ഡബ്ലിന്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് നേരെ,പ്രത്യേകിച്ചും വിദ്യാര്‍ത്ഥികളായ വിദേശിയ യുവതികള്‍ക്ക് നേരെ അക്രമം കൂടി വരുന്നതായി വിവിധ എംബസികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇന്ത്യന്‍ എംബസിയും കഴിഞ്ഞ മാസം മുതല്‍ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജെസ്റ്റീനയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.ഇന്നലെ വെടിയേറ്റ് മരിച്ചയാളുടെ കാറില്‍ പെണ്‍കുട്ടി ഇല്ലായിരുന്നു.ജെസ്റ്റീനയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വിവരം അറിയിക്കണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.

ജെസ്റ്റിനെയെ കാണാതായ സംഭവത്തില്‍ അയര്‍ലണ്ടിലെ ഫിലിപ്പീനോ സമൂഹം സര്‍ക്കാരിനെ ആശങ്ക അറിയിച്ചു കഴിഞ്ഞു.ഫിലിപ്പീനോ സമൂഹത്തിലെ നിരവധി പേര്‍ ഇന്നലെ ജെസ്റ്റീനയുടെ വീട്ടിലെത്തിയിരുന്നു.പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനുള്ള പ്രാര്‍ത്ഥന തുടരുന്നതിനിടെ സ്വന്തമായ രീതിയിലും കമ്യൂണിറ്റി അംഗങ്ങള്‍ തിരച്ചില്‍ നടത്തുന്നുണ്ട്.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top