Sunday December 17, 2017
Latest Updates

ട്രാക്കര്‍ മോര്‍ട്ട്‌ഗേജ് തട്ടിപ്പില്‍ നടപടിയില്ല; ഉന്നതര്‍ നിയമത്തിന് അതീതരോ? കെന്നിയും വരദ്കറും പ്രതിക്കൂട്ടില്‍ ?

ട്രാക്കര്‍ മോര്‍ട്ട്‌ഗേജ് തട്ടിപ്പില്‍ നടപടിയില്ല; ഉന്നതര്‍ നിയമത്തിന് അതീതരോ? കെന്നിയും വരദ്കറും പ്രതിക്കൂട്ടില്‍ ?

ഡബ്ലിന്‍ : വൈറ്റ് കോളര്‍ കുറ്റവാളികള്‍ നിയമത്തിന്റെ പരിധിക്കുപുറത്താണോ? ജനത്തിന്റെ കയ്യില്‍നിന്നു കോടിക്കണക്കിനു യൂറോ തട്ടിച്ചെടുത്ത ബാങ്കുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കുകയാണ്. ട്രാക്കര്‍ മോര്‍ട്ട്‌ഗേജ് തട്ടിപ്പിന് 20000 പേരെങ്കിലും ഇരയായെന്നാണ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പറഞ്ഞത്; ഐറിഷ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്ന്. നിയമ നടപടികള്‍ സ്വീകരിക്കാനാണ് തട്ടിപ്പിനിരയായവരോട് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. വീടു കൊള്ളയടിച്ചവരെക്കുറിച്ച പരാതി നല്‍കുമ്പോള്‍ കോടതിയില്‍ പോകാന്‍ ഗാര്‍ഡാ പറയുന്നതുപോലുള്ള നടപടി!.

ബാങ്കുകള്‍ക്കെതിരെ നടപടി സ്വീകരിക്കാനും കബളിപ്പിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാനും തങ്ങള്‍ക്ക് നിയമപരമായ അധികാരങ്ങള്‍ കുറവാണെന്നാണ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഫിലിപ് ലെയിന്‍ പറയുന്നത്. കുരയ്ക്കാനറിയാത്ത നായ എന്നാണ് സിന്‍ ഫെയിനിന്റെ പിയേഴ്‌സ് ദൊറേത്തി ഗവര്‍ണറടെ പ്രസ്താവനയെക്കുറിച്ച് പറഞ്ഞത്.

സാമ്പത്തിക തകര്‍ച്ചയുടെ കാലത്ത് ഫിനാന്‍ഷ്യല്‍ റെഗുലേറ്ററായിരുന്ന പാട്രിക് നിയറിയുടെ പ്രേതങ്ങള്‍ ഇപ്പോഴും സെന്‍ട്രല്‍ ബാങ്കില്‍ അലയുന്നു എന്നു കരുതേണ്ടിവരും. പഴയ ബാങ്കിങ് തകര്‍ച്ചയുടെ കാലത്ത് പറഞ്ഞത് ബാങ്കുകള്‍ക്കുമേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നാണ്. എന്നാല്‍ നാളിതുവരെയായിട്ടും യാതൊരു നിയന്ത്രണങ്ങളും ഇല്ലെന്നു മാത്രമല്ല ബാങ്കുകള്‍ അവരുടെ സ്വന്തം നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇനിയും ഒരു തട്ടിപ്പ് തടയുന്നതിനുള്ള നടപടികള്‍ പോലും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.

സെന്‍ട്രല്‍ ബാങ്ക് ഇടപെടുംവരെ തട്ടിപ്പിനെക്കുറിച്ച് ബാങ്കുകള്‍ സമ്മതിച്ചിരുന്നില്ലെന്നാണ് ഫിലിപ് ലെയിന്‍ ഫിനാന്‍സ് കമ്മിറ്റിയോട് പറഞ്ഞത്. ഗാര്‍ഡായുമായും മറ്റ് ഏജന്‍സികളുമായും കൂടിച്ചേര്‍ന്ന് നടപടിക്കുള്ള നീക്കങ്ങള്‍ നടത്തുന്നതായും ലെയിന്‍ പറയുന്നു.

ട്രാക്കര്‍ വിവാദം ഫിന ഗെയില്‍ പാര്‍ട്ടിയുടെ സന്താനമാണ്. 2011 മുതല്‍ അവരായിരുന്നു ഭരണത്തില്‍. അന്നുമുതല്‍ ഈ തട്ടിപ്പിനു നേരെ കണ്ണടയ്ക്കുകയായിരുന്നു അവര്‍. വരദ്കര്‍ ഇപ്പോള്‍ ചെയ്യുന്നതും കണ്ണില്‍ പൊടിയിടുന്നതിനുള്ള കാട്ടിക്കൂട്ടലുകളാണെന്നു സംശയിക്കണം.

ബാങ്കുകളുടെ നടപടിയിലൂടെ ഒട്ടേറെപ്പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു. പലര്‍ക്കും തങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ വെട്ടിക്കുറയ്‌ക്കേണ്ടിവന്നു. ട്രാക്കര്‍ മോര്‍ട്ട്‌ഗേജ് ഇടപാടുകാര്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്നു പറഞ്ഞ വരദ്കര്‍ ഇപ്പോള്‍ ഒന്നും ചെയ്യുന്നില്ല. ജനം ബാങ്കുകളും തലവന്‍മാരുടെ വീടുകളും ഉപരോധിക്കുന്നതിലടക്കമുള്ള നടപടികളിലേക്കു നീങ്ങിയാലും അദ്ഭുതപ്പെടാനില്ല

Scroll To Top