Tuesday February 21, 2017
Latest Updates

ടി പി വധം: ഗൂഢാലോചനക്കേസ് സി ബി ഐക്ക് കൈമാറിയേക്കും , ഉന്നത സി പി എം നേതാക്കള്‍ കുടുങ്ങിയേക്കും

ടി പി വധം: ഗൂഢാലോചനക്കേസ് സി ബി ഐക്ക് കൈമാറിയേക്കും , ഉന്നത സി പി എം നേതാക്കള്‍ കുടുങ്ങിയേക്കും

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് നടന്ന ഉന്നതതല ഗൂഢാലോചനയെ കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ഇത് പ്രഖ്യാപിക്കുമെന്നാണ് സൂചന. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷായാത്ര തിരുവനന്തപുരത്ത് എത്തുന്ന ദിവസമാണ് ഇന്ന്. ആ സമയത്ത് തന്നെ തലസ്ഥാന നഗരിയില്‍ നിന്ന് സി ബി ഐ അന്വേഷണം പ്രഖ്യാപിച്ച് സി പി എമ്മിന് അടികൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ടി.പിയുടെ വിധവ കെ.കെ. രമ ഈ ആവശ്യം ഉന്നയിച്ച് നടത്തുന്ന സമരം പെട്ടെന്ന് നിര്‍ത്തിവെപ്പിക്കാന്‍ കൂടിയാണ് പുതിയ തീരുമാനം.

ഇതിനിടെ ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയുടെ പരാതിയില്‍ വധഗൂഢാലോചന കേസാണ് രജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട് എടച്ചേരി പോലീസാണ് കേസെടുത്തത്. 2012ല്‍ ടി.പി കൊല്ലപ്പെട്ടതിനു പിന്നിലെ ഗൂഢാലോചനയാണ് അന്വേഷിക്കുക. ടി.പിയെ വധിക്കാന്‍ സിപിഎം നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്നാണ് പരാതി. സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചാല്‍ ഈ കേസിന്റെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണം കൈമാറുക.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി സി.ബി.ഐ അന്വേഷണത്തിന്റെ വിവിധ സാദ്ധ്യതകളെപ്പറ്റി പലതവണ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം,ക്രൈംബ്രാഞ്ച് മേധാവി വിന്‍സണ്‍ എം. പോള്‍ എന്നിവരുമായി കൂടിയാലോചന നടത്തിയ രമേശ് സി.ബി.ഐ അന്വേഷണം ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചതായി വിശ്വസനിയ കേന്ദ്രങ്ങള്‍ പറയുന്നു. രമയുടെ നിരാഹാരത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, വയലാര്‍രവി, കെ. സുധാകരന്‍ എം.പി, വി.എം. സുധീരന്‍, ടി. സിദ്ദിഖ് എന്നിവരും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. സി.ബി.ഐ അന്വേഷണത്തെ വളരെ ഗൗരവപൂര്‍വമാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രമയുടെ സമരപ്പന്തലില്‍ പോയി പ്രഖ്യാപിച്ചതും സര്‍ക്കാര്‍ നിലപാടിലേക്കുള്ള സൂചനയാണ്.

സി പി എമ്മിലാവട്ടെ വി എസ് അച്യുതാനന്ദന്‍ ,ടി പി വധക്കേസിലുള്ള പാര്‍ട്ടിയുടെ പങ്കിനെ പറ്റി ഖിന്നനാണ്.കൊലപാതകത്തില്‍ സി പി എമ്മിന്റെ കണ്ണൂര്‍ ലോബിയ്ക്കുള്ള ഇടപെടലുകളെകുറിച്ചും വി എസ്സിന് മലബാറിലെ വിശ്വസ്തരില്‍ നിന്നും വ്യക്തമായ ധാരണകളുണ്ട്.

ഇതിന്റെയൊക്കെയടിസ്ഥാനത്തില്‍ പിണറായി പക്ഷത്തിനു കൂടുതല്‍ ആഘാതം ഏല്‍ക്കുന്ന സൂചനകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.ലോകസഭാ തിരഞ്ഞെടുപ്പില്‍ മിന്നും മുന്നേറ്റം നടത്താന്‍ പ്രതീക്ഷിച്ചിരുന്ന ഇടതു പക്ഷത്തിന് ടി പി യുടെ ഓര്‍മ്മകള്‍ വീണ്ടും ഉയരുന്നത് തിരിച്ചടിയാവും .ഇലക്ഷന്‍ പ്രചരണം നടത്തേണ്ട പ്രമുഖ നേതാക്കള്‍ പോലും ഗൂഡാലോചനക്കേസില്‍ കുടുങ്ങാന്‍ പോകുന്നകാഴ്ചയാണ് രാഷ്ട്രീയ കേരളം കാണാന്‍ പോകുന്നതെന്നാണ് സൂചനകള്‍

Scroll To Top