Saturday October 20, 2018
Latest Updates

ട്രാക്കര്‍ മോര്‍ട്ട് ഗേജ് തട്ടിപ്പ്: എഐബി മേധാവികളെ പ്രതീകാത്മകമായി അറസ്റ്റ് ചെയ്തു ജനകീയ വിചാരണ,മാര്‍ഗരറ്റ ഡി ആര്‍സിയുടെ പോരാട്ടത്തിന് നിറഞ്ഞ കൈയ്യടി

ട്രാക്കര്‍ മോര്‍ട്ട് ഗേജ് തട്ടിപ്പ്: എഐബി മേധാവികളെ പ്രതീകാത്മകമായി അറസ്റ്റ് ചെയ്തു ജനകീയ വിചാരണ,മാര്‍ഗരറ്റ ഡി ആര്‍സിയുടെ പോരാട്ടത്തിന് നിറഞ്ഞ കൈയ്യടി

ഡബ്ലിന്‍ : ട്രാക്കര്‍ കുംഭകോണത്തിലുള്‍പ്പെട്ട എഐബി ബോര്‍ഡ് അംഗങ്ങളേയും എക്സിക്യൂട്ടീവ് മാനേജ്മെന്റിനെയും യുദ്ധവിരുദ്ധ പ്രവര്‍ത്തകയും പ്രചാരകയുമായ മാര്‍ഗരറ്റ ഡി ആര്‍ സി പ്രതീകാത്മകമായി അറസ്റ്റ് ചെയ്തു. ബാള്‍ട്ടിബ്രിഡ് ഹോട്ടലില്‍ ബാങ്കിന്റെ ഷെയര്‍ഹോള്‍ഡര്‍ ഇജിഎമ്മില്‍ ആയിരുന്നു ജനകീയ പ്രതിഷേധമെന്ന നിലയില്‍ കുറ്റാരോപിതരുടെ അറസ്റ്റ് അവര്‍ പ്രഖ്യാപിച്ചത്.സംഘാടകരെയാകെ ആകെ ഞെട്ടിച്ച ഈ കിടിലന്‍ പ്രതിഷേധത്തിന് സദസ്സ് വന്‍ സ്വീകരണമാണ് നല്‍കിയത്.

ഔദ്യോഗികമായി മീറ്റിംഗ് ആരംഭിക്കുന്നതിനുമുമ്പ് ഡി ആര്‍സി ഇ.ജി.എം സ്റ്റേജില്‍ എത്തിയിരുന്നു.പ്രസംഗം ആരംഭിച്ചപ്പോള്‍, ചിലര്‍ സ്റ്റേജില്‍ നിന്ന് പുറത്തുകടക്കാന്‍ ഇവരോട് ആവശ്യപ്പെട്ടു. പക്ഷേ, എന്നിട്ടും അവര്‍ സംസാരം തുടര്‍ന്നതോടെ എതിര്‍ത്തവര്‍ പിന്‍വാങ്ങി.

ട്രാക്കര്‍ മോര്‍ട്ട് ഗേജ് അഴിമതിക്കാരായ അലൈഡ് ഐറിഷ് ബാങ്ക് പിഎല്‍സി ബോര്‍ഡ് മാനേജ്മെന്റിനെ ജനകീയമായി അറസ്റ്റ് ചെയ്യാന്‍ പോകുകയാണെന്ന് അറിയിക്കുന്ന കത്ത് വായിച്ചു.ബാങ്കുകാരുടെ നെറികേട് അക്കമിട്ടു വിശദീകരിക്കുന്ന വിധി പ്രസ്താവനയായിരുന്നു കത്തിന്റെ ഉള്ളടക്കം.

ട്രാക്കര്‍ മോര്‍ട്ട്ഗേജ് ഉല്‍പന്നം നിരസിച്ചതിലൂടെയും തെറ്റായ പലിശ നിരക്കിലൂടെയും കുറഞ്ഞത് 20,000 പേരെയെങ്കിലും കബളിപ്പിച്ചു.സെന്‍ട്രല്‍ ബാങ്ക് പരിശോധന പൂര്‍ത്തിയാകുമ്പോള്‍ കബളിപ്പിക്കപ്പെട്ടവരുടെ എണ്ണം 30,000 ആകും.4,000ലേറെ എ.എല്‍.ബി കസ്റ്റമര്‍മാരും ഇതില്‍ വഞ്ചിതരായെന്നും അവര്‍ പറഞ്ഞു.പ്രശ്നത്തിന് ഇരയായവര്‍ക്ക് ഗുരുതരമായ ശാരീരികവും മാനസികവുമായ നാശനഷ്ടങ്ങളാണ് ഉണ്ടായത്.ഇത് നമ്മുടെ സാമൂഹ്യസേവനങ്ങള്‍, പൊതു ഹൗസിംഗ് റിസോഴ്സസ്, ആശുപത്രികള്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ തുടങ്ങിയവയെ സമ്മര്‍ദ്ദത്തിലാഴ്ത്തുമെന്ന് ഡി ആര്‍സി കത്തില്‍ ചൂണ്ടിക്കാട്ടി.

കുറ്റക്കാരായ ബോര്‍ഡ് അംഗങ്ങളെ കസ്റ്റഡിയില്‍ എടുത്ത് അടുത്തുള്ള ഗാര്‍ഡ സ്റ്റേഷനിലേക്ക് പോകുന്നതായി പ്രഖ്യാപിച്ചാണ് അവര്‍ പ്രസംഗം അവസാനിപ്പിച്ചത്.സദസ്സിലുണ്ടായിരുന്നവരോട് നിങ്ങളും എന്റെ കൂടെ വരുമോ എന്നചോദ്യവും ഉന്നയിച്ച ശേഷമാണ് അവര്‍ വേദി വിട്ടത്.ആര്‍സിയുടെ ഈ ജനകീയ പ്രതിഷേധത്തെ നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.

യുദ്ധ വിരുദ്ധ പ്രവര്‍ത്തകയും അസോഡാനയിലെ അംഗവുമൊക്കെയായ ഗോള്‍വേയിലെ പ്രശസ്ത എഴുത്തുകാരിയാണ് ആര്‍സി.രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ദീര്‍ഘകാല ചരിത്രത്തിനുടമയുമാണ് ഇവര്‍.ഷാനന്‍ എയര്‍പോര്‍ട്ടിനെ അനധികൃതമായി അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ ഉപയോഗപ്പെടുത്തിയതിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയതിന്റെ പേരില്‍ 2013 ല്‍ ജയില്‍ ശിക്ഷ അനുഭവിച്ചു.ഇവരെ വിട്ടയക്കണമെന്ന പ്രചാരണത്തിന്റെ ഭാഗമായി പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ്, ഭാര്യ സബിന, ഷീന്‍ ഫെയിന്‍ പ്രസിഡന്റ് ജെറി ആഡംസ് എന്നിവര്‍ ആര്‍സിയെ സന്ദര്‍ശിച്ചു.ആ വര്‍ഷം തന്നെ അവര്‍ ജയില്‍ മോചിതയുമായിരുന്നു.

Scroll To Top