Wednesday September 26, 2018
Latest Updates

അയര്‍ലണ്ടിലെ വാടക ചരിത്രത്തിലെ റിക്കോര്‍ഡ് നിരക്കിലേയ്ക്ക്,ക്ഷണിച്ചു വരുത്തിയ വിദ്യര്‍ഥികള്‍ക്കും വീടുകള്‍ കിട്ടുന്നില്ല

അയര്‍ലണ്ടിലെ വാടക ചരിത്രത്തിലെ റിക്കോര്‍ഡ് നിരക്കിലേയ്ക്ക്,ക്ഷണിച്ചു വരുത്തിയ വിദ്യര്‍ഥികള്‍ക്കും വീടുകള്‍ കിട്ടുന്നില്ല

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലേയ്ക്ക് വാടക കുതിച്ചുയരുന്ന വേളയിലും വീടുകള്‍ കിട്ടാനില്ല.സ്‌കൂളുകളും കോളജുകളുമടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന സെപ്തംബര്‍ മാസത്തെ ഈ ഭവനപ്രതിസന്ധി വിദ്യാര്‍ഥികളേയും അവരുടെ രക്ഷിതാക്കളേയും ഏറെ വലയ്ക്കുന്നതാണ്.

സാധാരണനിലയില്‍ വാടക വിപണിയില്‍ ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടേണ്ട മാസങ്ങളാണ് ഓഗസ്റ്റും സെപ്തംബറും.ഏറ്റവും കൂടുതല്‍ ഭവനങ്ങള്‍ വിപണിയില്‍ വരുന്നതും,ഇടപാടുകള്‍ നടക്കുന്നതും ഇക്കാലത്താണ്.എന്നാല്‍ ഇക്കുറി അത് സംഭവിച്ചിട്ടില്ല.ഏറ്റവും കുറച്ച് വീടുകള്‍ മാത്രമാണ് എത്തിയിട്ടുള്ളത്.2020ഓടെ ഡബ്ലിനില്‍ മാത്രം വിദ്യാര്‍ഥികള്‍ക്കായി നൂറുകണക്കിന് ബെഡുകള്‍ വേണ്ടി വരുമെന്നാണ് കണക്ക്.വിദേശ വിദ്യാര്‍ഥികളെ പഠനത്തിനായി വിളിച്ചു വരുത്തിയ ശേഷം താമസ സൗകര്യം കൊടുക്കാനാവാത്ത സ്ഥിതിയാണ് സംജാതമാവുന്നത്,

ലിവിംഗ് സര്‍ട്ടിഫിക്കറ്റ് പൂര്‍ത്തിയാക്കി നഗരങ്ങളിലേക്ക് ചേക്കേറുന്ന വിദ്യാര്‍ഥികള്‍ക്കും താമസസൗകര്യം ഒരുക്കേണ്ടതായി വരും.ഇവരില്‍ സിംഹഭാഗവും ഡബ്ലിന്‍,കോര്‍ക്ക്.ഗോള്‍വേ എന്നിവിടങ്ങളിലായിരിക്കും താമസസൗകര്യം തേടുക.അതിനാല്‍ ഈ പ്രശ്നങ്ങളില്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടലുണ്ടാകണമെന്ന് യുസിഡി പ്രസിഡണ്ട് ,ട്രിനിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ പ്രതിനിധി കാറ്റീ ആസ്‌കോയും പ്സ്താവനയില്‍ പറഞ്ഞു.
അതേസമയം,വാടകയുടെ നിരക്ക് റെക്കോഡ് തലത്തിലെത്തി നില്‍ക്കുമ്പോഴാണ് വീടുകള്‍ ലഭ്യമാകാത്ത സ്ഥിതിയെന്നതും സാഹചര്യം പ്രക്ഷുബ്ധമാക്കുന്നതാണ്.

ഇതിനിടെ ഭവനരഹിതരായി തെരുവില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം 3000 ആയി ഉയര്‍ന്നതും പ്രതിസന്ധ രൂക്ഷമാക്കുന്നു.ഇവരില്‍ 1800 കുട്ടികള്‍ സെപ്തംബറില്‍ പ്രൈമറി -സെക്കന്‍ഡറി ക്ലാസുകളിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന അവസരത്തിലാണ് ഇതെന്നത് വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് ഭവന രഹിതരുടെ സംഘടനയുടെ അഡ്വക്കെസി മാനേജര്‍ റൗഗാന്‍ മക് നമാര പറയുന്നു.ഇത് കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കും.ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ ഉപയോഗിക്കുകയെന്നതല്ലാതെ മറ്റ് മാര്‍ഗമൊന്നും പ്രശ്നപരിഹാരത്തിനായി അവശേഷിക്കുന്നില്ലെന്നും നമാര ചൂണ്ടിക്കാട്ടുന്നു.

ഓഗസ്റ്റ് ഒന്നില്‍ ലഭ്യമാക്കിയ ഡാഫ്ട് കണക്ക് പ്രകാരം 2930 പ്രോപ്പര്‍ട്ടികളാണ് അയര്‍ലണ്ടില്‍ വാടകയ്ക്ക് നല്‍കുന്നതിനായി ലഭ്യമായത്. ഈ കുറവ് ചരിത്രകാല റെക്കോഡാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.2006ലാണ് ഇതിനു മുമ്പ് ഇങ്ങനെയൊരു സ്ഥിതിയുണ്ടായത്. അന്ന് മൂവായിരം വീടുകളാണ് വാടകയ്ക്ക് ലഭ്യമാക്കാനായത്.

ഡബ്ലിനിലാണ് വീടുകള്‍ക്ക് ഏറ്റവും ദൗര്‍ലഭ്യം ഇവിടെ 1100 വീടുകള്‍ മാത്രമാണ് വാടകക്കാര്‍ക്കായി കിട്ടിയിരിക്കുന്നത്.2014ല്‍പ്പോലും 2000 വീടുകള്‍ വാടകയ്ക്ക് ലഭിച്ചിരുന്നു.അതേസമയം ഡബ്ലിനിലെ വാടകനിരക്കില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.ആദ്യത്തെ ആറ് മാസത്തിനുള്ളില്‍ത്തന്നെ വാടക 12.3% കൂടിയതായാണ് റിപോര്‍ട്ട്.2008ലെ ഏറ്റവും ഉയര്‍ന്ന വാടകനിരക്കിനേക്കാള്‍ 18% കൂടുതലാണ് ഇപ്പോഴത്തെ നിരക്ക്.അല്‍പ്പം കൂടി വ്യക്തമായി പറഞ്ഞാല്‍ ഓരോമാസവും വാടകയിനത്തില്‍ അഡീഷണലായി 260യൂറോ കൂടുതലായി വരുന്നു.

തലസ്ഥാനത്തിനു പുറത്തെ നഗരങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.രാജ്യത്താകെ മാനം വാടകയില്‍ 11.8% വര്‍ധനവാണ് ഉള്ളത്.ദേശീയ തലത്തിലെ ഏറ്റവും കുറഞ്ഞ വാടക പ്രതിമാസ വാടക 1159 യൂറോയാണ്.ഡബ്ലിനിലെ വാടക 1707യൂറോയും കോര്‍ക്കില്‍ 1122(6.8%),ഗോള്‍വെ 1026(10.0%),ലിമെറിക്-919(10.8%),വാട്ടര്‍ഫോര്‍ഡ്-772(8.4%)രാജ്യത്തെ ബാക്കി ഭാഗത്ത്-825(11.8%) എന്നിങ്ങനെയാണ് വാടകയും വര്‍ധനയുടെ ശതമാനവും.

അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ടു ഭവന പ്രശ്‌നത്തില്‍ പരിഹാരം ഉണ്ടാക്കണമെന്ന നിലപാടിലാണ് ഡബ്ലിന്‍ ടെനന്റ്‌സ് അസോസിയേഷന്‍ അടക്കം ഭവനരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍.

Scroll To Top