Monday October 22, 2018
Latest Updates

ഡബ്ലിനിലെ ഫിലിപ്പിനോ യുവതിയെ കൊലപ്പെടുത്തിയ ഹെന്നസി കൊടും കുറ്റവാളി?മറ്റു കൊലപാതകങ്ങളും ബലാത്സംഗങ്ങളും അന്വേഷിക്കാനൊരുങ്ങി ഗാര്‍ഡ

ഡബ്ലിനിലെ ഫിലിപ്പിനോ യുവതിയെ കൊലപ്പെടുത്തിയ ഹെന്നസി കൊടും കുറ്റവാളി?മറ്റു കൊലപാതകങ്ങളും ബലാത്സംഗങ്ങളും അന്വേഷിക്കാനൊരുങ്ങി ഗാര്‍ഡ

ഡബ്ലിന്‍:ഡബ്ലിനിലെ ചെറിവുഡ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഗാര്‍ഡയുടെ വെടിയേറ്റ് മരിച്ച മാര്‍ക്ക് ഹെന്നസിയ്ക്ക് മറ്റേതെങ്കിലും കൊലപാതകങ്ങളുമായോ,ബലാത്സംഗങ്ങളുമായോ ബന്ധമുണ്ടോ എന്ന സംശയമുയരുന്നു.ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചതായി ഗാര്‍ഡ സ്ഥിരീകരിച്ചു.ഒരു കൊടും കുറ്റവാളിയുടെ പ്രകൃതങ്ങളെല്ലാം 5.9 അടി ഉയരമുള്ള ആരോഗ്യദൃഢഗാത്രനായ ഹെന്നസിക്ക് ഉണ്ടെന്നാണ് ഗാര്‍ഡ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

അയര്‍ലണ്ടില്‍ കാണാതാവുകയോ,കൊല്ലപ്പെടുകയോ ചെയ്തവരുടെ ഡിഎന്‍എ പരിശാധനകളുടെ റിസള്‍ട്ടുമായി ഹെന്നസ്സിയുടെ ഡിഎന്‍എ പരിശാധന ഫലവും ബന്ധപ്പെടുത്തി പരിശോധനകള്‍ നടത്താനും മുന്‍ കുറ്റകൃത്യങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടോ എന്ന് ശാസ്ത്രീയമായി അന്വേഷിക്കുവാനുമാണ് ഗാര്‍ഡ ശ്രമിക്കുന്നത്.

നിരവധി പേരെ കാണാതാവുകയോ,കൊല്ലപ്പെടുകയോ ചെയ്തിട്ടും കേസുകള്‍ തെളിയിക്കാനാവാത്ത അവസ്ഥകള്‍ നിലവിലുണ്ട്.

അതേ സമയം അഞ്ചോളം ഗാര്‍ഡകള്‍ ഉണ്ടായിട്ടും ഹെന്നസിയെ കൊല്ലാതെ പിടികൂടാന്‍ കഴിയാത്തതില്‍ ജനരോഷം ഉയര്‍ന്നിട്ടുമുണ്ട്.

ഫിലിപ്പിനോ യുവതി ജെസ്റ്റീന വാല്‍ഡസിനെ മാര്‍ക്ക് ഹെന്നസി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നത്.ബലാത്സംഗം ചെയ്യപ്പെടുകയുണ്ടായോ എന്നത് സംബന്ധിച്ചും സംശയമുയരുന്നുണ്ട്.ആന്തരീകാവയവങ്ങളുടെ പരിശോധന റിപ്പോര്‍ട്ട് ലഭിക്കാന്‍ ഒരാഴ്ച സമയമെടുത്തേക്കും.അതിന് ശേഷമേ പീഡന ശ്രമമാണോ നടന്നിരിക്കുന്നത് എന്ന് അറിയാനാവുകയുള്ളു.എങ്കിലും അത്തരമൊരു ശ്രമത്തിനിടയില്‍ ജെസ്റ്റിന നടത്തിയ ചെറുത്തുനില്‍പ്പാവാം കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് സംശയിക്കപ്പെടുന്നത്.

ജെസ്റ്റീനെയെ കൊലപ്പെടുത്തിയെന്നു കരുതപ്പെടുന്ന ദിവസം രാത്രി ബാലിബ്രാക്കിലെ പബ്ബിലെത്തി ഹെന്നസി മദ്യപിച്ചതായും,മറ്റൊരു മയക്കുമരുന്ന് വ്യാപാരിയോട് ഡ്രഗ് ആവശ്യപ്പെട്ടതായും ഗാര്‍ഡ കണ്ടെത്തിയിട്ടുണ്ട്.അമിതമായ മദ്യപാനവും,മറ്റു കുടുംബപ്രശ്‌നങ്ങളും കാരണം ഹെന്നസിയുമായി ബന്ധം വേര്‍പ്പെടുത്തി സ്വദേശമായ വെയില്‍സിലേയ്ക്ക് രണ്ടു മക്കളുമായി മടങ്ങാനൊരുങ്ങുകയായിരുന്നു അയാളുടെ ഭാര്യയെന്നും ഗാര്‍ഡ കണ്ടെത്തിയിട്ടുണ്ട്.ഇതിന്റെ പിരിമുറുക്കത്തിലും ആയിരുന്നത്രേ ഹെന്നസി.

ജെസ്റ്റീന വാല്‍ഡസിന്റെ മൃതദേഹം സ്വദേശമായ ഫിലിപ്പൈന്‍സിലേയ്ക്ക് കൊണ്ട് പോകാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.അരിറ്റോവ നഗരത്തിലാണ് ജെസ്റ്റിനെയുടെ മുത്തശ്ശന്റെ വീടുള്ളത്.മൂന്നു വര്‍ഷം മുമ്പ് ജെസ്റ്റീന അയര്‍ലണ്ടില്‍ എത്തുന്നതുവരെ മുത്തശ്ശന്റെയും,മുത്തശ്ശിയുടെയും ഒപ്പമായിരുന്നു അവര്‍ താമസിച്ചിരുന്നത്.ജെസ്റ്റീനെയുടെ മാതാപിതാക്കള്‍ അയര്‍ലണ്ടിലെത്തിയിട്ടു പതിനഞ്ചു വര്‍ഷത്തോളമായി.സംസ്‌കാരം അരിറ്റോവയില്‍ നടത്തപ്പെടുമെന്ന് കുടുംബവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

ജെസ്റ്റീന വാല്‍ഡസിന്റെ കുടുംബത്തെ സഹായിക്കാന്‍ ആരംഭിച്ച സഹായനിധിയില്‍ 30 മണിക്കൂറിനകം എണ്‍പത്തിയയ്യായിരത്തോളം യൂറോയാണ് സംഭാവനയായി എത്തിയത്.ഫിലിപ്പിനോ കമ്യൂണിറ്റിയുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഔട്ട് റീച്ച് അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ധനസഹായനിധിയിലേയ്ക്കുള്ള സംഭാവനകള്‍ ഫിലിപ്പിനോകളും തദ്ദേശവാസികളും അത്യന്തം ഉദാരതയോടെയാണ് നല്‍കുന്നത്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top