Tuesday February 28, 2017
Latest Updates

ഡബ്ലിനില്‍ ഇന്ത്യാക്കാര്‍ക്കെതിരെയും ആക്രമണം:നഗരം സാമൂഹ്യ വിരുദ്ധരുടെ താവളമാവുന്നു

ഡബ്ലിനില്‍ ഇന്ത്യാക്കാര്‍ക്കെതിരെയും ആക്രമണം:നഗരം സാമൂഹ്യ വിരുദ്ധരുടെ താവളമാവുന്നു

ഡബ്ലിന്‍ :ഡബ്ലിന്‍ നഗരത്തില്‍ വര്‍ദ്ധിച്ചു വരുന്ന സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടത്തില്‍ ഇന്ത്യക്കാര്‍ക്കെതിരെയും അക്രമണം .കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടയില്‍ രണ്ട് ഉത്തരേന്ത്യക്കാര്‍ക്ക് മാരകമായ മര്‍ദ്ധനമേറ്റു .

നഗരത്തിലെ സെന്റ് വിന്‍സന്റ്റ്‌സ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ജോലി ചെയ്യുന്ന വനിതാ ഡോക്റ്റര്‍ക്ക് നേരെ അക്രമികള്‍ കയ്യേറ്റം നടത്തിയത് കഴിഞ്ഞ വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ്.ആറു മണിയോടെ ജോലിയ്ക്കായി നടന്ന് വരികയായിരുന്ന ഡോക്ടറെ ആശുപത്രിക്ക് സമീപം വെച്ചു തന്നെയാണ് അജ്ഞാതസംഘം തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്.പുലര്‍ച്ചെയായതു കൊണ്ട് സംഭവം മറ്റാരുടെയും ശ്രദ്ധയില്‍ പെട്ടില്ലെന്ന് പറയപ്പെടുന്നു.
ഗാര്‍ഡയെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ സ്ഥലത്തെത്തുമ്പോഴെയ്ക്കും യുവതി അവശനിലയിലായിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട നിലയില്‍ പരിക്കുകളോടെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. പെട്ടന്നുള്ള ആക്രമണത്തില്‍ തകര്‍ന്നു പോയ ഡോക്റ്റര്‍ ,സാധാരണ നിലയിലേയ്ക്ക് മടങ്ങിവന്നു കൊണ്ടിരിക്കുന്നതെയുള്ളൂ .
ഈ സംഭവത്തിന് ഒരാഴ്ച്ച മുന്‍പ് ഇതേ പ്രദേശത്തു വെച്ചു തന്നെ ഡബ്ലിന്‍ ബിസനസ് കോളജില്‍ വിദ്യാര്‍ഥിയായ ഡല്‍ഹി സ്വദേശിയായ 20 വയസുകാരനെ അജ്ഞാത സംഘം വീട് കയ്യേറി അക്രമിച്ചിരുന്നു.
ഒരു ദിവസം വൈകിട്ട് ഒരു സംഘം ആള്‍ക്കാര്‍ എത്തി കാരണമൊന്നുമില്ലാതെ തന്നെ മര്‍ദ്ദിച്ചവശനാക്കുകയായിരുന്നു എന്നാണു യുവാവ് പറഞ്ഞത്. .സമീപവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഗാര്‍ഡ എത്തി ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു..വുഡ് വൈന്‍ പോസ്റ്റ് ഓഫിസിനു സമീപമുള്ള വീട്ടില്‍ താമസിച്ചിരുന്ന ഇയാളെ ആളുമാറി മര്‍ദ്ദിച്ചതായിരിക്കാം എന്നാണു ഗാര്‍ഡയുടെ നിഗമനം
ഇയാളുടെ യാതൊരു വിവരവും ലഭ്യമാവാതിരുന്നത് ഇന്ത്യയിലെ കുടുംബാംഗങ്ങളിലും ആശങ്ക ഉളവാക്കി.ഡബ്ലിനില്‍ കാര്യമായ സുഹൃത്തുക്കള്‍ ഇല്ലാതിരുന്ന യുവാവിനെ ഒരാഴ്ച്ചയോളം ബന്ധപ്പെടാനാവാത്തതിനാല്‍ കുടുംബാംഗങ്ങള്‍ കില്‍ക്കനിയിലുള്ള മലയാളി സുഹൃത്ത് മുഖേനെ ഡബ്ലിനില്‍ അന്വേഷണം നടത്തി ഇയാളെ കണ്ടെത്തുകയായിരുന്നു.

തലയ്ക്കും ,പല്ലിനും ,കണ്ണിനും സാരമായ പരിക്കുകളേറ്റ യുവാവ് ഭയചകിതനായി ,ആരോടും ബന്ധപ്പെടാതെ റൂമില്‍ കഴിയുകയായിരുന്നു, തുടര്‍ന്നു ഇന്ത്യയില്‍ നിന്നും കുടുംബാംഗങ്ങള്‍ അയച്ചുകൊടുത്ത വിമാന ടിക്കറ്റ് ഉപയോഗിച്ച് ഇന്ത്യയിലേയ്ക്ക് ഇയാള്‍ തിരിച്ചുപോയി.

കരുതികൂട്ടിയുള്ള ആക്രമണങ്ങള്‍ അല്ലെങ്കിലും ഇത്തരം സംഭവങ്ങള്‍ മൂടിവെയ്ക്കാന്‍ അധികൃതരും ഐറിഷ് മാധ്യമങ്ങളും ശ്രമിക്കുന്നത് ഒരു പതിവായിട്ടുണ്ട്.അക്രമണത്തിനിരയായവരുടെ സ്വകാര്യത സംരക്ഷിക്കാനുള്ള ഉദ്ദേശ്യവും ,മറ്റുരാജ്യക്കാര്‍ അയര്‍ലണ്ടില്‍ ആക്രമിക്കപ്പെട്ടു എന്ന പ്രചരണം ഒഴിവാക്കുകയും ചെയ്യാനാണ് ഇവരുടെ ശ്രമം.ഡബ്ലിനില്‍ വെച്ചു രണ്ടു മാസം മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ അമേരിക്കന്‍ മലയാളി യുവതി മരണപ്പെട്ട സംഭവത്തിലും അധികൃതര്‍ ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നത്.

ഡബ്ലിനില്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആക്രമണങ്ങള്‍ തന്നെ ഡസന്‍ കണക്കിനാണ്.പണത്തിനും വംശീയ വൈരാഗ്യങ്ങള്‍ തീര്‍ക്കാനുമായാണ് ഇത്തരം ആക്രമണങ്ങളില്‍ ഏറെയും.മയക്കു മരുന്ന് ലോബിയുമായി ബന്ധപ്പെട്ട ആക്രമണങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ട്.

പരിഷ്‌കൃത സമൂഹത്തിനു വിശ്വസിക്കാന്‍ പോലും ആവാത്തവിധമുള്ള പീഡനമുറകളോടെ സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടുന്നത് അയര്‍ലണ്ടിലെ പ്രവാസികള്‍ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.സര്‍ക്കാര്‍ പോലും നിഷ്‌ക്രീയരായി നില്‍ക്കുമ്പോള്‍ സ്വയരക്ഷയ്ക്കുള്ള ജാഗരൂകത കാത്തു സൂക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവാസികള്‍

Scroll To Top