Wednesday February 22, 2017
Latest Updates

ഡബ്ലിനില്‍ കുടിയേറ്റക്കാരനായ കൗമാരക്കാരന് ക്രൂര മര്‍ദ്ദനം ;57 തവണ കുത്തി പരിക്കേല്‍പ്പിച്ച ശേഷം മരിച്ചെന്നു കരുതി ഉപേക്ഷിച്ചു

ഡബ്ലിനില്‍ കുടിയേറ്റക്കാരനായ കൗമാരക്കാരന് ക്രൂര മര്‍ദ്ദനം ;57 തവണ കുത്തി പരിക്കേല്‍പ്പിച്ച ശേഷം മരിച്ചെന്നു കരുതി ഉപേക്ഷിച്ചു

ഡബ്ലിന്‍:അയര്‍ലണ്ടില്‍ കുടിയേറ്റക്കാരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന വംശവെറി രൂക്ഷമാകുന്നു എന്നതിന് തെളിവുമായി ആരെയും ഞെട്ടിപ്പിക്കുന്ന മറ്റൊരു വംശീയ ആക്രമണം കൂടി ഡബ്ലിനില്‍ നിന്നും ഇന്നലെ പുറത്തു വന്നു. . സെന്റ് പാട്രിക്‌സ് ദിനത്തില്‍ മുസ്ലീം യുവാവിനെ തട്ടിയെടുത്ത് ഗുരുതരമായി കുത്തി പരുക്കേല്‍പ്പിച്ചു. ആദം ലബാസനോവ് എന്ന 19 കാരനാണ് ക്രൂര മര്‍ദ്ദനമേറ്റത്. സെന്റ് പാട്രിക്‌സ് ദിനത്തില്‍ ആദമിനെ ഒരു സംഘം ആളുകള്‍ യാതൊരു കാരണവുമില്ലാതെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചശേഷം മരിച്ചെന്ന് കരുതി കടന്നു കളയുകയായിരുന്നു. മര്‍ദ്ദനത്തിനിടയില്‍ ആദാമിന് 57 തവണ കുത്തേറ്റു. സ്‌ക്രൂ ഡ്രൈവര്‍ കൊണ്ടാണ് കുത്തി പരുക്കേല്‍പ്പിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടാനച്ഛനൊപ്പം കൌണ്ടി വിക്ലോയിലെ ഒരു ഫാമില്‍ ജോലിക്ക് പോകുമ്പോഴാണ് ആദമിനെ ഒരുസംഘം ആളുകള്‍ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിയോടെയായിരുന്നു സംഭവം. . ഒരു മിനി കൂപ്പര്‍ വാഹനത്തിലാണ് അക്രമികള്‍ ആദമിനെ തട്ടിക്കൊണ്ടു പോയത്. ചെച്‌നിയന്‍ വംശജനാണ് ആദം എന്നറിഞ്ഞതോടെ ലിംഗ പരിശോധനയിലൂടെ ആദം മുസ്ലീമാണെന്ന് മനസിലാക്കുകയും തുടര്‍ന്ന് ക്രൂരമര്‍ദ്ദനം അഴിച്ചു വിടുകയുമായിരുന്നു. ആദത്തിന്റെ ജനനേന്ദ്രിയത്തിലും മര്‍ദ്ദിച്ചു പരുക്കേല്‍പ്പിച്ചു. ഇതിനിടയില്‍ ആദത്തെ ഫോണ്‍ വിളിച്ച മാതാവ് റൈസയോട് അക്രമിസംഘം, ആദം കൊല്ലപ്പെട്ടുവെന്ന് പറഞ്ഞു.

രണ്ടാനച്ഛന്‍ അലിഖാന്‍ ആകട്ടെ ഇതിനിടെ ജീവഭയം മൂലം മറ്റൊരു വഴിയ്ക്ക് ഓടി രക്ഷപെട്ടിരുന്നു.

സൌത്ത് ഡബ്ലിനില്‍ താലയിലെ ബൊഹര്‍നബ്രീന റോഡില്‍ വച്ചാണ് വംശ വെറിയന്‍മാര്‍ ആദത്തെ മര്‍ദ്ദിച്ചു മൃതപ്രായനാക്കിയത്. ആദമോ രണ്ടാനച്ഛന്‍ അലിഖാനോ നേരത്തെ ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ എര്‍പ്പെട്ടതായി തെളിവില്ല. അതുകൊണ്ട് തന്നെ സെന്റ് പാട്രിക് ദിനത്തില്‍ നടന്ന ക്രൂരമര്‍ദ്ദനം കരുതികൂട്ടിയുള്ള വംശീയ ആക്രമണമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവം അന്വേഷിച്ചു വരുന്നതായി ഗാര്‍ഡായി അധികൃതര്‍ അറിയിച്ചു. അതേസമയം ആക്രമണം വംശീയ വിദ്വേഷം മൂലമാണെന്ന്
തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് ഗാര്‍ഡാ അധികൃതരുടെ നിലപാട്.


ഗാര്‍ഡാ എന്ന വ്യാജേനെയാണ് അലിഖാനെയും ആദമിനെയും അക്രമി സംഘം തടഞ്ഞു നിര്‍ത്തിയത്. എന്നാല്‍ തങ്ങളെ തടഞ്ഞവര്‍ ഗാര്‍ഡാ അല്ലെന്ന് വ്യക്തമായതോടെഇരുവരും ഓടിരക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ ആദാമിന് അക്രമിസംഘത്തിന്റെ കയ്യില്‍ നിന്ന് രക്ഷപെടാന്‍ സാധിച്ചില്ല. അക്രമിസംഘം പിടികൂടിയ ആദമിനെ ബലമായി വാഹനത്തില്‍ കയറ്റി ബൊഹര്‍നബ്രീനില്‍ എത്തിച്ച് മര്‍ദ്ദിക്കുകയായിരുന്നു. വാഹനത്തില്‍ വച്ച് തന്നെ മര്‍ദ്ദനം തുടങ്ങിയതായി ആദം പറഞ്ഞു. മുസ്ലീമാണെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് മര്‍ദ്ദനം രൂക്ഷമായത്. ഒടുവില്‍ മര്‍ദ്ദനം സഹിക്കാനാകാതെ ആദം മരിച്ചതായി ഭാവിച്ച് തറയില്‍ കിടന്നു. ഇതോടെ അക്രമിസംഘം ആദത്തെ ഉപേക്ഷിച്ച ശേഷം രക്ഷപെടുകയായിരുന്നു.മരിച്ചെന്ന വിചാരത്താല്‍ അവര്‍ ആദമിന്റെ ദേഹത്തേയ്ക്ക് മണ്ണും കരിയിലയും വാരിയിട്ട ശേഷമാണ് പോയത്.

അക്രമികള്‍ ഓടിപോയത്തോടെ റോഡിലൂടെ നഗ്‌നനായി നടന്ന ആദത്തെ ഇയാള്‍ ജോലി ചെയ്യുന്ന ഫാമിന്റെ ഉടമയെത്തിയാണ് രക്ഷപ്പെടുത്തിയത്.വസ്ത്രങ്ങള്‍ അക്രമി സംഘം ഊരിയെടുത്തിരുന്നു.ഗാര്‍ഡയും ,മെഡിക്കല്‍ സംഘവും,ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.

ചെച്‌നിയയില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായതിനെ തുടര്‍ന്ന് 2005 ലാണ് ആദത്തിന്റെ കുടുംബം അയര്‍ലണ്ടിലേക്ക് കുടിയേറിയത്.പൂര്‍ണ്ണമായും അഭയാര്‍ഥി സ്റ്റാറ്റസില്‍ ഉള്ള കുടുംബമാണ് ആദാമിന്റെത്

ആദത്തിന്റെ മൊബൈല്‍ ഫോണും മോഷ്ടിച്ചെടുത്താണ് അക്രമിസംഘം രക്ഷപെട്ടത്. താലയില്‍ നിന്ന് മോഷ്ടിച്ച വാഹനത്തിലാണ് ആദത്തെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് വ്യക്തമാക്കി. അയര്‍ലണ്ടില്‍ മുസ്ലീങ്ങള്‍ക്കെതിരായ വംശീയ ആക്രമണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഒരു പറ്റം വര്‍ഗീയ വാദികളുടെ വംശവെറി മൂലം മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് അയര്‍ലണ്ടില്‍ ജീവിക്കാനാകാത്ത സാഹചര്യമാണ് സംജ്ജാതമാകുന്നതെന്നാണ് ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്

Scroll To Top