Sunday October 21, 2018
Latest Updates

ജ്ഞാനസ്നാനം ചെയ്ത കുട്ടികള്‍ക്ക് അയര്‍ലണ്ടിലെ സ്‌കൂള്‍ പ്രവേശനത്തിന് നിലവിലുള്ള മുന്‍ഗണന ക്രമം നിര്‍ത്തല്‍ ചെയ്യും 

ജ്ഞാനസ്നാനം ചെയ്ത കുട്ടികള്‍ക്ക് അയര്‍ലണ്ടിലെ സ്‌കൂള്‍ പ്രവേശനത്തിന് നിലവിലുള്ള മുന്‍ഗണന ക്രമം നിര്‍ത്തല്‍ ചെയ്യും 

ഡബ്ലിന്‍:ജ്ഞാനസ്നാനം ചെയ്ത കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിനു നിലവിലുള്ള മുന്‍ഗണന ക്രമം മാറുന്നു.

2019 സെപ്തംബര്‍ മുതല്‍ സ്‌കൂള്‍ പ്രവേശനത്തില്‍ മാമോദീസ മുങ്ങിയ കുട്ടികള്‍ക്കുള്ള പ്രത്യേക പരിഗണന അവസാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടണ്‍ വ്യക്തമാക്കി.കത്തോലിക്കാ സഭയ്ക്ക് കീഴിലുള്ള വിദ്യാലയങ്ങളിലെ ‘ജ്ഞാനസ്‌നാന കടമ്പ’ മറികടക്കുന്നതിനായി മന്ത്രിസഭ ഇന്നലെ ഭേദഗതി കൊണ്ടുവന്നിരിക്കുകയാണ്.

ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിനായി മന്ത്രിക്ക് പുതിയ അധികാരങ്ങള്‍ നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

എന്നാല്‍ സ്‌കൂള്‍ പ്രവേശനം സംബന്ധിച്ച ഈ ഭേദഗതികള്‍ കത്തോലിക്കാ ഗ്രൂപ്പുകളുടെ എതിര്‍പ്പിന് കാരണമാവുമെന്ന് ഭയപ്പെടുന്നതായി അറ്റോണി ജനറല്‍ അറിയിച്ചു. വിവിധ കത്തോലിക്കാ സംഘടനകള്‍ ഇത് കോടതിയില്‍ ചോദ്യം ചെയ്യാനിടയുണ്ട്. നിലവില്‍ പ്രൈമറി വിദ്യാലയങ്ങള്‍ക്ക് മാത്രമാവും ഈ ഭേദഗതികള്‍ ബാധകമാവുക.

അയര്‍ലണ്ടിലെ 90% വിദ്യാലയങ്ങളും കത്തോലിക്കാ സഭയ്ക്ക് കീഴിലുള്ളതാണ്.എന്നാല്‍ രാജ്യത്ത് മതമില്ലാത്തവരായി 20% ആളുകള്‍ ഉണ്ട്. കൂടാതെ 50% വിവാഹങ്ങള്‍ മാത്രമേ രാജ്യത്ത് കത്തോലിക്കാ ആചാരപ്രകാരം നടക്കുന്നുള്ളൂ.

മതന്യൂനപക്ഷങ്ങളുടെയും കത്തോലിക്കാ ഇതര ക്രൈസ്തവരുടെയും മതമില്ലാത്തവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ മാറ്റങ്ങള്‍ എന്ന് വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.കത്തോലിക്കാ കുടുംബങ്ങള്‍ക്ക് തങ്ങളുടെ കുട്ടികളെ സ്വസമുദായത്തിന്റെ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കുന്നതിനോ സ്‌കൂളുകള്‍ക്ക് അവരുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനോ യാതൊരു വിളക്കും ഉണ്ടാവില്ല എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭേദഗതി നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഒരു മത വിഭാഗത്തിന് മാത്രം അഡ്മിഷന്‍ നല്‍കുന്ന സ്‌കൂളുകള്‍ ഈക്വല്‍ സ്റ്റാറ്റസ് ആക്ടിന് വിരുദ്ധമായിരിക്കും. ഈ നടപടി കത്തോലിക്കാ മാനേജ്മെന്റുകള്‍ക്ക് കീഴിലെ രാജ്യത്തെ 90% സ്‌കൂളുകളെയും ബാധിക്കും. ജ്ഞാനസ്‌നാന കടമ്പയ്ക്കെതിരെ കാലങ്ങളായി വാദിക്കുന്ന രക്ഷിതാക്കളും സംഘടനകളും സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു.

എന്നാല്‍ മതന്യൂനപക്ഷ മാനേജ്മെന്റുകള്‍ക്ക് കീഴിലെ സ്‌കൂളുകള്‍ക്ക് നയത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ജനസംഖ്യയില്‍ 10 %ത്തില്‍ താഴെയുള്ളവയെയാണ് മതന്യൂനപക്ഷമായി കണക്കാക്കുന്നത്. ഈ നിയമം നടപ്പിലാക്കാനാവില്ല എന്ന് കത്തോലിക്ക പ്രയാംരി സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സീമസ് മാല്‍ക്കോര്‍ണി പ്രതികരിച്ചു.

ഭിന്ന ശേഷിയുള്ള വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും പുതിയ നിയമത്തെ സ്വാഗതം ചെയ്യുകയാണ്. സ്പെഷ്യല്‍ സ്‌കൂളുകളുടെ എണ്ണത്തിലെ കുറവ് പരിഹരിക്കാന്‍ ഈ നിയമത്തിലൂടെ ആവുമെന്നാണ് വിലയിരുത്തല്‍.

മൂന്നാമത്തെ ഭേദഗതി പ്രകാരം ഐറിഷ് സ്‌കൂളുകള്‍ക്ക് ഇനി മുതല്‍ ഐറിഷ് വംശജരായ വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ പരിഗണന നല്‍കാനാവില്ല, എന്നാല്‍ ഐറിഷ് മാധ്യമമായി പഠിപ്പിക്കുന്ന വിദ്യാലയങ്ങളില്‍ ഐറിഷ് ഭാഷ സംസാരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷനില്‍ പ്രാധാന്യം നല്‍കാമെന്നും ഭേദഗതി പറയുന്നു.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top