Tuesday September 19, 2017
Latest Updates

ഡബ്ലിനിലെ ഗായത്രി മധുകുമാറിന് പറയാനുള്ള വിജയ മന്ത്രങ്ങള്‍ ..

ഡബ്ലിനിലെ ഗായത്രി മധുകുമാറിന് പറയാനുള്ള വിജയ മന്ത്രങ്ങള്‍ ..

ഡബ്ലിന്‍:ഇത്ര നല്ല റിസല്‍ട്ടിന് കാരണം എന്തെന്ന് ഗായത്രിയോടു ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ’ അച്ഛനും അമ്മയും ‘..കാരണം അവരായിരുന്നു എന്റെ പ്രചോദനം.ഒരിക്കലും പഠിക്കാന്‍ നിര്‍ബന്ധിക്കാത്ത മറ്റൊരു അച്ഛനും അമ്മയും ലോകത്തില്‍ കാണില്ല..!

അവരെന്നോട് ഒരിക്കലും ,ഒരിക്കല്‍ പോലും ഇന്ന മാതിരി പഠിക്കണം ,ഇത്ര സമയം പഠിക്കണം,കാണാപാഠം പഠിക്കണം എന്നൊന്നും പറഞ്ഞിട്ടേയില്ല.അതെല്ലാം എന്റെ സ്വാതന്ത്ര്യത്തിനു വിടുകയായിരുന്നു.അപ്പോള്‍ എനിക്ക് നല്ലത് പോലെ പഠിക്കാതിരിക്കാനും ആവില്ലായിരുന്നു.

gayathriചിലപ്പോഴൊക്കെ ഞാന്‍ എന്റെ അച്ഛനോട് തമാശയ്ക്ക് പറഞ്ഞിട്ടുണ്ട്..എന്നെ പഠിക്കാന്‍ വേണ്ടി ഒന്ന് വഴക്ക് പറയൂ എന്ന്..എന്നാലും അച്ഛന്‍ വഴക്ക് പറയില്ല.

പക്ഷെ അവര്‍ നിശബ്ദമായി എന്നെ നിരീക്ഷിക്കുന്നത് എനിക്കറിയാമായിരുന്നു.എനിക്ക് വേണ്ടി പ്രാര്‍ഥിക്കുന്നതിന്റെ തീഷ്ണത എനിക്കറിയാമായിരുന്നു.അയര്‍ലണ്ടിലെ മലയാളികളില്‍ ലിവിംഗ് സെര്‍ട്ടില്‍ 575 മാര്‍ക്കോടെ ഒന്നാമതെത്തിയ ഗായത്രി മധുകുമാര്‍ പറയുന്നു.

കൃത്യമായ ടൈം ടേബിള്‍ ഒന്നും ഉണ്ടായിരുന്നില്ല,പക്ഷെ കഠിനാധ്വാനം ചെയ്തു.ഇത്രയും മാര്‍ക്കെങ്കിലും വാങ്ങണമെന്ന് എനിക്ക് ഒരു തരം നിര്‍ബന്ധമുണ്ടായിരുന്നു.എന്ന് വെച്ചു മുഴുവന്‍ സമയവും പുസ്തകത്തിന് മുന്‍പില്‍ കുത്തിയിരിക്കാന്‍ ഒന്നും എന്നെ കിട്ടില്ല.പരീക്ഷയുടെ തലേ ആഴ്ച്ചയിലും പോയി കണ്ടത് രണ്ട് സിനിമകളാണ്‍.യാത്രകളും ഇഷ്ട്ടമാണ്.ബോറടിക്കുമ്പോള്‍ അച്ഛനോട് പറഞ്ഞ് അയര്‍ലണ്ടില്‍ ഏവിടെയ്‌ക്കെങ്കിലും ഒരു യാത്ര തരമാക്കും. 

ട്രാന്‍സിഷന്‍ ഇയര്‍ സമ്മാനിച്ച അനുഭവങ്ങള്‍ ലിവിംഗ് സെര്‍ട്ടിനു തുണയായി.മലയാളികളില്‍ ചിലരെങ്കിലും ആ ഒരു വര്‍ഷത്തെ പഠനം ഒഴിവാക്കുന്നതിനെകുറിച്ചു ആലോചിക്കുന്നവരാണ്.അത് ഉചിതമായ തീരുമാനം അല്ലെന്നാണ് ഗായത്രിയുടെ അഭിപ്രായം.’നല്ല ഫീല്‍ഡുകള്‍ തിരഞ്ഞെടുത്തു ട്രാന്‍സിഷന്‍ ഇയറിനെ ഉപയോഗപ്പെടുത്തിയാല്‍ കൃത്യമായ ഒരു ജീവിതവഴി അഭിരുചിയ്ക്ക് അനുസരിച്ചു രൂപപ്പെടുത്താന്‍ അത് ധാരാളം മതി.’ഗായത്രി പറഞ്ഞു. 

ലിവിംഗ് സെര്‍ട്ടിനു പഠിക്കാന്‍ തിരഞ്ഞെടുത്ത കോളജും പ്രധാനപ്പെട്ടത് തന്നെയായിരുന്നു.ഉന്നതമായ വിജയം ഉറപ്പു തരുന്ന കോളജുകളില്‍ ഒന്നാണ് ഡബ്ലിനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കെഷന്‍.അവിടുത്തെ ടീച്ചേഴ്‌സും പഠന രീതികളും ഒത്തിരി പ്രോത്സാഹനം നല്‍കിയെന്നതില്‍ സംശയം ഇല്ല.ഗായത്രി പറയുന്നു.

പക്ഷേ ,നേട്ടങ്ങള്‍ക്കൊക്കെയുള്ള ക്രഡിറ്റ് ഗായത്രിയ്ക്ക് തന്നെ നല്‍കാനാണ് അച്ഛന്‍ മധുകുമാര്‍ ഭാസ്‌കരനും അമ്മ ബിന്ദുവിനും ഇഷ്ട്ടം.ദൈവാനുഗ്രഹവും. ഡണ്‍ഡ്രം സെന്‍ട്രല്‍ മെന്റല്‍ ആശുപത്രിയിലെ സൈകാറ്റ്രിക് നേഴ്‌സ് മാനേജരായ മധുകുമാര്‍ ഭാസ്‌കരനും ഭാര്യബിന്ദുവും തിരുവനന്തപുരം തിരുവനന്തപുരം കേശവദാസപുരം സ്വദേശികളാണ്.

ഞങ്ങള്‍ ശ്രദ്ധിച്ചത് ഒന്നോ രണ്ടോ കാര്യങ്ങള്‍ മാത്രമാണ്.മധുകുമാറും ബിന്ദുവും പറഞ്ഞു.’ഒന്നാമത് ഗായത്രിയുടെ കൂട്ടുകാര്‍ നമ്മുടെ ജീവിത ശൈലിയും നല്ല സ്വഭാവവും ഉള്ളവര്‍ മാത്രമാണെന്ന് ഉറപ്പുവരുത്തി.

മറ്റൊന്ന് ഭക്ഷണ കാര്യമായിരുന്നു.വളരെ നിസാരമെന്നു തോന്നുന്ന ഒരു കാര്യമാണ് അത്.പക്ഷെ ശ്രദ്ധിച്ചേ തീരു.ആരോഗ്യപ്രദമായ ഭക്ഷണം ക്രമീകരിച്ചു എന്നതാണ് മറ്റൊരുകാര്യം. ‘എല്ലാ ദിവസവും ഭക്ഷണത്തില്‍ ഏതെങ്കിലും ‘നട്ടുകള്‍ ‘കൃത്യമായി ഉള്‍പ്പെടുത്തി.ലെമണും തേനും ചേര്‍ത്തുള്ള വെള്ളമാണ് സ്ഥിരമായി കുടിയ്ക്കാന്‍ കൊടുത്തിരുന്നത്.ഇതൊക്കെ ഓര്‍മ്മശക്തിയും മറ്റും കൂടാന്‍ സഹായിക്കുന്നതാണ്.അവര്‍ പറഞ്ഞു നിര്‍ത്തി.

ലക്ഷ്യബോധം ഉണ്ടാകുന്നതിന്റെ പ്രാധാന്യമാണ് മാതാപിതാക്കള്‍ കുട്ടികളെ പറഞ്ഞു മനസിലാക്കേണ്ടതെന്ന അഭിപ്രായമാണ് ഗായത്രിയ്ക്കുള്ളത്.പഠിക്കണം, പഠിക്കണം എന്ന് മക്കളോട് എപ്പോഴും പറയുന്നതിനേക്കാള്‍ നല്ലത് അതാവും.പിന്നെ ദൈവാധീനം കൂടിയുണ്ടെങ്കില്‍ അയര്‍ലണ്ടിലെ പരീക്ഷകളില്‍ മുന്നേറാന്‍ ഒരു പാടുമില്ലെന്നാണ് ഗായത്രി പറയുന്നത്.

പുതിയ പാതകള്‍ വെട്ടിത്തുറക്കാന്‍ കാത്തിരിക്കുകയാണ് ഗായത്രി.തിങ്കളാഴ്ച്ച ഏതു കോഴ്‌സിനാണ് അലോട്ട്‌മെന്റ് ലഭിക്കുന്നതെന്ന് അറിയില്ല.എന്തായാലും ഏതു വെല്ലുവിളിയും നേരിടാന്‍ ഒരുങ്ങിയിരിക്കുകയാണ് ഈ മിടുക്കി.


Scroll To Top