Tuesday February 21, 2017
Latest Updates

ജോര്‍ജ്ജാണ് പ്രശ്‌നം; പിളരാനും വളരാനുമാകാതെ കേരള കോണ്‍ഗ്രസ്

ജോര്‍ജ്ജാണ് പ്രശ്‌നം;  പിളരാനും വളരാനുമാകാതെ കേരള കോണ്‍ഗ്രസ്

തിരുവനന്തപുരം: ആരെയൊക്കെ തള്ളണമെന്നും കൊള്ളണമെന്നും അറിയാതെ കുഴയുകയാണ് മാണിസാര്‍. ആദ്യംവന്ന പി.സി.ജോര്‍ജിനെ പിണക്കാനും വയ്യ, പിന്നെ വന്ന ജോസഫ് ഗ്രൂപ്പുകാരെ തള്ളാനും വയ്യ. എന്നാല്‍ ജോര്‍ജാകട്ടെ വായടക്കാന്‍ തയ്യാറാകുന്നുമില്ല. പിളര്‍ന്നു മാറാനുള്ള ശക്തി ജോര്‍ജിനും ജോസഫിനും ഇല്ലെന്ന വിശ്വാസത്തിലാണ് കെ.എം.മാണി രണ്ടുംകല്‍പിച്ച് മുന്നോട്ടു പോകുന്നത്.

എങ്കിലും മാണിസാര്‍ ഇന്ന് ഒരു വിയോജനക്കുറിപ്പ് ഇറക്കി രംഗം തണുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ‘ജോര്‍ജിന്റെ പ്രസ്താവനകള്‍ വ്യക്തിപരമാണ്. വ്യക്തിപരമായ ആക്ഷേപങ്ങള്‍ ജോര്‍ജ് ഉപേക്ഷിക്കണം. ഇക്കാര്യത്തില്‍ ജോര്‍ജിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരസ്പര ബഹുമാനത്തോടെ മാത്രമേ സംസാരിക്കാവൂ. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് മാത്രം മതിയെന്ന ജോര്‍ജിന്റെ പ്രസ്താവന വ്യക്തിപരമാണ്. ഇതിന് പ്രസക്തിയില്ല.’ എന്ന് മൃദുവായി പറഞ്ഞു വെച്ചു പാര്‍ട്ടി ഉന്നതാധികാര സമിതി യോഗം ഉടന്‍ ചേരുമെന്നും മാണി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

പി.സി. ജോര്‍ജിന്റെ പേരില്‍ പഴയ ജോസഫ് വിഭാഗം പൂര്‍ണമായും ഇടയുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. ഇതേതുടര്‍ന്ന് കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗം മാണി റദ്ദാക്കി. യോഗവേദിയായ അധ്യാപക ഭവനില്‍ ഏറെ നേതാക്കളെത്തിയശേഷമായിരുന്നു യോഗം മാറ്റിയത്. വിവാദ പ്രസ്താവനകളുടെ പേരില്‍ ജോര്‍ജിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ യോഗത്തിനില്ലെന്നു ജോസഫ് വിഭാഗം നേതാക്കള്‍ മാണിയെ അറിയിച്ചു. പാര്‍ട്ടിക്കു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിലവിലുള്ള ഒരു സീറ്റ് മാത്രം മതിയെന്ന ജോര്‍ജിന്റെ പുതിയ പ്രസ്താവനയാണു പുതിയ പ്രശ്‌നങ്ങള്‍ക്കു കാരണമായത്. ജോസഫ് ഗ്രൂപ്പിന് ഒരു സീറ്റ് ലഭിക്കരുതെന്ന ലക്ഷ്യമായിരുന്നു ജോര്‍ജിന്റെ പ്രസ്താവനയ്ക്കു പിന്നില്‍.

രണ്ടാമതൊരു സീറ്റ് കൂടി നേടിയെടുക്കാന്‍ പാര്‍ട്ടി ശ്രമം ആരംഭിച്ചിരിക്കെ ആയിരുന്നു അതിനെതിരായ ജോര്‍ജിന്റെ പ്രതികരണം. നേരത്തെ ഇടുക്കി എംപിയായിരുന്ന ഫ്രാന്‍സിസ് ജോര്‍ജിന് വേണ്ടി ആ സീറ്റ് വാങ്ങിയെടുക്കാനാണ് മാണി വിഭാഗം ശ്രമം തുടങ്ങിയിരുന്നത്. ജോര്‍ജും ഫ്രാന്‍സിസ് ജോര്‍ജും സമീപകാലത്തു പരസ്പരം കോര്‍ത്തു നടത്തിയ പ്രസ്താവനകള്‍ക്കൊടുവിലാണു പാര്‍ട്ടി ഒരു സീറ്റുകൊണ്ടു തൃപ്തിപ്പെട്ടുകൊള്ളാമെന്നു ജോര്‍ജ് പ്രഖ്യാപിച്ചതും. ജോര്‍ജിന്റെ ഈ നിലപാടിനെതിരെ ഫ്രാന്‍സിസ് ജോര്‍ജും ആന്റണി രാജുവും രംഗത്തെത്തി. രണ്ടു സീറ്റിനു പാര്‍ട്ടിക്ക് അര്‍ഹതയുണ്ടെന്നും ഇതൊന്നും തീരുമാനിക്കേണ്ടതു ജോര്‍ജല്ലെന്നും ഇരുവരും പറഞ്ഞു. തെറിയിലും അസഭ്യം പറച്ചിലിലും ഡോക്ടറേറ്റുള്ളയാളാണു ജോര്‍ജ് എന്നും ഫ്രാന്‍സിസ് ജോര്‍ജ് അഭിപ്രായപ്പെട്ടു.

ഇതോടെ ചാനലുകളില്‍ വീണ്ടും ജോര്‍ജ് ഇവര്‍ക്കെതിരെ അതിശക്തമായി തിരിഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജ് അഞ്ചാംപത്തിയാണെന്നും അങ്ങനെ വലിയവന്‍ ചമയേണ്ടെന്നും ജോര്‍ജ് പറഞ്ഞു. ആന്റണി രാജു കൊലക്കേസില്‍ പണ്ടു ജയിലില്‍ കിടന്നിട്ടുള്ളയാളാണ് എന്നു വരെ ആരോപിച്ചു. വലിയ ജനപിന്തുണയാണ് ഉള്ളതെന്ന പരിഹാസവും ചൊരിഞ്ഞു. ഇതോടെ ജോസഫ് വിഭാഗം കടുത്ത അമര്‍ഷത്തിലായി. വ്യക്തിപരമായ കടന്നാക്രമണത്തിനാണു ജോര്‍ജ് മുതിര്‍ന്നിരിക്കുന്നത് എന്ന പ്രതിഷേധമാണ് അവരില്‍ ഉണ്ടായത്. ഇതിനിടെ കേരള കോണ്‍ഗ്രസിന്റെ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴും പാര്‍ട്ടിക്ക് ഒറ്റ സീറ്റ് മതിയെന്നു ജോര്‍ജ് ചാനലുകളോട് ആവര്‍ത്തിച്ചു. കോണ്‍ഗ്രസാണു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകേണ്ടത്. അതിന് അവര്‍ക്കു കൂടുതല്‍ സീറ്റുകളില്‍ മല്‍സരിക്കണം. അതുകൊണ്ട് അവരുടെ സിറ്റിങ് സീറ്റ് തരണമെന്നു പറയുന്നത് യുപിഎയ്ക്കു ക്ഷീണം ചെയ്യുന്ന കാര്യമാകുമെന്നും പറഞ്ഞു. എന്നാല്‍ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ അപ്പോള്‍ത്തന്നെ ഈ നിലപാടു പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോസഫ് എം. പുതുശേരി തിരുത്തി. ഒന്നില്‍ കൂടുതല്‍ സീറ്റു വേണം എന്നതു കേരള കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടാണ് എന്നു പുതുശേരി പറഞ്ഞു.

ചാനലുകളില്‍ക്കൂടി ജോര്‍ജും ജോസഫ് വിഭാഗം നേതാക്കളും തമ്മില്‍ കോര്‍ത്തുകൊണ്ടിരിക്കെ, ജോസഫ് വിഭാഗം മുന്‍മന്ത്രി ടി.യു. കുരുവിളയുടെ വസതിയില്‍ യോഗം ചേര്‍ന്നു. ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെടാനായിരുന്നു ഇവരുടെ തീരുമാനം. പ്രകോപനമുണ്ടാക്കുന്നതു ജോസഫ് വിഭാഗമാണ് എന്ന് ഇതിനിടെ ജോര്‍ജ് മറ്റു നേതാക്കളെയും അറിയിച്ചു. മൂന്നു മണിയോടെ സ്റ്റിയറിങ് കമ്മിറ്റിയില്‍ പങ്കെടുക്കാനായി ജോര്‍ജ്, പുതുശേരി, ജോയി ഏബ്രഹാം, തോമസ് ചാഴികാടന്‍, റോഷി അഗസ്റ്റിന്‍ തുടങ്ങി ഒരു വലിയ വിഭാഗം നേതാക്കള്‍ അധ്യാപക ഭവനിലെത്തി. എന്നാല്‍ ജോര്‍ജ് പങ്കെടുക്കുന്ന ഒരു യോഗത്തില്‍ വെറുതെ പങ്കെടുത്തു മടങ്ങാനില്ലെന്നു ജോസഫ് വിഭാഗം തീരുമാനിച്ചു. ഇക്കാര്യം അവര്‍ കെ.എം. മാണിയെ അറിയിച്ചു. യോഗസ്ഥലത്ത് എത്തിയ ജോസഫ് വിഭാഗം നേതാക്കളും ഇതേത്തുടര്‍ന്നു മടങ്ങി.

പാര്‍ട്ടിയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും ഉന്നതാധികാരസമിതി ചേര്‍ന്ന് അതു തീര്‍ത്തിട്ടു മതി സ്റ്റിയറിങ് കമ്മിറ്റിയെന്നും പി.ജെ. ജോസഫ് പ്രതികരിച്ചു. തോമസ് ഉണ്ണിയാടനെ മാണി ദൂതനായി ജോസഫ് വിഭാഗം നേതാക്കളെ കാണാനായി അയച്ചു. ഈ ദൗത്യവും ഫലവത്തായില്ല. തുടര്‍ന്നാണ് ഒരു വിഭാഗം നേതാക്കളെ ഒഴിവാക്കിനിര്‍ത്തി യോഗം ചേരേണ്ടതില്ലെന്നു മാണി തീരുമാനിച്ചത്. അദ്ദേഹം അധ്യാപകഭവനിലെത്തിയുമില്ല. എന്നാല്‍ അവിടെയും കേരള കോണ്‍ഗ്രസിന് ഒരു സീറ്റ് മതിയെന്ന നിലപാട് ജോര്‍ജ് ആവര്‍ത്തിച്ചു. താനുള്ളതുകൊണ്ടു സ്റ്റിയറിങ് കമ്മിറ്റി യോഗം ബഹിഷ്‌കരിക്കുന്നുവെന്നതു മൂന്നാംതരം വര്‍ത്തമാനമാണെന്നും ജോര്‍ജ് പറഞ്ഞു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ കൂടിയാലോചന നടത്തിയശേഷം യോഗം മതിയെന്നാണ് ഇപ്പോഴത്തെ ധാരണ. എന്നാല്‍ ജോര്‍ജിനെതിരെ നടപടിയില്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളോടുതന്നെ സഹകരിക്കേണ്ട എന്ന കടുത്ത നിലപാടിലാണു ജോസഫ് വിഭാഗം.

അതേസമയം ഈ പ്രശ്‌നത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒരു പിളര്‍പ്പുണ്ടാകില്ലെന്നുതന്നെയാണ് സൂചന. ജോര്‍ജിനോ ജോസഫ് ഗ്രൂപ്പിനോ ഇനി മാണി ഗ്രൂപ്പ് വിട്ട് സ്വതന്ത്രമായി നില്‍ക്കാനുള്ള കെല്‍പില്ല. ഇനിയും പിളര്‍ന്നാല്‍ കാര്യമായ അണികള്‍ ഒപ്പമുണ്ടാകില്ലെന്നുതന്നെയാണ് സൂചന. വായടയ്ക്കില്ലെന്ന് ജോര്‍ജും പറഞ്ഞ സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളിലെ കലഹം മൂര്‍ച്ഛിക്കാന്‍ തന്നെയാണ് സാധ്യത. ജോര്‍ജിനെതിരെ കര്‍ശന നടപടികളെന്തെങ്കിലുമെടുത്താല്‍ തങ്ങളെ അടിക്കാന്‍ പ്രതിപക്ഷത്തിനു വടി നല്‍കാന്‍ ജോര്‍ജ് ശ്രമിക്കുമെന്നതും മാണിയെ വിഷമിപ്പിക്കുന്നു.like-and-share

Scroll To Top