Monday February 20, 2017
Latest Updates

ടോയ്‌ലറ്റ് പേപ്പറുകളും സ്റ്റേഷനറി സാധനങ്ങളും കുട്ടികള്‍ സംഭാവന ചെയ്യണമെന്ന് താലയിലെ സ്‌കൂള്‍ 

ടോയ്‌ലറ്റ് പേപ്പറുകളും സ്റ്റേഷനറി സാധനങ്ങളും കുട്ടികള്‍ സംഭാവന ചെയ്യണമെന്ന് താലയിലെ സ്‌കൂള്‍ 

താല: സ്‌കൂളിലേക്ക് രക്ഷിതാക്കള്‍ ടോയ്‌ലറ്റ് പേപ്പര്‍ സംഭാവന ചെയ്യണമെന്ന് ജോബ്‌സ്‌ടൌണിലെ സെന്റ് മള്‍റീന്‍സ് നാഷണല്‍ സ്‌കൂള്‍. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് അയച്ച കത്തിലാണ് സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജെന്നിഫര്‍ ഹാക്കറ്റാണ് കത്തയച്ചത്. ടോയ്‌ലറ്റ് പേപ്പറിന് പുറമേ സ്റ്റേഷനറി സാധനങ്ങള്‍ സംഭാവന ചെയ്യണമെന്നും സ്‌കൂള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എ4 സൈസ് പേപ്പറുകള്‍, ലാമിനേഷന്‍ പൗച്ചുകള്‍ തുടങ്ങിയവയാണ് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്ന മറ്റ് സ്റ്റേഷനറി സാധനങ്ങള്‍. 

സ്‌കൂള്‍ ബജറ്റില്‍ ഏറ്റവുമധികം തുക ചെലവാകുന്നത് പേപ്പറുകള്‍ക്കും ലാമിനേഷന്‍ പൗച്ചുകള്‍ക്കും ടോയ്‌ലറ്റ് പേപ്പറിനുമാണെന്ന് സ്‌കൂള്‍ അധികൃതര്‍ വിശദീകരിച്ചു. ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് സംഭാവന തേടിയതെന്നും സ്‌കൂള്‍ അധികൃതര്‍ വിശദീകരിച്ചു. അതേസമയം സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ രക്ഷിതാക്കള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. സ്‌കൂളിലേക്ക് ആവശ്യത്തിന് പണം സംഭാവന ചെയ്യുന്നുണ്ട്. ഇനിയും ഇത്തരം സംഭാവനകള്‍ ആവശ്യപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. 

അതേസമയം അംഗീകാരമുള്ള എല്ലാ പ്രൈമറി സ്‌കൂളുകളുടെയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് വക്താവ് പറഞ്ഞു. സ്‌കൂള്‍ ബജറ്റ് നിയന്ത്രിക്കുന്നത് അതാത് സ്‌കൂളുകളുടെ മാനേജ്‌മെന്റാണെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

Scroll To Top