Monday October 22, 2018
Latest Updates

ഡബ്ലിനിലെ ഫിലിപ്പിനോ യുവതിയെ ശ്വാസം മുട്ടിച്ച് കൊന്നെന്ന് പ്രാഥമിക നിഗമനം, എണ്ണൂറോളം പട്ടാളക്കാര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തി 

ഡബ്ലിനിലെ ഫിലിപ്പിനോ യുവതിയെ ശ്വാസം മുട്ടിച്ച് കൊന്നെന്ന് പ്രാഥമിക നിഗമനം, എണ്ണൂറോളം പട്ടാളക്കാര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തി 

ഡബ്ലിന്‍:എന്നിസ്‌കരിയില്‍ നിന്നും തട്ടിക്കൊണ്ടു പോയ ഫിലിപ്പിനോ യുവതി ജെസ്റ്റീനെ വാല്‍ഡസിന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും കൊലപാതക കാരണം ദുരൂഹമായി തുടരുന്നു.ഇന്നലെ ഉച്ചയോടെ കില്‍ട്ടേര്‍ണ്ണനിലെ ഖനി കേന്ദ്രത്തിനടുത്തുള്ള കുറ്റിക്കാടുകള്‍ക്കിടയില്‍ നിന്നാണ് ജെസ്റ്റീനെയുടെ മൃതദേഹം കണ്ടെടുത്തത്.

ശ്വാസം മുട്ടിച്ചാവാം ജെസ്റ്റീനയെ കൊലപ്പെടുത്തിയത് എന്നാണ് ഗാര്‍ഡയുടെ പ്രാഥമിക നിഗമനം.സൗത്ത് മേഖലയിലെ ഗാര്‍ഡയ്ക്ക് പുറമെ എണ്ണൂറോളം പട്ടാളക്കാരും ചേര്‍ന്ന് മേഖലയിലെ സംശയാസ്പദമായ സ്ഥലങ്ങളില്‍ ഇന്നലെ രാവിലെ മുതല്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.ഉച്ചയോടെ ജെസ്റ്റീനെയുടെ പേഴ്സ് ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ പക്ക് കാസില്‍ ഗോള്‍ഫ് ക്ലബ്ബിന് സമീപത്തു നിന്നും ലഭിച്ചതോടെ ഈ മേഖലയില്‍ മാത്രമായി തിരച്ചില്‍ കേന്ദ്രീകരിച്ചു മിനുറ്റുകള്‍ക്കകം മൃതദേഹം ലഭിച്ചതായി ഗാര്‍ഡ വെളിപ്പെടുത്തി.

പീഡനമടക്കമുള്ള സാധ്യതകള്‍ പരിഗണിച്ച് ഡിഎന്‍എ പരിശോധനകള്‍ നടത്തുന്നുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

എന്നിസ്‌കരിയില്‍ മൂന്നു വര്‍ഷങ്ങളായി താമസിക്കുന്ന ഫിലിപ്പിനോ ദമ്പതികളുടെ 24 കാരിയായ മകള്‍ ജെസ്റ്റീനെ വാല്‍ഡസിനെയാണ് ശനിയാഴ്ച വൈകിട്ട് കറുത്ത ക്വഷിഖി കാറിലെത്തിയ അക്രമി തട്ടിക്കൊണ്ടു പോയത്.വീട്ടിലേയ്ക്ക് നടന്നു പോയ പെണ്‍ക്കുട്ടിയെ അതിവേഗം പാഞ്ഞെത്തിയ കാറില്‍ നിന്നും ഒരാള്‍ ഇറങ്ങി തട്ടിക്കൊണ്ടു പോകുന്നത് താല ഡിഐറ്റിയിലെ വിദ്യാര്‍ത്ഥിനിയായ ജെസ്റ്റീനെയെ കില്‍ക്രോണി റോഡില്‍ പവര്‍സ്‌കോട്ടിന് സമീപത്തു നിന്നും തട്ടിക്കൊണ്ടു പോകുന്നത് മറ്റൊരു കുടുംബത്തിലെ ഏതാനം പേര്‍ നേരിട്ട് കണ്ടിരുന്നു.അവര്‍ ഗാര്‍ഡയെ വിവരം അറിയിച്ചപ്പോള്‍ തന്നെ ഗാര്‍ഡ അന്വേഷണം ആരംഭിച്ചിരുന്നു.

പ്രതിയെന്നു സംശയിക്കുന്ന മാര്‍ക്ക് ഹെന്നസിയെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ ഗാര്‍ഡയുടെ വെടിയേറ്റ് അയാള്‍ കൊല്ലപ്പെട്ടതോടെ അന്താരാഷ്ട്ര ശ്രദ്ധനേടിയ കേസ് തെളിയിക്കാന്‍ സര്‍ക്കാര്‍ അതീവ ജാഗ്രതയാണ് കാട്ടുന്നത്.കൊല്ലപ്പെട്ടയാളുടെ കാറിനുള്ളില്‍ നിന്നും എവിടെയാണ് മൃതദേഹം ഉള്ളതെന്ന് സൂചിപ്പിക്കുന്ന ഒരു കുറിപ്പ് ഗാര്‍ഡയ്ക്ക് ലഭിച്ചുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.ഇതനുസരിച്ചാണ് കില്‍ട്ടര്‍ണ്ന്‍ മേഖലയിലേയ്ക്ക് ഗാര്‍ഡ തിരച്ചില്‍ കേന്ദ്രീകരിച്ചത്.

ജെസ്റ്റീനെയുടെ മൃതദേഹം കണ്ടെത്തിയ വാര്‍ത്ത അറിഞ്ഞതോടെ ഡബ്ലിനിലെ ഫിലിപ്പിനോ സമൂഹത്തില്‍ പെട്ട നിരവധി പേര്‍ ഇവരുടെ എന്നിസ്‌കരിയിലെ വസതിയിലെത്തി ദുഃഖം പങ്കുവെച്ചു.ഇന്നലെ ബ്രേയിലും,ഡബ്ലിന്‍ ബാച്ചിലേഴ്സ് വാക്കിലെ നിത്യാരാധന ചാപ്പലിലും നടത്തപ്പെട്ട പ്രത്യേക അനുസ്മരണ പ്രാര്‍ത്ഥനകളില്‍ നൂറുകണക്കിന് ഫിലിപ്പിനോകള്‍ പങ്കെടുക്കാനെത്തിയിരുന്നു.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സ്ഥലത്തിന് സമീപത്തു നിന്നും അവളുടെ ബാഗും മൊബൈല്‍ ഫോണും അടക്കമുള്ള സാധനങ്ങള്‍ ഗാര്‍ഡ കണ്ടെത്തിയിരുന്നു.ബ്രേയിലെ ഒരു ഷോപ്പില്‍ പാര്‍ട് ടൈമായി ജോലി ചെയ്യുന്ന പെണ്‍കുട്ടിയെ ജോലി കഴിഞ്ഞു ബസില്‍ വീടിനടുത്തുള്ള ബസ് സ്റ്റോപ്പില്‍ ഇറങ്ങി വീട്ടിലേയ്ക്ക് നടന്നു പോകുന്നതിനിടയിലാണ് തട്ടിക്കൊണ്ടു പോയത്.
രണ്ടു മക്കളുടെ പിതാവായ മാര്‍ക്ക് ഹെന്നസി എന്ന 40 വയസുകാരനാണ് ഗാര്‍ഡയുമായുള്ള ഏറ്റുമുട്ടലിനിടയില്‍ വെടിയേറ്റ് മരിച്ചത്.സൗത്ത് ഡബ്ലിന്‍ മേഖലയില്‍ ഉള്‍പ്പെടുന്ന വെക്‌സ്‌ഫോര്ഡ് സ്വദേശിയായ ഗാര്‍ഡായാണ് സംഘര്‍ഷത്തിനിടയില്‍ പ്രതിയെ വെടിവെച്ചു വീഴ്ത്തിയത്.ഗാര്‍ഡായിലെ അംഗങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് ഒന്നിലേറെ തവണ പ്രതിയെ ഗാര്‍ഡ വെടിവെച്ചത്.സംഭവസ്ഥലത്ത് തന്നെ ഇയാള്‍ മരിക്കുകയും ചെയ്തു.മറ്റു നിരവധി കേസുകളില്‍ കൂടി പ്രതിയാണ് കൊല്ലപ്പെട്ട മാര്‍ക്ക് ഹെന്നസി.

വെടിവെച്ച ഗാര്‍ഡ പ്രഗത്ഭനായ കുറ്റാന്വേഷകനായി അറിയപ്പെടുന്നയാളാണെന്നും,സഹപ്രവര്‍ത്തകരെ രക്ഷിക്കാന്‍ വെടിവെയ്ക്കുകയല്ലാതെ യാതൊരു നിര്‍വാഹവുമില്ലാത്തതിനാലാണ് അങ്ങനെ ചെയ്തതെന്നുമാണ് ഗാര്‍ഡ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.ഗാര്‍ഡ ഓംബുഡ്സ്മാന്‍ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചുറ്റിക്കറങ്ങാന്‍ പോവുകയാണെന്ന് പറഞ്ഞു വീട്ടില്‍ നിന്നും ശനിയാഴ്ച വൈകിട്ട് ഇറങ്ങിയ ഹെന്നസിയുടെ നീക്കങ്ങള്‍ ഗാര്‍ഡ നിരീക്ഷിച്ചു വരികയായിരുന്നു.കുപ്രസിദ്ധമായ ബാലിബ്രാക്കില്‍ നിന്നുള്ള ഇയാള്‍ കുറേക്കാലമായി ബ്രേയിലാണ് താമസിക്കുന്നത്.

ബില്‍ഡിംഗ് കോണ്‍ട്രാക്റ്ററായ ഇയാള്‍ക്ക് പെണ്‍കുട്ടിയുമായി യാതൊരു മുന്‍ പരിചയവും ഇല്ലെന്നാണ് ഗാര്‍ഡ മനസിലാക്കുന്നത്.ഡബ്ലിന്‍ മേഖലയില്‍ ലൈംഗീകമായ ഉദ്ദേശത്തോടെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്.ഇങ്ങനെ പിടിക്കപ്പെടുന്നവരില്‍ ഏറെയും മയക്കുമരുന്നുപയോഗിക്കുന്നവരാണെന്നാണ് ഗാര്‍ഡയുടെ കണ്ടെത്തല്‍.

ഡബ്ലിന്‍ 4 ലെ പ്രശസ്തമായ ആശുപത്രിയില്‍ നിന്നും മൂന്ന് വര്‍ഷം മുമ്പ് ഇന്ത്യക്കാരിയായ ഒരു ഡോക്റ്ററെ ജോലികഴിഞ്ഞു മടങ്ങവേ തട്ടിക്കൊണ്ടുപോയി ബലാത്സംഗം നടത്തിയ ശേഷം സാന്‍ഡിമൗണ്ട് ബീച്ചില്‍ ഉപേക്ഷിച്ചിരുന്നു.മണിക്കൂറുകള്‍ക്ക് ശേഷം വിവരമറിഞ്ഞെത്തിയ ഇവരെ ഗാര്‍ഡായാണ് ഇവര്‍ ജോലി ചെയ്ത ആശുപത്രിയില്‍ എത്തിച്ചത്.എന്നാല്‍ ഡോക്റ്ററുടെ ജീവന്‍ രക്ഷിച്ചെടുക്കാന്‍ സാധിച്ചതോടെ ബലാത്ത്‌സംഗ സംഭവം ഒതുക്കാനും,പുറത്തറിയിക്കാതെ പരാതി ഇല്ലാതാക്കാനും ഗാര്‍ഡയ്ക്ക് കഴിഞ്ഞിരുന്നു.കുടിയേറ്റക്കാര്‍ക്ക് നേരെയുണ്ടാവുന്ന ആക്രമണങ്ങള്‍ ഒതുക്കാന്‍ ശ്രമിക്കുന്ന സംഭവങ്ങള്‍ കൂടുകയാണെന്ന് അയര്‍ലണ്ടിലെ ഇമിഗ്രേഷന്‍ കൗണ്‍സിലും കണ്ടെത്തിയിരുന്നു.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top