Sunday October 21, 2018
Latest Updates

ടി ട്വിന്റി പരമ്പര :അയര്‍ലണ്ടിലേയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ നായകന്‍ രോഹിത് ശര്‍മ്മ ,ദിനേശ് കാര്‍ത്തികും ടീമില്‍ 

ടി ട്വിന്റി പരമ്പര :അയര്‍ലണ്ടിലേയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ നായകന്‍ രോഹിത് ശര്‍മ്മ ,ദിനേശ് കാര്‍ത്തികും ടീമില്‍ 

ഡബ്ലിന്‍: അയര്‍ലണ്ടിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമുണര്‍ത്തി ഡബ്ലിനിലെത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയാണ് ടീം ക്യാപ്റ്റന്‍. എം എസ് ധോണി, ശിഖര്‍ ധവാന്‍ ,ദിനേശ് കാര്‍ത്തിക് , തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടുന്നതാണ് 16 അംഗ ഇന്ത്യന്‍ സംഘം. കാണികള്‍ക്കു ആവേശഭരിതമായ ഒരു പരമ്പര തന്നെ ഇന്ത്യന്‍ ടീം സമ്മാനിക്കുമെന്ന് വേണം പ്രതീക്ഷിക്കാന്‍.

അയര്‍ലണ്ടുമായുള്ള ഇന്ത്യന്‍ ടീമിന്റെ T20 പരമ്പരയിലെ ആദ്യ മത്സരം ജൂണ്‍ 27 നും രണ്ടാം മത്സരം ജൂണ്‍ 29 നാണു നടക്കുക. രണ്ടു മത്സരങ്ങളും ഡബ്ലിനിലെ മാലഹൈഡ് ഗ്രൗണ്ടിലാണ് നടക്കുക.

T20 പരമ്പരയില്‍ ഇന്ത്യന്‍ സംഘം അയര്‍ലണ്ട് ടീമിനോട് രണ്ടു മാച്ചുകളിലും, ഇംഗ്ലണ്ടിനോട് മൂന്നു മാച്ചുകളിലുമായാണ് ഏറ്റുമുട്ടുക.സ്‌ക്വഡിന്റെ ക്യാപ്റ്റനായ വിരാട് കോഹ്ലി അയര്‍ലണ്ടിലെ മത്സരങ്ങളില്‍ പങ്കെടുക്കില്ലെന്ന സൂചനയാണ് ഐസിസി നല്‍കുന്നത്. കോഹ്ലി ഇംഗ്‌ളണ്ടിലെ ഒരു കൗണ്ടി ക്ലബിന് വേണ്ടി കളിക്കാന്‍ ഈ ദിവസങ്ങളില്‍ കരാര്‍ എടുത്തിട്ടുള്ളതിനാലാണ് ഇതെന്ന് പറയപ്പെടുന്നു.കൗണ്ടി ടീമായ സറേയുമായി കരാറൊപ്പിട്ട കോഹ്ലിയുടെ അവസാന മത്സരം ജൂണ്‍ 25 മുതല്‍ 28 വരെ യോര്‍ക്ക്‌ഷെയറിനെതിരെയാണ്. ജൂണ്‍ മാസത്തില്‍ തങ്ങള്‍ കളിക്കുന്ന എല്ലാ കൗണ്ടി മത്സരങ്ങളിലും വിരാട് കോഹ്ലി ഉണ്ടായിരിക്കുമെന്നാണ് നേരത്തെ കോഹ്ലിയുമായി കരാറിലായ സറേ ടീം അറിയിച്ചിരുന്നത്. അങ്ങനെയാണ്  അഫ്ഗാനെതിരായ ടെസ്റ്റില്‍ നിന്ന് പിന്മാറേണ്ടി വന്നത് പോലെ അയര്‍ലണ്ടിനെതിരായ  ടി20 പരമ്പരയില്‍ നിന്നും ഇന്ത്യന്‍ നായകന് പിന്മാറേണ്ടി വന്നതത്രേ.

ഇംഗ്ലണ്ടിനെതിരായ T20 പരമ്പരയിലെ ആദ്യ മത്സരം ജൂലൈ 3 നു മാഞ്ചസ്റ്ററിലും, രണ്ടാം മത്സരം ജൂലൈ 6 നു കാര്‍ഡിഫിലും, ഫൈനല്‍ മത്സരം ബ്രിസ്റ്റോളില്‍ ജൂലൈ 8 നുമായാണ് നടക്കുക. ഈ ഇന്ത്യന്‍ ടീം തന്നെയാണ് നേരിയ മാറ്റങ്ങളോടെ അയര്‍ലണ്ടിലും പൊരുതുന്നത്.

അയര്‍ലണ്ടിനെതിരെയുള്ള ടിട്വിന്റി ടീം – രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, സുരേഷ് റെയ്ന, മനീഷ് പാണ്ഡെ, എംഎസ് ധോനി (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്, ചഹാല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹര്‍ദിക്ക് പാണ്ഡ്യ, സിദ്ധാര്‍ഥ് കൗള്‍, ഉമേഷ് യാദവ്.

ഇന്ത്യ അയര്‍ലണ്ട് മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഡബ്ലിനിലെ യൂറേഷ്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഇപ്പോള്‍ ലഭ്യമാണ്.പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ഐറിഷ് ദ്വീപില്‍ എത്തുന്ന ഇന്ത്യന്‍ ടീമിന്റെ ‘കളി കാണാനായുള്ള’ ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നതെന്ന് യൂറേഷ്യ സൂപ്പര്‍ മാര്‍ക്കറ്റ് മാനേജ്മെന്റ് വെളിപ്പെടുത്തി.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top