Monday November 20, 2017
Latest Updates

ഡബ്ലിനിലെ പുതിയ ചില്‍ഡ്രന്‍സ് ആശുപത്രിയുടെ പേരിനെച്ചൊല്ലി വിവാദമുയരുന്നു

ഡബ്ലിനിലെ പുതിയ ചില്‍ഡ്രന്‍സ് ആശുപത്രിയുടെ പേരിനെച്ചൊല്ലി വിവാദമുയരുന്നു

ഡബ്ലിന്‍ : കുട്ടികളുടെ ആശുപത്രിയുടെ പേരിനെച്ചൊല്ലി വിവാദമുയരുന്നു.പുതിയ കുട്ടികളുടെ ആശുപത്രിയെ ഫീനിക്സ് എന്നു വിളിക്കുന്നതിനെച്ചൊല്ലിയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.ആ വാക്കിന് ഐറീഷ് ചരിത്രമോ സംസ്‌കാരമോ ആയി യാതോരു ബന്ധമോ ഇല്ലെന്നാണ് വിവാദം ഏറ്റെടുത്ത ലേബര്‍പാര്‍ട്ടിയുടെ ആക്ഷേപം.അതിനാല്‍ ഫീനിക്സ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലെന്ന നാമം പിന്‍വലിക്കണമെന്നാണ് പാര്‍ട്ടി നേതാവ് ബ്രണ്ടന്‍ ഹൗളിന്‍ ആവശ്യപ്പെടുന്നത്.എന്തുകൊണ്ടാണ് ഈ പേരില്‍ ഇത്ര നിക്ഷിപ്തത കൈവന്നതെന്നു മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് വിവാദം അവസാനിപ്പിക്കാന്‍ ഇടപെടണം.കാഥ്ലീന്‍ ലിനിന്റെ ബഹുമാനാര്‍ഥം പുനര്‍നാമകരണം ചെയ്യണമെന്ന നിര്‍ദ്ദേശം നല്‍കണമെന്നും ഹൗളിന്‍ ആവശ്യപ്പെട്ടു.

ഡബ്ലിനിലെ മൂന്ന് ഹോസ്പിറ്റലുകളുടെ മെഡിക്കല്‍ ബോര്‍ഡ് ഈ പേരിനെതിരെ രംഗത്തുവന്നിരുന്നു.ഇതിന്റെ പിന്നാലെയാണ് ലേബര്‍പാര്‍ട്ടിയുടെ വിമര്‍ശനവും പുറത്തുവന്നത്.യുഎസിലെ അരിസോണയില്‍ ഫീനിക്സ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ നിലവിലുണ്ട്.അതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ ഈ നാമകരണം ആശയക്കുഴപ്പമുണ്ടാക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.മൃതദേഹങ്ങള്‍ സൂക്ഷിച്ചുവെക്കുകയും പിന്നീട് കത്തിച്ചുകളയുകയും ചെയ്തിട്ടുള്ള കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഈ പേര് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അവര്‍ പറഞ്ഞു.

ഡോക്ടര്‍ കാതലീന്‍ ലിനുമായി ചേര്‍ന്ന പേര് ആശുപത്രിക്ക് കൂടുതല്‍ അനുയോജ്യമാകുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.അയര്‍ലണ്ടില്‍ സമത്വത്തിനായി പൊരുതിയ നിരവധി സ്ത്രീകളില്‍ ഒരാളായ അവരുടെ പേര് നല്‍കിയിരുന്നെങ്കില്‍ അതൊരു ആദരവ് അര്‍പ്പിക്കല്‍ കൂടിയാകുമായിരുന്നു.1916ലെ ഈസ്റ്റര്‍ റൈസിംഗില്‍ പങ്കെടുത്ത ഷീന്‍ ഫെയ്ന്‍ രാഷ്ട്രീയനേതാവും ഡോക്ടറുമായിരുന്നു ലിന്‍. 1919 ല്‍ അവര്‍ സെന്റ് അള്‍ട്ടന്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ സ്ഥാപിച്ചു. ഡബ്ലിന്‍ സിറ്റിയിലെ പാവപ്പെട്ടവര്‍ക്ക് ആരോഗ്യപരിചരണം നല്‍കുകയും ചെയ്തതും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതേസമയം,പുതിയ ആശുപത്രിയുടെ ഫീനിക്സ് പേര് കൂടുതല്‍ യഥാര്‍ഥവും അര്‍ഥവത്തും ആയിരിക്കുമെന്ന് ആരോഗ്യ വകുപ്പ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ‘പുതുക്കല്‍, സാമുദായിക പുനരുദ്ധാനം, ദര്‍ശനം, പ്രത്യാശ എന്നിങ്ങനെ പ്രചോദനത്തിന്റെ പ്രതീകാത്മക ചിഹ്നമാണ് ഫീനിക്സ് ‘പ്രസ്താവന വ്യക്തമാക്കുന്നു.

പുതിയ കുട്ടികളുടെ ആശുപത്രിയുടെ നിര്‍മാണം ഈ വര്‍ഷം ആദ്യമാണ് ആരംഭിച്ചത്. ഡബ്ലിന്‍ നഗരത്തിന്റെ തൊട്ടടുത്തുള്ള സെന്റ് ജയിംസ് ഹോസ്പിറ്റല്‍ കാമ്പസില്‍ സ്ഥിതി ചെയ്യുന്ന ആശുപത്രി 2021ല്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഔര്‍ ലേഡീസ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ക്രംലിന്‍, ടെമ്പിള്‍ സ്ട്രീറ്റ് ചില്‍ഡ്രന്‍സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍, താല ഹോസ്പിറ്റല്‍ എന്നീ ആശുപത്രികളുടെ ശിശുവിഭാഗവും പ്രവര്‍ത്തനങ്ങളും ജീവനക്കാരെയും പുതിയ ആശുപത്രിയിലേക്ക് ഉള്‍പ്പെടുത്തുന്നതിനു തീരുമാനമുണ്ട്.ആശുപത്രി പൂര്‍ണ മതേതരമായിരിക്കുമെന്നും പ്രഖ്യാപനമുണ്ട്.

 

Scroll To Top