Monday July 16, 2018
Latest Updates

ഡബ്ലിനിലെ ഒരു ഇന്ത്യാക്കാരിയുടെ സംശയവും അവയ്ക്കുള്ള മറുപടിയും

ഡബ്ലിനിലെ ഒരു ഇന്ത്യാക്കാരിയുടെ സംശയവും അവയ്ക്കുള്ള മറുപടിയും

ഡബ്ലിന്‍:വിദേശരാജ്യങ്ങളിലെ സ്വത്തുക്കള്‍ വെളിപ്പെടുത്തണമെന്ന അയര്‍ലണ്ടിലെ റവന്യൂ അധികൃതരുടെ അഭ്യര്‍ഥനയ്ക്ക് മികച്ച പ്രതീകരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.ഏപ്രില്‍ 30 വരെയായിരുന്നു ഇതിനുള്ള പരിധി നിശ്ചയിച്ചിരുന്നത്.ഇനിയും വിദേശ സ്വത്തുക്കള്‍ വെളിപ്പെടുത്താത്തവരില്‍ നിന്നും പിഴ ഈടാക്കാനാണ് സര്‍ക്കാര്‍ നീക്കം.

1991 മുതല്‍ 2015 വരെയുള്ള കാലാവധിയിലെ വെളിപ്പെടുത്താത്ത വിദേശ ആര്‍ജിത സ്വത്തുക്കള്‍ വെളിപ്പെടുത്താനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കിയത്.(കള്ളപ്പണം വെളുപ്പിക്കാന്‍ തന്നെ)പത്തു ശതമാനം മാത്രമായിരുന്നു ഇവയ്ക്ക് പിഴ ഈടാക്കാന്‍ നിര്‍ദേശം.ഇതു വരെ വെളിപ്പെടുത്തിയില്ലെങ്കില്‍ പിടിയ്ക്കപ്പെട്ടാല്‍ ഇവയ്ക്ക് നൂറു ശതമാനം പിഴ ഈടാക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്.

2016 വര്‍ഷത്തെ വിദേശാര്‍ജിത വരുമാനം വെളിപ്പെടുത്താന്‍, പക്ഷേ 2017 ഒക്‌റ്റോബര്‍ വരെ സമയമുണ്ട്.

സ്വത്ത് വെളിപ്പെടുത്തല്‍ സംബന്ധിച്ച് നിരന്തരമായ ആശങ്കയുയര്‍ത്തിയവര്‍ നിരവധിയാണെന്നാണ് ധനകാര്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ സൂചിപ്പിക്കുന്നത്.കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി ആവശ്യപ്പെട്ടിട്ടും,ഏപ്രില്‍ മാസത്തിലാണ് അയര്‍ലണ്ടിലെ ഒട്ടേറെപേരും പുതിയ നിര്‍ദേശത്തെ കുറിച്ചറിഞ്ഞത്.അതോടെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ വ്യാപകമായി.എങ്കിലും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നവരില്‍ മിക്കവരും അവര്‍ക്ക് അതാത് രാജ്യങ്ങളിലുള്ള സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയാറല്ല എന്നാണ് ധനകാര്യ സ്ഥാപനങ്ങളിലെ കണ്‍സല്‍റ്റന്റ്മാര്‍ വെളിപ്പെടുത്തുന്നത്.

‘ഒട്ടേറെ പേര്‍ അന്വേഷണങ്ങളുമായി വന്നു,മിക്കവര്‍ക്കും അറിയേണ്ടിയിരുന്നത് എങ്ങനെ സ്വത്ത് വെളിപ്പെടുത്താതെയിരിക്കാം എന്നായിരുന്നു’ഡബ്ലിനിലെ മലയാളിയായ ഒരു ടാക്‌സ് കണ്‍സല്‍റ്റന്റ് പറയുന്നു.ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ പൗരത്വം ഉപേക്ഷിച്ച് അയര്‍ലണ്ടില്‍ എത്തി താമസിക്കുന്നവര്‍ക്ക് നിയമം ഭാവിയിലെങ്കിലും ബാധകമായേക്കാം,പക്ഷെ ഇരട്ട പൗരത്വം ഉള്ള ഫിലിപ്പൈന്‍സ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ നിയമം വഴി കാര്യമായ പരിക്ക് പാറ്റാനിടയില്ല.

ഡബ്ലിനില്‍ താമസിക്കുന്ന ഇന്ത്യക്കാരിയായ ഒരു സ്ത്രീ അയര്‍ലണ്ടിലെ പ്രമുഖ നാഷണല്‍ ഡൈലി വഴി ഉന്നയിച്ച സംശയത്തിന് മാധ്യമത്തിന്റെ ധനകാര്യ വിദഗ്ദ നല്‍കിയ മറുപടിയനുസരിച്ച്

ഞാന്‍ രണ്ടു വര്‍ഷമായി ഡബ്ലിനില്‍ ജോലി ചെയ്യുകയാണ്. എന്റെ ഭര്‍ത്താവ് നേരത്തേ ഇവിടെ ജോലി ചെയ്തിരുന്നു.ഇപ്പോള്‍ അദ്ദേഹം ഇന്ത്യയിലാണ് ജോലിചെയ്യുന്നതും താമസിക്കുന്നതും.ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളില്‍ ഞങ്ങള്‍ക്ക് കാര്യമായ നിക്ഷേപമൊന്നുമില്ല.ഞങ്ങളുടെ രണ്ടാളുകളുകളുടേയും യോജിച്ച ഉടമസ്ഥതയില്‍ രണ്ട് വസ്തുക്കളുണ്ട് .അതിലൊന്ന് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ആ വാടക ഉപയോഗിച്ചാണ് ഇപ്പോള്‍ ഭര്‍ത്താവ് താമസിക്കുന്ന വീടിന്മേലുള്ള വായ്പ തിരിച്ചടക്കുന്നത്.ഇവിടെ നിന്നും ഞാന്‍ കൈമാറുന്ന പണവും ഈ ബാങ്ക് വായ്പ അടയ്ക്കുന്നതിനാണ് ഉപയോഗിക്കുന്നത്. എന്റെ രാജ്യാന്തര സ്വത്തുക്കള്‍ ഡിക്ലയര്‍ ചെയ്യുന്നതിന് ഞാന്‍ എന്താണ് ചെയ്യേണ്ടത്?

മിസ്.എന്‍യഡി.,ഡബ്ലിന്‍

മറുപടി:ഇന്നലെ സമയം അവസാനിച്ചതോടെ ഒട്ടേറെ ആളുകള്‍ ഇത്തരം സംശയങ്ങളും ചോദ്യങ്ങളുമായി ഞങ്ങളെ സമീപിച്ചിട്ടുണ്ട്.നിങ്ങള്‍ക്ക് ഇക്കാര്യത്തില്‍ സന്തോഷകരമായ വാര്‍ത്തയാണ് നല്‍കാനുള്ളത് എന്ന് ആദ്യമായി അറിയിക്കട്ടെ.

പൊതുവില്‍, യോജിച്ച ഉടമസ്ഥതയിലുള്ള സ്വത്തുക്കളില്‍ നിന്നുള്ള വരുമാനം ഉടമസ്ഥര്‍ വീതം വെയ്ക്കുകയാണ് ചെയ്യാറുള്ളത്.അതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ വാടകയിനത്തില്‍ ലഭിക്കുന്ന വരുമാനത്തിന്റെ പകുതി നിങ്ങള്‍ക്കും കിട്ടേണ്ടതാണ്.കഴിഞ്ഞ വര്‍ഷം മുഴുവന്‍ സമയവും ഇവിടെ കഴിഞ്ഞതിനാല്‍ ഇവിടെ നിങ്ങള്‍ നികുതി നല്‍കുന്നുണ്ട്.എന്നിരുന്നാലും,നിങ്ങള്‍ ഇന്ത്യയില്‍ ജനിച്ചയാളായതിനാലും ഇപ്പോഴും ഭര്‍ത്താവ് അവിടെ കഴിയുന്നതിനാലും നിങ്ങളുടെ ആകെയുള്ള സ്വത്തുക്കള്‍ അവിടെ ആയതിനാലും നിങ്ങളുടെ നാട് എന്നു പറയുന്നത് ഇന്ത്യ തന്നെയാണ്.

വിദേശത്തേക്ക് പോകേണ്ടി വന്നാലും ഭൂരിപക്ഷം ആളുകളും എവിടെയാണോ ജനിച്ചത് അവിടുത്തെ തന്നെ സ്ഥിര താമസക്കാരാണ്.വേണമെങ്കില്‍ രാഷ്ട്രീയമായ കാരണങ്ങളാലോ മറ്റോ നിങ്ങള്‍ക്ക് പുതിയ രാജ്യത്ത് സ്ഥിര തമാസമാക്കാവുന്നതാണ്.എന്നാല്‍ ഭൂരിപക്ഷം വരുന്ന ആളുകളും അങ്ങനെ ചെയ്യാറില്ല.ജീവിതത്തിന്റെ മുഴുവന്‍ സമയവും യു.കെയില്‍ ജോലി ചെയ്യുകയും അയര്‍ലണ്ടിനെ സ്വന്തം നാടായി കാണുകയും ചെയ്യുന്ന നിരവധി ആളുകളെ എനിക്കറിയാം.

ഇന്ത്യയാണ് നിങ്ങളുടെ സ്വന്തംനാട്.ഐറീഷ് നികുതി നിയമം ഇങ്ങനെയാണ്:ഒരു നികുതിദായകനായി അയര്‍ലണ്ടില്‍ താമസിക്കുന്ന,എന്നാല്‍ സ്ഥിരതമാസമാക്കിയിട്ടില്ലാത്തയാള്‍ ഇവിടുത്തെ അവരുടെ സ്വത്തുക്കള്‍ക്കു മാത്രമോ,ഇവിടെ വാങ്ങുകയോ വില്‍ക്കുകയോ ചെയ്ത വസ്തുക്കള്‍ക്കു മാത്രമോ നികുതി നല്‍കിയാല്‍ മതിയാകും.പുറമേ,ഈ രാജ്യത്തേക്ക് കൊണ്ടുവരുന്ന പണത്തിനും നികുതി നല്‍കണം.

ഇന്ത്യയിലെ സ്വത്തില്‍ നിന്നും വാടകയിനത്തില്‍ കിട്ടുന്ന വരുമാനത്തിന് ഇവിടെ നികുതി നല്‍കേണ്ടതില്ല.കാരണം അത് അവിടെത്തന്നെ വായ്പ തിരിച്ചടവിനായി ഉപയോഗിക്കുകയാണ്.ആയതിനാല്‍ ആ വരുമാനത്തെ നിങ്ങള്‍ അയര്‍ലണ്ട് റവന്യു ആയി കാണുകയോ നോട്ടിഫൈ ചെയ്യുകയോ വേണ്ട.

അയര്‍ലണ്ടിലേക്കെത്തുന്ന വാടകയിന വരുമാനമോ അതല്ലെങ്കില്‍ സ്വത്തു വില്‍പ്പന നടത്തി ലഭിച്ച വരുമാനമോ അയര്‍ലണ്ടിലെത്തിയാല്‍ നിങ്ങള്‍ അതിന് നികുതി നല്‍കണം.അയര്‍ലണ്ട് ആണ് നിങ്ങളുടെ സ്വന്തം രാജ്യമെന്നു കരുതി ഇങ്ങോട്ടേക്ക് സ്ഥിര താമസമാക്കുന്നപക്ഷം നിങ്ങളുടെ കാര്യത്തില്‍ മാറ്റം ഉണ്ടാവും . ഈ നികുതി പ്രശ്നങ്ങള്‍ നിങ്ങളേയും ബാധിക്കും. അല്ലാത്ത കാലത്തോളം നിങ്ങള്‍ക്കു ഭയപ്പെടാന്‍ യാതൊന്നുമില്ല

ധനകാര്യ വിദഗ്ദ നല്‍കുന്ന മറുപടി അനുസരിച്ച് ഐറിഷ് പൗരത്വം സ്വീകരിച്ചവര്‍ നികുതിയുമായി ബന്ധപ്പെട്ട മേഖലകളില്‍ നിദാന്ത ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ കുരുക്കിലായേക്കാം.അയര്‍ലണ്ടിന്റെ ടാക്‌സ് ഘടനയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഐറിഷ് പൗരന്മാര്‍ കടപ്പെട്ടവരാണ്.സെപ്റ്റംബര്‍ മാസം മുതല്‍ അയര്‍ലണ്ടിലെയും മറ്റു രാജ്യങ്ങളിലെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരസ്പരം കൈമാറണമെന്ന് ധാരണയുണ്ട്.ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ സാങ്കേതികമായി ഇത് നടപ്പാക്കാന്‍ എത്ര കാലതാമസം എടുക്കുമെന്ന് പറയാനാവില്ലെങ്കിലും,അനധിവിദൂര ഭാവിയില്‍ നിശ്ചയമായും ഇവ സംഭവിക്കുക തന്നെ ചെയ്യും.അത് കൊണ്ട് തന്നെ സുതാര്യമായ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ക്കേ നിലനില്‍പ്പുണ്ടാവുകയുള്ളു എന്നും ഉറപ്പാണ്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top