Thursday November 15, 2018
Latest Updates

ഡബ്ലിനിലെ ലിഡിലും,സെന്‍ട്രയും കൊള്ളയടിച്ചത് കുടിയേറ്റക്കാരായ യുവാക്കള്‍,ഗാര്‍ഡയ്ക്കെതിരെ അസഭ്യവര്‍ഷവുമായി കോടതിയിലും

ഡബ്ലിനിലെ ലിഡിലും,സെന്‍ട്രയും കൊള്ളയടിച്ചത് കുടിയേറ്റക്കാരായ യുവാക്കള്‍,ഗാര്‍ഡയ്ക്കെതിരെ അസഭ്യവര്‍ഷവുമായി കോടതിയിലും

ഡബ്ലിന്‍:ഡബ്ലിന്‍ വെസ്റ്റിലെ ലിഡില്‍,സെന്‍ട്ര സ്റ്റോറുകളില്‍ നടത്തിയ മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയ ഒന്‍പതു പേരില്‍ ഒരാള്‍ ഗാര്‍ഡയെ കോടതിയില്‍ നേരിട്ടത് അസഭ്യവര്‍ഷവുമായി.

കേസുമായി ബന്ധപ്പെട്ട് ജഡ്ജ് ഒ കോണറുടെ മുമ്പില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രതികളുമായി എത്തിയപ്പോഴാണ് സെന്‍ട്ര സ്റ്റോറിലെ മോഷണത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ഡേവിഡ് ബെര്‍ണേ എന്നയാളാണ് , ഗാര്‍ഡയ്‌ക്കെതിരെ പൂരപ്പാട്ടുയര്‍ത്തിയത്.

തങ്ങള്‍ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ വേണ്ടവിധം പരിശോധിക്കാതെയുമാണ് അറസ്റ്റ് നടത്തിയിരിക്കുന്നതെന്നും ബെര്‍ണേ ആരോപിച്ചു.എന്നാല്‍ കൃത്യമായ തെളിവുകളോടെയാണ് അറസ്റ്റ് നടത്തിയതെന്ന് ഗാര്‍ഡ വ്യക്തമാക്കി.

ജോണ്‍ ഡോയല്‍, മുഹമ്മദ് സ്ന്യൂ എന്നിവരെയും ബെര്‍ണയോടൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ട്. മാരകായുധങ്ങളുമായി കവര്‍ച്ച നടത്തി എന്നാണ് മുഹമ്മദിന്റെ മേല്‍ ഗാര്‍ഡ ചാര്‍ജ് ചെയ്തിരിക്കുന്നത്. ഗാര്‍ഡ എത്തുമ്പോള്‍ ആയുധങ്ങളുമായി അക്രമം നടത്തിക്കൊണ്ടിരുന്ന മുഹമ്മദിനെ ഗാര്‍ഡായും കൂടെ ഉണ്ടായിരുന്നവരും ചേര്‍ന്ന് കീഴ് പ്പെടുത്തിയാണ് അറസ്റ്റ് ചെയ്തതെന്നു ഗാര്‍ഡ ജെന്നിങ്സ് പറഞ്ഞു. അറസ്റ്റിലായവരില്‍ പാക്കിസ്ഥാന്‍,കെനിയ,ലിത്വാനിയ,റൊമേനിയ എന്നി രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുമുണ്ട്.

വേണ്ടത്ര പണവും,താമസിക്കാന്‍ സ്ഥലവും ലഭിക്കാത്തതിനാലാണ് സെന്‍ട്രയില്‍ മോഷണത്തിന് ശ്രമിച്ചതെന്ന് മുഹമ്മദ് പോലീസിനോട് പറഞ്ഞിരുന്നു. അയര്‍ലണ്ടില്‍ പഠിക്കാനെത്തിയ വിദ്യാര്‍ഥിയായ മുഹമ്മദ് വലിയ വരുമാനം ഇല്ലാത്തയാളാണെന്നു കോടതിക്കും ബോധ്യപ്പെട്ടു . എന്നാല്‍ ജാമ്യത്തില്‍ വിട്ടാല്‍ സമാനമായ കുറ്റകൃത്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുമെന്ന ഗാര്‍ഡയുടെ അഭിപ്രായത്തെ തുടര്‍ന്ന് ഇയാളെ ക്ലവര്‍ഹില്‍ ജയിലില്‍ റിമാന്‍ഡ് തടവിനയച്ചു.സെന്‍ട്രല്‍ നിന്നും ആയിരകണക്കിന് യൂറോയുടെ വസ്തുക്കള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

ലിഡിലില്‍ നടന്ന മോഷണത്തിന് അറസ്റ്റ് ചെയ്ത ആറുപേരെയും ജാമ്യത്തില്‍ വിട്ടു.പിടി കൂടിയവരൊക്കെ എഴുപത് യൂറോയില്‍ താഴെ മാത്രം വസ്തുവകകളാണ് മോഷ്ടിച്ചതെന്നാണ് ഗാര്‍ഡ ആരോപിച്ചിരിക്കുന്നത്.എല്‍ സിഡി ലൈറ്റുകള്‍, ചെരുപ്പുകള്‍, തിരിക്കാലുകള്‍,മറ്റു ഗ്രോസറി ഇനങ്ങള്‍ എന്നിവയൊക്കെയാണ് അറസ്റ്റിലായവരില്‍ നിന്നും പിടിച്ചെടുത്ത മോഷണവസ്തുക്കളുടെ ലിസ്റ്റ്.എന്നാല്‍ മദ്യവും,വിലകൂടിയ ഉപകരണങ്ങളും അടക്കം മോഷ്ടിച്ചവരെ ആരെയും അറസ്റ്റു ചെയ്യാന്‍ ഇതേ വരെ സാധിച്ചിട്ടില്ല.അവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. റിമാന്‍ഡ് ചെയ്തവരെ ഈ മാസം അവസാനം വീണ്ടും കോടതിയില്‍ ഹാജരാക്കണമെന്നു കോടതി ഗാര്‍ഡയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top