Monday May 29, 2017
Latest Updates

ജ്ഞാനപീഠം ജേതാവ് യുആര്‍ അനന്തമൂര്‍ത്തി അന്തരിച്ചു

ജ്ഞാനപീഠം ജേതാവ് യുആര്‍ അനന്തമൂര്‍ത്തി അന്തരിച്ചു

ബാംഗ്ലൂര്‍: ജ്ഞാനപീഠം ജേതാവും കന്നഡ സാഹിത്യകാരനുമായ യുആര്‍ അനന്തമൂര്‍ത്തി അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് ബാംഗ്ലൂരിലെ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം വൈകുന്നേരം 6.30 നാണ് അന്തരിച്ചത്. അധ്യാപകന്‍, വിദ്യാഭ്യാസ വിദഗ്ദന്‍, കവി, നോവലിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു അദ്ദേഹം. എംജി സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലറായിരുന്നു. കേരള സര്‍വകലാശാലയുടെയും വൈസ് ചാന്‍സലര്‍ പദവി അദ്ദേഹം വഹിച്ചിട്ടുണ്ട്. കേരള ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1994ല്‍ സാഹിത്യത്തിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠം നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. 1998ല്‍ പദ്മഭൂഷന്‍ ലഭിച്ചു. സംസ്‌കാര, ഭാരതിപുര, അവസ്‌തെ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. മൈസൂര്‍ യൂണിവേഴ്‌സിറ്റി, ബ്രിട്ടനിലെ ബര്‍മിങ്ഹാം യൂണിവേഴ്‌സിറ്റി എന്നിവടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം മൈസൂര്‍ സര്‍വകലാശാലയിലെ ഇംഗ്ലീഷ് അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

ലോകസഭ തെരഞ്ഞെടുപ്പിനിടെ നരേന്ദ്ര മോഡി അധികാരത്തില്‍ വന്നാല്‍ താന്‍ ഇന്ത്യ വിടുമെന്ന് അനന്തമൂര്‍ത്തി പ്രഖ്യാപിച്ചത് വിവാദമായിരുന്നു. എന്നും ബിജെപിയുടെയും ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകളുടെയും കടുത്ത വിമര്‍ശകനായിരുന്നു.

Scroll To Top