Sunday June 24, 2018
Latest Updates

ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു,വിട വാങ്ങുന്നത് കേരള സഭയിലെ പരിഷ്‌കരണവാദി

ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു,വിട വാങ്ങുന്നത് കേരള സഭയിലെ പരിഷ്‌കരണവാദി

പാലാ :’ഓശാന’ എന്ന ആനുകാലികത്തിന്റെ സ്ഥാപകനും പത്രാധിപരുമായിരുന്ന, കേരളത്തില്‍ കത്തോലിക്കാസഭയിലെ പരിഷ്‌കരണവാദിയായി അറിയപ്പെടുന്ന ജോസഫ് പുലിക്കുന്നേല്‍(85)അന്തരിച്ചു.സംസ്‌കാരം നാളെ വീട്ടുവളപ്പില്‍ നടത്തും.

1932 ഏപ്രില്‍ 14-ന് ഭരണങ്ങാനം ഇടമറ്റത്ത് ജനിച്ച ജോസഫ് പുലിക്കുന്നേല്‍ . കത്തോലിക്കാ സഭയിലെ നവീകരണത്തെ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു മുന്പ്, അദ്ധ്യാപനത്തിലും രാഷ്ട്രീയ മേഖലയിലും സജീവമായിരുന്നു. ‘കേരളത്തിലെ കത്തോലിക്കാസഭയുടെ പുരോഹിതനേതൃത്വത്തിന് മാര്‍പ്പാപ്പയോടല്ലാതെ സാധാരണവിശ്വാസികളോടോ രാജ്യത്തെ നിയമവ്യവസ്ഥകളോടോ ഉത്തരവാദിത്തമില്ലെന്നും, രാഷ്ട്രീയ കൊളോണിയലിസത്തിന്റെ തിരോധാനത്തിന് ശേഷവും തുടരുന്ന മത-സാമ്പത്തിക കൊളോണിയലിസത്തിന്റെ ഭാഗമാണതെന്നുമാണ് ജോസഫ് പുലിക്കുന്നേല്‍ അഭിപ്രായപ്പെട്ടിരുന്നത്.’

കോഴിക്കോട് ദേവഗിരി കോളജില്‍ അദ്ധ്യാപകനായിരുന്നു. കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായും കെ.പി.സി.സി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളാ സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയില്‍ (കെ.പി.സി.സി.) അംഗമായിരുന്നിട്ടുള്ള പുലിക്കുന്നേല്‍, കോണ്‍ഗ്രസ് കക്ഷിയില്‍ നിന്നു വിഘടിച്ചുപോയവര്‍ ചേര്‍ന്ന് 1964-ല്‍ രൂപം കൊടുത്ത കേരളാ കോണ്‍ഗ്രസ്സിന്റെ സ്ഥാപകനേതാക്കളില്‍ ഒരാള്‍ കൂടിയാണ്.

പ്രൈവറ്റ് കോളേജ് അദ്ധ്യാപകന്റെ സ്മരണകള്‍,കേരള ക്രൈസ്തവ ചരിത്രം-ചില വിയോജനക്കുറിപ്പുകള്‍,ഉദയംപേരൂര്‍ സുനഹദോസ്-ഒരു ചരിത്രവിചാരണ തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

ക്രിസ്തു സന്ദേശത്തെ അതിന്റെ യഥാര്‍ത്ഥ മൂല്യങ്ങളില്‍ ഉറപ്പിച്ചുനിര്‍ത്തി സമൂഹത്തില്‍ പ്രചരിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ സാമുദായിക പരിഷ്‌കരണത്തിനു വേണ്ടി ആത്മാര്‍ഥമായി ഇടപെടുകയും ചെയ്ത വ്യക്തിയായിരുന്നു ജോസഫ് പുലിക്കുന്നേല്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണം കേരളത്തിന് പൊതുവില്‍ തീരാനഷ്ടമാണ് എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കാവാലം മുണ്ടകപ്പള്ളിയില്‍ പരേതയായ കൊച്ചുറാണിയാണ് ഭാര്യ. മക്കള്‍: റഷീമ, റീനിമ, പരേതയായ രാഗിമ, രാജു, രതിമ. മരുമക്കള്‍: ജോര്‍ജ് വാഴേപ്പറമ്പില്‍ (ചങ്ങനാശേരി), മഠത്തില്‍പറമ്പില്‍ അശോക് എം. ചെറിയാന്‍ (എറണാകുളം), അഡ്വ. കെ.സി. ജോസഫ് കിഴക്കേല്‍ (പാലാ), ഷിജി വാലേത്ത് (കോലഞ്ചേരി), രവി ഡിസി (കോട്ടയം).

Scroll To Top