Saturday February 25, 2017
Latest Updates

ഡബ്ലിനിലെ സ്റ്റുഡന്റ് നഴ്‌സുമാര്‍ വീണ്ടും സമര രംഗത്ത്

ഡബ്ലിനിലെ സ്റ്റുഡന്റ് നഴ്‌സുമാര്‍ വീണ്ടും സമര രംഗത്ത്

ഡബ്ലിന്‍: ഡബ്ലിനിലെ സ്റ്റുഡന്റ് നഴ്‌സുമാര്‍ സമര രംഗത്ത്. മിനിമം വേതനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നഴ്‌സുമാര്‍ സമര രംഗത്ത് ഇറങ്ങിയത്. ഇന്നലെ ഡബ്ലിനിലെ ഡോ. സ്റ്റീവന്‍സ് ആശുപത്രിയുടെ മുന്നിലായിരുന്നു സമരം. നിലവില്‍ 6.49 യൂറോയാണ് സ്റ്റുഡന്റ് നഴ്‌സുമാരുടെ മിനിമം വേതനം. ഇത് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നഴ്‌സുമാര്‍ പ്രക്ഷോഭ രംഗത്ത് ഇറങ്ങിയത്. മണിക്കൂറില്‍ 6.49 യൂറോ വേതനത്തിന് ആഴ്ചയില്‍ 40 മണിക്കൂറാണ് സ്റ്റുഡന്റ് നഴ്‌സുമാര്‍ ജോലി ചെയ്യുന്നത്.

തുടര്‍ന്ന് ഇവര്‍ ഡിഗ്രീ പൂര്‍ത്തിയാക്കുമ്പോള്‍ ഗ്രാജുവേറ്റ് പ്രോഗ്രാമില്‍ ചേരാന്‍ അനുമതി ലഭിക്കും. ഇതോടെ ആദ്യത്തെ വര്‍ഷം 22,000 യൂറോ വേതനം ലഭിക്കും. അതേസമയം ആഴ്ചയില്‍ 20 മണിക്കൂര്‍ വീതം പബില്‍ ജോലി ചെയ്താല്‍ ഇതില്‍ക്കൂടുതല്‍ വേതനം ലഭിക്കുമെന്ന് നഴ്‌സുമാര്‍ പറയുന്നു.

അതിനാല്‍ തങ്ങള്‍ക്കും മാന്യമായ വേതനം നല്‍കണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം. കൂടാതെ അവധിയില്ലാതെ ആഴ്ചകളോളം ജോലി ചെയ്യേണ്ടി വരുന്നതായും നഴ്‌സുമാര്‍ പരാതിപ്പെട്ടു. താന്‍ പത്ത് ആഴ്ചയോളം ഒരു ദിവസം പോലും അവധിയില്ലാതെ ജോലി ചെയ്തതായി സമരത്തില്‍ പങ്കെടുത്ത ഒരു നഴ്‌സ് പറഞ്ഞു.

തങ്ങള്‍ക്ക് ലഭിക്കുന്ന വേതനം ഫീസ് അടയ്കാന്‍ പോലും തികയില്ലെന്നാണ് നഴ്‌സുമാരുടെ പരാതി. പലരും ഫീസ് അടയ്ക്കുന്നതിനായി പബിലും മറ്റും ജോലി ചെയ്താണ് പഠന ചെലവിന് പണം കണ്ടെത്തുന്നത്. മറ്റ് ചിലര്‍ തങ്ങള്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ ക്ലീനിംഗ് ജോലി കൂടി ചെയ്താണ് പഠനാവശങ്ങള്‍ക്ക് പണം കണ്ടെത്തുന്നത്. യൂണിയന്‍ ഓഫ് സ്റ്റുഡന്റ്‌സ് അയര്‍ലണ്ടിന്റെ നേതൃത്വത്തിലാണ് നഴ്‌സുമാര്‍ സമര രംഗത്ത് ഇറങ്ങിയത്

Scroll To Top