Thursday October 18, 2018
Latest Updates

ടേക്ക് ബാക്ക് ദി സിറ്റി ചലഞ്ചില്‍ ആയിരങ്ങളുടെ പ്രതിഷേധമിരമ്പി,രണ്ടും കല്‍പ്പിച്ച് ജനം,കണ്ട ഭാവം നടിക്കാതെ സര്‍ക്കാര്‍ പക്ഷം 

ടേക്ക് ബാക്ക് ദി സിറ്റി ചലഞ്ചില്‍ ആയിരങ്ങളുടെ പ്രതിഷേധമിരമ്പി,രണ്ടും കല്‍പ്പിച്ച് ജനം,കണ്ട ഭാവം നടിക്കാതെ സര്‍ക്കാര്‍ പക്ഷം 

ഡബ്ലിന്‍:രാജ്യത്ത് രൂക്ഷമായി തുടരുന്ന ഭവന പ്രതിസന്ധിയില്‍ സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ നടത്തിയ ടേക്ക് ബാക് ദി സിറ്റി ചലഞ്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു ഡബ്ലിനിലെ ഗാര്‍ഡന്‍ ഓഫ് റീമെമ്പറന്‍സില്‍ ഒത്തു കൂടിയ സമരക്കാര്‍ പ്രകടനമായി നഗരവീഥികളിലൂടെ ഒകോണല്‍ ബ്രിഡ്ജിലെത്തി കുത്തിയിരുന്നു തടസ്സപ്പെടുത്തിയതോടെ മണിക്കൂറുകളോളം നഗരം സ്തംഭിച്ചു.

രാജ്യത്തുടനീളം നിരവധി കേന്ദ്രങ്ങളില്‍ ടേക് ബാക്ക് സിറ്റി കാമ്പയിന് പിന്തുണ നല്‍കി നാഷണല്‍ ഡേ ഓഫ് ആക്ഷനില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് പേരാണ് എത്തിയത്.

ക്രംലിനില്‍ ഒത്തു കൂടിയ പ്രക്ഷോഭകര്‍ ഒഴിഞ്ഞു കിടന്ന ഒരു വീട് പിടിച്ചെടുത്താണ് സമരത്തില്‍ ഭാഗഭാക്കായത്.ഡബ്ലിനില്‍ മേഖലയില്‍ ഇത് നാലാമത്തെ ബില്‍ഡിംഗാണ് ഇതോടെ സമരക്കാര്‍ പിടിച്ചെടുത്തത്.രണ്ടര വര്‍ഷമായി ഒഴിഞ്ഞു കിടന്ന ഒരു കെട്ടിടമാണ് സമരക്കാര്‍ കൈവശപ്പെടുത്തിയത്.

സമരത്തെ അഭിസംബോധന ചെയ്ത ഷിന്‍ ഫിന്‍ പാര്‍ട്ടി പ്രസിഡന്റ് മേരി മക് ഡൊണാള്‍ഡ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു ഗവണ്മെന്റിന്റെ ഭവന പദ്ധതി ശുദ്ധ പരാജയമാണെന്നും പ്രതിസന്ധി പരിഹരിക്കുന്നതിനു പകരം തീവ്രമാകാനാണ് ഗവണ്മെന്റ ശ്രമിച്ചതെന്നും അവര്‍ കുറ്റപ്പെടുത്തി.

ഭവന മന്ത്രിയായ ഓവന്‍ മര്‍ഫിയ്‌ക്കെതിരെ ഡയലില്‍ വ്യാഴാഴ്ച അവിശ്വാസപ്രമേയം കൊണ്ടു വരുമെന്നും അവര്‍ വ്യക്തമാക്കി.സമരാനുകൂലികളായ ഫെലന്‍, അന്നാ സ്മിത്ത് എന്നിവര്‍ പ്രതിസന്ധി മൂലം തങ്ങള്‍ അനുഭവിച്ച യാതനകള്‍ പങ്കു വെക്കുകയുണ്ടായി
വീടില്ലാതെ ജനങ്ങള്‍ അലയുമ്പോഴും ഗവണ്മെന്റ് അനങ്ങാപ്പാറ നയം തുടരുകയാണ്

സമരത്തില്‍ പങ്കെടുക്കുന്നത് വിദ്യാര്‍ഥികളും ചെറുപ്പകാരുമാണെന്നാണ് പൊതുവേയുള്ള ധാരണ എന്നാല്‍ പ്രതിസന്ധി എല്ലാവരെയും ബാധിച്ചിട്ടുണ്ട് ഫെലന്‍ തുടര്‍ന്നു ‘എനിക്കും എന്റെ മകള്‍ക്കും വീടില്ല ഡബ്ലിനിലെ സിറ്റി കൗണ്‌സിലിന്റെ ഉടമസ്ഥതയിലുള്ള 2 മുറി വീട്ടില്‍ 8 പേര്‍ തിങ്ങി ജീവിക്കുന്ന അവസ്ഥ തനിക്കറിയാം, ഡബ്ലിന്‍ സിറ്റി വീടില്ലാത്തവരെ കൊണ്ടു നിറയുന്നു, ഭവന മന്ത്രി ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനമൊഴിയേണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

തന്റെ സഹോദരിയും കുഞ്ഞും വീടില്ലതെ അലയുന്ന ദുരവസ്ഥയെ പറ്റിയായിരുന്നു പ്രക്ഷോഭകാരിയായ സ്മിത്തിന് പറയാനുണ്ടായിരുന്നത്.

യൂസിഡിയില്‍ സമരത്തിനെത്തിയ വിക് ലോയില്‍ നിന്നുള്ള ഏഴുപത് വയസ് പ്രായമുള്ള മോറി ഈ ലേഖകനോട് പറഞ്ഞത് ഇങ്ങനെയാണ് ‘മൂന്നു വര്‍ഷം മുമ്പാണ് ബാങ്ക് എന്റെ വീട് പിടിച്ചെടുത്തത്.അന്ന് മുതല്‍ ഞാന്‍ അലഞ്ഞു തിരിയുകയാണ്.ഡബ്ലിനിലുള്ള എന്റെ രണ്ടു മക്കളുടെ വീടുകളിലും ,ബന്ധുക്കളുടെ വീടുകളിലും മാറി മാറി താമസിക്കും.ബാങ്ക് ഒഴിപ്പിച്ച വീട് ഇപ്പോഴും അവര്‍ വില്‍ക്കുകയോ,വാടകയ്ക്ക് നല്‍കുകയോ ചെയ്തിട്ടില്ല.

എന്നെ പോലെ വീട് നഷ്ട്ടപ്പെട്ട ആയിരക്കണക്കിന് പേര്‍ ഈ നഗരത്തിലുണ്ട്.ഞങ്ങള്‍ ഞങ്ങളുടെ വീടുകള്‍ തിരികെ പിടിയ്ക്കും.ഇക്കാര്യത്തില്‍ ഞങളുടെ മക്കളും ബന്ധുക്കളുമൊക്കെ ഞങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്.അടുത്ത ദിവസങ്ങള്‍ രാജ്യത്ത് ഉയരാന്‍ പോകുന്ന ജനങ്ങളുടെ നിലവിളിയുടെ സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ അത് ദുരിതമായിരിക്കും ‘നിങ്ങളുടെ പ്രധാനമന്ത്രിയ്ക്ക്..ഒന്നുകില്‍ ജീവിതം അല്ലെങ്കില്‍ മരണം എന്ന നിലയിലാണ് ഞങ്ങളുടെ ഓപ്ഷന്‍ .മോറി പറഞ്ഞു.

സര്‍ക്കാരാവട്ടെ ജനത്തിന്റെ സമരത്തെ പുശ്ചിച്ച് തള്ളുകയാണ്.സമരം അനാവശ്യമാണെന്നും,നിയമലംഘനമാണ് എന്നുമാണ് വിവിധ മന്ത്രിമാര്‍ അഭിപ്രയപ്പെട്ടത്.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top