Sunday October 22, 2017
Latest Updates

ഡബ്ലിനിലെ ജനബാഹുല്യം കുറയ്ക്കാന്‍ അയര്‍ലണ്ടില്‍  പുതിയ നഗരം സൃഷ്ടിക്കാനൊരുങ്ങി സര്‍ക്കാര്‍

ഡബ്ലിനിലെ ജനബാഹുല്യം കുറയ്ക്കാന്‍ അയര്‍ലണ്ടില്‍  പുതിയ നഗരം സൃഷ്ടിക്കാനൊരുങ്ങി സര്‍ക്കാര്‍

ഡബ്ലിന്‍:ഡബ്ലിനിലെ ജനബാഹുല്യം കുറയ്ക്കാന്‍ സര്‍ക്കാര്‍ പുതിയ നഗരം സൃഷ്ടിക്കാനൊരുങ്ങുന്നു. ജനസംഖ്യാ വര്‍ധന ഭാവിയില്‍ തലസ്ഥാന നഗരിയെ ശ്വാസംമുട്ടിക്കാതിരിക്കാനാണ് ഇപ്പോഴേ മുന്‍കരുതലെടുക്കുന്നത്.മിഡ്ലാന്‍ഡ്സിലോ,വടക്ക് പടിഞ്ഞാറ് മാറിയോ പുതിയൊരു നഗരമൊരുക്കിയാല്‍ ഡബ്ലിനെ ജനനിബിഢമാക്കാതെ കാര്യങ്ങള്‍ സുഗമമായി നടത്താനാവുമെന്ന് സര്‍ക്കാര്‍ കരുതുന്നു.

കില്‍ഡയര്‍ സെല്‍ബ്രിഡ്ജിലെ കാസില്‍ ഹൗസില്‍ നടന്ന പ്രത്യേക മന്ത്രി സഭാ യോഗമാണ് സുപ്രധാനമായ ഈ വിഷയം ചര്‍ച്ച ചെയ്തത്. രാജ്യത്തെ ജനസംഖ്യ 2040ഓടെ 900000(19%) ഉയര്‍ന്ന് 5.6മില്യണിലെത്തുമെന്നാണ് കരുതുന്നത്.ശരാശരി പ്രായം 35-42 ആകും.ആനുപാതികമായല്ല ജനസംഖ്യാ വര്‍ധനയെന്ന് യോഗം വിലയിരുത്തി.അതിനാല്‍ ഭാവിയില്‍ അത് തലസ്ഥാന നഗരത്തെ കുഴക്കുമെന്നും യോഗത്തില്‍ അഭിപ്രായമുയുയര്‍ന്നു.ഈ പശ്ചാത്തലമാണ് രണ്ടാം ‘ഡബ്ലിനെ’കുറിച്ചുള്ള ചര്‍ച്ചയ്ക്ക് വിത്തു പാകിയത്.നേസ്,തുള്ളാമോര്‍,പോര്‍ട്ട് ലീഷ്.കാവന്‍,റോസ് കോമണ്‍ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്നാണ് സൂചനകള്‍.

യോഗത്തിന്റെ ആദ്യ പകുതി കാലാവസ്ഥാന വ്യതിയാനവും രണ്ടാംപകുതി സാമ്പത്തിക വ്യവസ്ഥയുമാണ് ചര്‍ച്ചയായത്.രാജ്യത്തിന്റെ അടുത്ത 10 വര്‍ഷത്തെ മൂലധന നിക്ഷേപ ആസൂത്രണം(2018-2027)ധന മന്ത്രി പാസ്‌കല്‍ ഡോണോഹു സഹപ്രവര്‍ത്തകര്‍ക്കായി അവതരിപ്പിച്ചു.അയര്‍ലണ്ട് 2040 മുന്‍നിര്‍ത്തിയുള്ളതാകണം ഇനിയുടെ രാജ്യത്തിന്റെ ആസൂത്രണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. 2040 ഓടെ ദ്വീപസമൂഹത്തിനാകെ വന്നു ചേര്‍ന്നേക്കാവുന്ന രാഷ്ട്രീയ മാറ്റങ്ങളും അതിര്‍ത്തി മേഖലയിലെ ജനസംഖ്യയുടെ കുറവും അതുയര്‍ത്തുന്ന ഭീഷണിയും നോര്‍ത്തേണ്‍ അയര്‍ലണ്ടുമായുള്ള അടുപ്പം കൂട്ടുന്നതിന്റെ ആവശ്യകതകളും യോഗം ചര്‍ച്ചചെയ്തു.

ഗ്രാമങ്ങളിലും അതിര്‍ത്തി പ്രദേശത്തും ബ്രക്സിറ്റ് വരുത്താനിടയുള്ള സാധ്യതകളെ മുന്നില്‍ക്കണ്ട് എങ്ങനെ ആസൂത്രണവും നിക്ഷേപവും സാധ്യമാക്കാമെന്ന കാര്യവും പ്രത്യേക മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയായി.രാജ്യത്തിന്റെ ദേശീയ സാമ്പത്തിക നയപരിപാടികള്‍ ഹൗസിംഗ് മന്ത്രി ഓവന്‍ മര്‍ഫി അവതരിപ്പിച്ചു.ബ്രക്സിറ്റിനു ശേഷം യുണൈറ്റഡ് അയര്‍ലണ്ടിലെ രണ്ടാം നഗരം ബെല്‍ഫാസ്റ്റാണോ,അതോ കോര്‍ക്കാണോ എന്നതു സംബന്ധിച്ച പ്രത്യേക ചര്‍ച്ചകളുമുണ്ടായി

Scroll To Top