Monday February 27, 2017
Latest Updates

ജോര്‍ജിനെതിരെ നടപടിയെടുത്തേ പറ്റൂവെന്ന് ജോസഫ് ഗ്രൂപ്പ്; മാണിയുടെ സമാധാനശ്രമങ്ങളും പാളുന്നു

ജോര്‍ജിനെതിരെ നടപടിയെടുത്തേ പറ്റൂവെന്ന് ജോസഫ് ഗ്രൂപ്പ്; മാണിയുടെ സമാധാനശ്രമങ്ങളും പാളുന്നു

തിരുവനന്തപുരം: പി.സി.ജോര്‍ജിനെതിരെ ശക്തമായ നടപടിയെടുക്കാതെ തങ്ങള്‍ പിന്നോട്ടില്ലെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കിയതോടെ കേരള കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലേക്ക്. ജോസഫ് ഗ്രൂപ്പിനെ സമാധാനിപ്പിക്കാനായി ജോര്‍ജിന്റെ അഭിപ്രായങ്ങളെ കെ.എം. മാണി തള്ളിപ്പറഞ്ഞെങ്കിലും അതൊന്നും അവരെ തണുപ്പിച്ചിട്ടില്ല. ചീഫ് വിപ്പ്, പാര്‍ട്ടി വൈസ് ചെയര്‍മാന്‍, യു.ഡി.എഫ് യോഗത്തിലെ പ്രതിനിധി എന്നീ സ്ഥാനങ്ങളില്‍ നിന്ന് അദ്ദേഹത്തെ മാറ്റണമെന്ന നിലപാടാണ് ജോസഫ് ഗ്രൂപ്പ് കൈക്കൊണ്ടിരിക്കുന്നത്. അതേസമയം ജോസഫ് വിഭാഗം തനിക്കെതിരെ ഗൂഢനീക്കം നടത്തുന്നുവെന്ന് കാണിച്ച് ജോര്‍ജ് കെ.എം. മാണിക്ക് കത്ത് നല്‍കും.

ജോസഫ് ഗ്രൂപ്പിനെപ്പോലെ തന്നെ ഒരു ഗ്രൂപ്പായി വന്ന് മാണി ഗ്രൂപ്പില്‍ ലയിച്ചതാണ് ജോര്‍ജും. ജോസഫ് ഗ്രൂപ്പിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ജോര്‍ജ് പാര്‍ട്ടിയില്‍ ഉണ്ടാകില്ല. അദ്ദേഹം രാജിവെയ്ക്കുകയോ, അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യേണ്ടിവരും. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി അത്തരമൊരു നടപടിക്ക് കെ.എം. മാണി തയാറല്ലെന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
ജോര്‍ജ് കഴിഞ്ഞ കുറെ ദിവസങ്ങളിലായി ജോസഫ് വിഭാഗം നേതാക്കള്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു കഴിഞ്ഞദിവസം സ്റ്റിയറിങ് കമ്മിറ്റി യോഗം വിളിച്ചിരുന്നത്. യോഗം നടന്നാല്‍ വിചാരണ നേരിടേണ്ടിവരുമെന്ന ഘട്ടം ജോര്‍ജ് തന്ത്രപൂര്‍വം ഒഴിവാക്കി. രാവിലെ തന്നെ പതിന്മടങ്ങ് ശക്തിയില്‍ ജോസഫ് ഗ്രൂപ്പിനെതിരെ അദ്ദേഹം ആക്ഷേപവുമായി രംഗത്തിറങ്ങി.
നേരത്തേ കേരള കോണ്‍ഗ്രസില്‍ ജോസഫ് വിഭാഗത്തിനൊപ്പമായിരുന്ന ജോര്‍ജ് പിന്നീട് ജോസഫുമായി തെറ്റി കേരള കോണ്‍ഗ്രസ് (സെക്യുലര്‍) രൂപീകരിക്കുകയായിരുന്നു. അന്നും ഇടതുമുന്നണിയില്‍തന്നെ നിലയുറപ്പിച്ച ജോര്‍ജ് മാത്രമായിരുന്നു ഈ പാര്‍ട്ടിയുടെ എം.എല്‍.എ. കുറച്ചുനാളുകള്‍ക്കുശേഷം ജോര്‍ജ് മാണി ഗ്രൂപ്പുമായി അടുക്കുകയും അതില്‍ ലയിക്കുകയുമായിരുന്നു. ജോര്‍ജിന്റെ ലയനത്തിനുശേഷം ജോസഫ് ഗ്രൂപ്പും മാണി ഗ്രൂപ്പിലെത്തി. അതോടെയാണ് ജോര്‍ജ് ജോസഫ് പോര് മുറുകിയത്.
ലോകസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒന്നിലധികം സീറ്റ് വേണ്ടെന്ന് പറഞ്ഞ ജോര്‍ജ് അതിനെതിരെ രംഗത്തുവന്ന ജോസഫ് വിഭാഗം നേതാക്കളെയും വ്യക്തിപരമായി ആക്ഷേപിച്ചു. ഈ സാഹചര്യത്തില്‍ ജോര്‍ജിനൊപ്പം ജോസഫ് ഗ്രൂപ്പിന് കമ്മിറ്റിക്കിരിക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. അവര്‍ യോഗം ബഹിഷ്‌കരിച്ചു. ലോക്‌സഭയിലേക്ക് രണ്ടാം സീറ്റ് ചോദിക്കുന്നത് ജോസഫ് ഗ്രൂപ്പിനുവേണ്ടിയാണെന്നതാണ് ജോര്‍ജിന്റെ ശത്രുതയ്ക്കു കാരണം.
ഉന്നതാധികാരസമിതി കൂടി ജോര്‍ജിന്റെ കാര്യത്തില്‍ തീരുമാനമെടുത്തശേഷം മാത്രം മതി ഇനി സ്റ്റിയറിങ് കമ്മിറ്റിയെന്നാണ് പി.ജെ. ജോസഫ് നിര്‍ദേശിച്ചിരിക്കുന്നത്. ജോസഫിന്റെ ഈ നിര്‍ദേശം മാണിയും അംഗീകരിച്ചു. പാര്‍ട്ടിയുടെ ഉന്നതാധികാരസമിതി യോഗം ഉടന്‍ ചേരുമെന്ന് മാണി പത്രക്കുറിപ്പില്‍ വിശദീകരിച്ചിട്ടുണ്ട്.
ജോര്‍ജിന്റെ പേരില്‍ കോട്ടയത്ത് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസുമായി അകന്നു നില്‍ക്കുകയാണ്. കോണ്‍ഗ്രസുമായുണ്ടായിരുന്ന നല്ല ബന്ധം പുനഃസ്ഥാപിക്കാനും ജോസഫ് ഗ്രൂപ്പിനെ ഒപ്പം നിര്‍ത്താനും ജോര്‍ജിനെതിരെ നടപടിയെടുക്കാന്‍ ഇതാണ് പറ്റിയ സമയമെന്ന ചിന്ത നേതൃത്വത്തില്‍ പലര്‍ക്കുമുണ്ട്. എന്നാല്‍ കെ.എം. മാണി കടുത്ത നടപടികളൊന്നും ആഗ്രഹിക്കുന്നില്ല. ജോര്‍ജിന്റെ സ്വഭാവം അറിയാവുന്നതിനാല്‍ അദ്ദേഹത്തിന്റെ പ്രസ്താവനകളെ തള്ളിപ്പറഞ്ഞ് തത്കാലം പ്രശ്‌നം തീര്‍ക്കാനായിരിക്കും മാണിയുടെ ശ്രമം.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് ഒരു സീറ്റ് മതിയെന്ന പി.സി. ജോര്‍ജിന്റെ വ്യക്തിപരമായ പ്രസ്താവനയ്ക്ക് പ്രസക്തിയില്ലെന്ന് കെ.എം. മാണി ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പാര്‍ട്ടി തക്കസമയത്ത് ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും. പ്രസ്താവനകളില്‍ പി.സി. ജോര്‍ജ് വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കണമെന്നും പരസ്പരബഹുമാനം കാത്തുസൂക്ഷിക്കണമെന്നും മാണി ആവശ്യപ്പെട്ടിട്ടുണ്ട്.

Scroll To Top