Friday August 18, 2017
Latest Updates

ഡണ്‍ലേരിക്ക് പോകേണ്ട വിസ പോയത് ലണ്ടന്‍ ഡെറിയ്ക്ക്,അവധിക്ക് ഇന്ത്യയ്ക്ക് പോകേണ്ടവര്‍ പാതി വഴിയില്‍ !

ഡണ്‍ലേരിക്ക് പോകേണ്ട വിസ പോയത് ലണ്ടന്‍ ഡെറിയ്ക്ക്,അവധിക്ക് ഇന്ത്യയ്ക്ക് പോകേണ്ടവര്‍ പാതി വഴിയില്‍ !

ഡബ്ലിന്‍: ഇന്ത്യയിലേക്കുള്ള യാത്രികരെ പ്രതിസന്ധിയിലേക്ക് വലിച്ചിഴയ്ക്കുന്ന നയം തുടരുന്ന ഇന്ത്യന്‍ എംബസിയുടെ നിലപാടിനെതിരെ ജനരോഷം ശക്തമാകുന്നു.അവധിക്കാലം അടുത്തതോടെ നൂറുകണക്കിന് പേരാണ് ഓരോ ദിവസവും വീസാ അപേക്ഷയ്ക്കും മറ്റുമായി എംബസിയെ സമീപിച്ചു കൊണ്ടിരിക്കുന്നത്.ഇന്ന് രാവിലെ മുതല്‍ ഉച്ചകഴിഞ്ഞ് 3 മണിവരെ എംബസിയുടെ വെബ് സൈറ്റില്‍ കൂടി വിസായ്ക്കുള്ള ഓണ്‍ ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള സംവിധാനവും പ്രവര്‍ത്തന രഹിതമായിരുന്നു.മിക്ക ദിവസങ്ങളിലും ഇത്തരം സാങ്കേതിക തകരാറുകള്‍ ഓണ്‍ ലൈന്‍ അപേക്ഷകരെ ബാധിക്കാറുണ്ടെന്നു പറയപ്പെടുന്നു..

ഓ സി എ കാര്‍ഡുകളും,വിസയും തെറ്റായ അഡ്രസില്‍ പോസ്റ്റ് ചെയ്യുന്നത് ഇപ്പോള്‍ സ്ഥിരം പരാതിയ്ക്ക് കാരണമായിട്ടുണ്ട്.കഴിഞ്ഞ ദിവസം ഡണ്‍ലേരിയില്‍ നിന്നും വിസ കളക്റ്റ് ചെയ്യാനുള്ള ദിവസം എംബസിയില്‍ ചെന്നയാള്‍ക്ക് പാസ്‌പോര്‍ട്ടും വിസയും പോസ്റ്റില്‍ അയച്ചുവെന്ന മറുപടിയാണ് ലഭിച്ചത്.എന്നാല്‍ കൃത്യമായ പോസ്റ്റല്‍ അഡ്രസോ ,മറുപടി കവറോ എംബസിയില്‍ സമര്‍പ്പിച്ചിരുന്നില്ലാത്തതിനാല്‍ അത്തരമൊരു സാധ്യതയില്ലെന്ന് കണ്ട അപേക്ഷകന്‍ അക്കാര്യം പറഞ്ഞപ്പോള്‍ എംബസി ജീവനക്കാരന്‍ പാസ് പോര്‍ട്ട് തിരയാന്‍ തയാറായി.അവസാനം നോര്‍ത്തേന്‍ അയര്‍ലണ്ടിലെ ലണ്ടന്‍ ഡെറിയ്ക്ക് പോസ്റ്റ് ചെയ്യാന്‍ വെച്ചിരുന്ന ഇതേ പേരിനോട് സാമ്യമുള്ള മറ്റൊരാളുടെ പേരിലുള്ള പോസ്റ്റ് കവറില്‍ നിന്നും ഇദ്ദേഹത്തിന്റെ യാത്രാരേഖകള്‍ കണ്ടെടുക്കുകയായിരുന്നു.

ഓ സി ഐ കാര്‍ഡ് വൈകുന്നതുമായി വന്ന കുഴപ്പങ്ങള്‍ ഡല്‍ഹിയില്‍ ആവശ്യത്തിന് ഓ സി എ ബുക്കുകള്‍ ലഭ്യമാവാത്തത് മൂലമാണെന്ന് ഒരു മുതിര്‍ന്ന എംബസി ഉദ്യോഗസ്ഥന്‍ ‘ഐറിഷ് മലയാളി’യോട് പറഞ്ഞു.എന്നാല്‍ മൂന്ന് മാസത്തില്‍ കൂടുതല്‍ യാതൊരു കാരണവശാലും ഓ സി ഐ കാര്‍ഡുകള്‍ വൈകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ നിന്നും ഡബ്ലിനില്‍ തിരിച്ചെത്തിയാല്‍ ഉടന്‍ ആ വിവരം അപേക്ഷകരെ അറിയിക്കുന്നുണ്ടെന്നും,എംബസിയില്‍ നിന്നുള്ള അറിയിപ്പുകള്‍ സ്പാം /ജങ്ക് മെയിലിലും നോക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.(മൂന്ന് മാസത്തിന് മുന്‍പ് അപേക്ഷിച്ച മൂന്നു പേര്‍ കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച രേഖകള്‍ ‘ഐറിഷ് മലയാളി’യ്ക്ക് അയച്ചു തന്നിരുന്നു.ഇവയുമായി എംബസിയില്‍ എത്തിയ ഐറിഷ് മലയാളിയുടെ പ്രതിനിധിയോട് ഈ മൂന്നുപേര്‍ക്കും ഇരുപതു ദിവസം മുന്‍പേ ഓ സി ഐ കാര്‍ഡ് എംബസിയില്‍ എത്തിയ വിവരം അറിയിച്ചു മെയില്‍ ചെയ്തിരുന്നതായി എംബസി അധികൃതര്‍ അറിയിച്ചു.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവര്‍ക്കുള്ള കത്തുകള്‍ സ്പാം മെയിലിലാണ് പോയതെന്ന് കണ്ടെത്തുകയുണ്ടായി.അന്‍പതും നൂറും മെയിലുകള്‍ ഒന്നിച്ച് അയയ്ക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു.)

ഫോട്ടോ മാറ്റി ഒട്ടിയ്ക്കുന്നതടക്കം ഒട്ടേറെ പിഴവുകള്‍ നിത്യേനെ പരാതിയായി എത്തുന്നുണ്ട്.കഴിഞ്ഞ ദിവസം മലയാളി പെണ്‍കുട്ടിയുടെ ഫോട്ടോയ്ക്ക് പകരം ഐറിഷ്‌കാരന്റെ ഫോട്ടോ ഒട്ടിച്ച സംഭവത്തില്‍ എംബസി അധികൃതര്‍ അപേക്ഷകയുടെ രക്ഷിതാവിനോട് ഖേദം പ്രകടിപ്പിച്ചു.ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് ഉദ്ദ്യോഗസ്ഥര്‍ പറഞ്ഞു.

മാസങ്ങളായി ഓ സി ഐ കാര്‍ഡ് അപേക്ഷിച്ചു കാത്തിരിക്കുന്നവര്‍ക്ക് അവധിക്കാലത്ത് നാട്ടിലേയ്ക്ക് പോകാന്‍ വിസയും ലഭ്യമാവാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്.ഏതാനം ദിവസം കൊണ്ട് സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് എംബസി അധികൃതര്‍.

മൂന്ന് മാസം പരമാവധിയാണ് ഓ സി ഐ കാര്‍ഡിനുള്ള കാത്തിരിപ്പ് കാലാവധിയെന്ന് എംബസി അവകാശവാദം ഉന്നയിക്കുമ്പോഴും അതില്‍ കൂടുതല്‍ സമയം ഇതിനു വേണ്ടാതായി പരക്കെ ആരോപണമുണ്ട്.

സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു മാധ്യമം എന്ന നിലയില്‍ ‘ഐറിഷ് മലയാളി, എംബസിയുടെ വാദം ശരിയാണോ എന്ന് പരിശോധിച്ചറിയാനുള്ള ഒരു പദ്ധതി പ്രഖ്യാപിക്കുകയാണ്.ഓ സി ഐ കാര്‍ഡിന് അപേക്ഷിച്ച് മൂന്നു മാസത്തിലധികം കഴിഞ്ഞവരില്‍ താല്പര്യമുള്ളവര്‍ക്ക് വേണ്ടി എംബസിയില്‍ നിന്നും ഓ സി ഐ കാര്‍ഡ് വൈകാനുള്ള കാരണം അന്വേഷിച്ചു നിജസ്ഥിതി അറിയിക്കാനുള്ള ദൗത്യം ‘ഐറിഷ് മലയാളി ‘ഏറ്റെടുക്കുകയാണ്.താല്‍പര്യമുള്ളവര്‍ ജൂണ്‍ 10 ന് മുന്‍പായി ഇതുസംബന്ധിച്ച രേഖകള്‍ സഹിതം infoirishmalayali@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.

Scroll To Top