Wednesday November 22, 2017
Latest Updates

ജോണി ലൂക്കോസിനും,എം ജി രാധാകൃഷ്ണനും മാധ്യമശ്രീ പുരസ്‌കാരം,ജോണ്‍ ബ്രിട്ടാസിന് മാധ്യമ രത്‌നം 

ജോണി ലൂക്കോസിനും,എം ജി രാധാകൃഷ്ണനും മാധ്യമശ്രീ പുരസ്‌കാരം,ജോണ്‍ ബ്രിട്ടാസിന് മാധ്യമ രത്‌നം 

ന്യൂയോര്‍ക്ക്: താളമേളങ്ങള്‍ക്ക് കാതോര്‍ക്കുന്ന മലയാളത്തിന് ദൃശ്യവിസ്മയങ്ങള്‍ സമ്മാനിച്ചവര്‍ക്കാണ് ഇക്കുറി ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്‌കാരം. വിഷ്വല്‍ മീഡിയ എന്ന മാധ്യമത്തെ മലയാളികളുടെ വിരുന്നു മുറിയിലെത്തിക്കുകയും തീന്‍മേശ മര്യാദകളുടെ ഭാഗമാക്കുകയും ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണനും മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസും ഇന്ത്യ പ്രസ്‌ക്ലബ്ബ് മാധ്യമശ്രീ പുരസ്‌കാര ജേതാക്കളായി.

വിജയപീഠത്തില്‍ രണ്ടുപേര്‍ എത്തിയതോടെ നിലവിലുളള അവാര്‍ഡ് തുകയായ ഒരുലക്ഷം രൂപ ഒന്നരലക്ഷമാക്കിയതായി ഇന്ത്യ പ്രസ്‌ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു. പത്രപ്രവര്‍ത്തന മേഖലക്ക് ഇരുവരും നല്‍കിയ സേവനങ്ങള്‍ പ്രതിഫലിപ്പിക്കുന്ന പ്രശംസാഫലക വും അവാര്‍ഡ് തുകക്കൊപ്പം നല്‍കും.

ഇക്കൊല്ലത്തെ മാധ്യമരത്‌ന അവാര്‍ഡ് പ്രമുഖ പത്രപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസിനാണ് 

ന്യൂയോര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ നവംബര്‍ എട്ടിന് നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാര വിതരണം. പ്രസ്‌ക്ലബ്ബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന സംഘടനാ നേതൃത്വ സംവാദത്തോടെ രാവിലെ 10 മണിക്ക് അന്നേ ദിവസത്തെ പരിപാടികള്‍ ആരംഭിക്കും. രണ്ടുമണിക്കാണ് പ്രസ്‌ക്ലബ്ബ് ദേശീയ നേതൃത്വത്തിന്റെ ചുമതലയില്‍ മാധ്യമശ്രീ അവാര്‍ഡ് വിതരണ ചടങ്ങുകള്‍ ആരംഭിക്കുക. ജേതാക്കള്‍ നേതൃത്വം നല്‍കുന്ന മീഡിയ സെമിനാറോടെ ചടങ്ങുകള്‍ക്ക് ആരംഭമാവും. വിഷയാവതരണവും ചോദ്യോത്തര വേളയുമാണ് ഒരോ സെമിനാര്‍ സെഷനിലുണ്ടാവുക. വൈകുന്നേരം 6 മണിക്ക് പൊതുസമ്മേളനം. കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്‍ മുഖ്യാതിഥിയായ സമ്മേളനത്തില്‍ വച്ച് അവാര്‍ഡ് തുകയും പ്രശംസാഫലകവും ജേതാക്കള്‍ക്ക് സമ്മാനിക്കും.

ഇതാദ്യമായാണ് ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്‌കാരം പങ്കുവയ്ക്കുന്നത്. വിധി നിര്‍ണയത്തില്‍ തുല്യ മാര്‍ക്കുകള്‍ ഇരുവരും നേടിയതിനാലാണ് അവാര്‍ഡ് പങ്കിട്ടു നല്‍കാന്‍ തീരുമാനിച്ചത്.

കൈരളി ടി.വിയുടെ മാനേജിംഗ് ഡയറക്ടറാണ് മാധ്യമ രത്‌ന പുരസ്‌കാരം നേടിയ ജോണ്‍ ബ്രിട്ടാസ്. ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ അടുത്ത നാഷണല്‍ കോണ്‍ഫറന്‍സ് നടക്കുന്ന 2015 ല്‍ ഷിക്കാഗോയില്‍ വച്ചാവും മാധ്യമരത്‌ന പുരസ്‌കാരം ജോണ്‍ ബ്രിട്ടാസിന് സമ്മാനിക്കുക.കണ്ണൂര്‍ ചെമ്പേരി പുലിക്കുരുമ്പ സ്വദേശിയാണ് ജോണ്‍ ബ്രിട്ടാസ്.

പത്രപ്രവര്‍ത്തന രംഗത്ത് മൂന്നു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരന്പര്യമുണ്ട് ജോണി ലൂക്കോസിനും എം.ജി രാധാകൃഷ്ണനും. അത്യധികം വിലമതിക്കപ്പെടേണ്ടതാണ് മാധ്യമമേഖലയില്‍ ഇരുവരുടെയും സംഭാവനകളെന്ന് ജൂറി അംഗങ്ങളായ ഡോ.എം.വി പിളള, ഡോ. റോയി പി. തോമസ്, ജോസ് കണിയാലി എന്നിവര്‍ ചൂണ്ടിക്കാട്ടി. മൂന്നംഗ ജൂറി തിരഞ്ഞെടുത്തവരെ കണ്‍സള്‍ട്ടന്റായ താരസൂര്യന്‍ മോഹന്‍ലാലാണ് അന്തിമമായി വിലയിരുത്തിയത്. മോഹന്‍ലാല്‍ ജേതാക്കളിരുവര്‍ക്കും പ്രശംസ നേരുകയും ആശംസകളര്‍പ്പിക്കുകയും ചെയ്തു.

ജോണി ലൂക്കോസിന് അച്ചടി, ദൃശ്യ മാധ്യമ രംഗത്ത് മുപ്പതുവര്‍ത്തെ പ്രവര്‍ത്തന പരിചയമുണ്ട് . മനോരമ ന്യൂസ് ഡയറക്ടറായ മലയാള മനോരമയില്‍ റിപ്പോര്‍ട്ടറായി ആരംഭിച്ച് കോട്ടയം, തൃശൂര്‍ ജില്ലാ കറസ്‌പോണ്ടന്റും തിരുവനന്തപുരം യൂണിറ്റ് ന്യൂസ് എഡിറ്റുമായി പ്രവര്‍ത്തിച്ചു. രാഷ്ട്രീയ റിപ്പോര്‍ട്ടിംഗില്‍ പ്രാഗത്ഭ്യം തെളിയിച്ച ജോണി ലൂക്കോസ് മനോരമക്കായി ഒട്ടേറെ ഇലക്ഷന്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും വിശകലനങ്ങള്‍ തയാറാക്കുകയും ചെയ്തിട്ടുണ്ട്.

നിയമസഭാ അവലോകനവും കൈകാര്യം ചെയ്തു. രാഷ്ട്രീയ വിശകലന നര്‍മ്മപംക്തിയായ ആഴ്ചക്കുറിപ്പുകള്‍ മൂന്നുവര്‍ഷത്തോളം മനോരമക്കായി തയാറാക്കി. പ്രധാനമന്ത്രിയുടെ മീഡിയ ഡെലിഗേഷനില്‍ അംഗമായി 1996 ല്‍ റോമില്‍ നടന്ന വേള്‍ഡ് ഫുഡ് സമ്മിറ്റ് റിപ്പോര്‍ട്ട് ചെയ്ത ജോണി ലൂക്കോസ് ശ്രീലങ്കയിലെ തമിഴ്പുലികള്‍ക്കെതിരെയുളള സൈനിക നടപടിയുടെ വിവരങ്ങളും വായനക്കാരിലെത്തിച്ചു. റോട്ടറി യൂത്ത് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായി ഒരുമാസം അര്‍ജന്റീനയില്‍ ചിലവഴിക്കുകയും ഒക്‌ലഹോമയിലെ ദി ഡെയ്‌ലി ഒക്‌ലഹോമന്‍ ദിനപത്രത്തില്‍ പത്രപ്രവര്‍ത്തക പരിശീലന പദ്ധതിയില്‍ പങ്കെടുക്കുകയും ചെയ്തു.

രണ്ടു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം അതിരമ്പുഴ പാറപ്പുറത്ത് ലൂക്കാ ഉലഹന്നാന്റെയും അന്നമ്മയുടെയും മകനാണ്. നീനയാണ് ഭാര്യ. വിവാഹിതയായ മകള്‍ ഗീതിക മെരിലാന്‍ഡിലുണ്ട്. മെരിലാന്‍ഡിലെ ഹ്യൂഗ്‌സില്‍ ഉദ്യോഗസ്ഥനായ സഞ്ജുവാണ് മരുമകന്‍.

പി. ഗോവിന്ദപ്പിളളയുടെ മകനായ എം.ജി രാധാകൃഷ്ണന്‍ ബോംബെയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് റിവ്യൂവിലാണ് പത്രപ്രവര്‍ത്തനം ആരംഭിച്ചത്. 33 വര്‍ഷത്തെ പത്രപ്രവര്‍ത്തന പാരമ്പര്യമുളള എം.ജി രാധാകൃഷ്ണന്‍ തുടര്‍ന്ന് മാതൃഭൂമി ദിനപത്രത്തിലെത്തി. വാര്‍ത്താ വാരികയായ ഇന്ത്യ ടുഡേയില്‍ ഇരുപതു വര്‍ഷക്കാലം അസോസിയേറ്റ് എഡിറ്ററായിരുന്നു. കഴിഞ്ഞ ജൂലായിലാണ് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററായത്.

രാഷ്ട്രീയം, സാമ്പത്തികം, മീഡിയ, സിനിമ, സ്‌പോര്‍ട്‌സ് എന്നിങ്ങനെ വൈവിധ്യമായ വിഷയങ്ങള്‍ എം.ജി രാധാകൃഷ്ണന്‍ കൈകാര്യം ചെയ്യുന്നു. ഡവലപ്പ്‌മെന്റ് ജേര്‍ണലിസത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്, കെ. ബാലകൃഷ്ണന്‍ പ്രൈസ് എന്നിങ്ങനെ ഒട്ടനവധി പുരസ്‌കാരങ്ങള്‍ നേടി. കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് പ്രസിഡന്റ്, കേസരി ജേര്‍ണലിസ്റ്റ് ട്രസ്റ്റ് ചെയര്‍മാന്‍, സ്‌റ്റേറ്റ് ടെ ലിവിഷന്‍ അവാര്‍ഡ് ജൂറി അംഗം, തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ഫാക്കല്‍റ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

വായിച്ചു തീര്‍ത്ത അച്ഛന്‍; ഭയം, പ്രേമം, സംഗീതം, ധര്‍മ്മിഷ്ഠയും നെറ്റിക്കണ്ണും തെളിയുമ്പോള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചു. ശാസ്ത്രജ്ഞയായ ജയശ്രീയാണ് ഭാര്യ. തേജസ്വിനി രാധാകൃഷ്ണന്‍, മുകുളിക രാധാകൃഷ്ണന്‍ എന്നിവര്‍ മക്കള്‍.

ഡല്‍ഹി ദേശാമാനി ബ്യൂറോയില്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ ജോണ്‍ ബ്രിട്ടാസ് ഇന്ദ്രപ്രസ്ഥ രാഷ്ട്രീയത്തിന്റെ ഉളളറകള്‍ കണ്ടറിഞ്ഞ വ്യക്തിയാണ്. കൈരളി ടി.വി തുടങ്ങുമ്പോള്‍ നേതൃസ്ഥാനത്തേക്ക് ബ്രിട്ടാസിന്റെ പേര് നിര്‍ദ്ദേശിച്ചത് ചാനലിന്റെ ചെയര്‍മാനായ മമ്മൂട്ടി തന്നെയാണ്. അഭിമുഖങ്ങളിലൂടെ കാണികളിലേക്ക് ഇറങ്ങുന്ന ബ്രിട്ടാസ് മാതാ അമൃതാനന്ദമയിയുടെ മുന്‍ അനുയായി ട്രെവല്‍ ഗേറ്റ്‌സുമായി നടത്തിയ അഭിമുഖം വിവാദം സൃഷ്ടിച്ചിരുന്നു.

അര്‍ഹതപ്പെട്ട കൈകളില്‍ തന്നെയാണ് ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്‌കാരം എത്തുന്നതെന്ന് ജൂറി കണ്‍സള്‍ട്ടന്റായ മോഹന്‍ലാല്‍ പറഞ്ഞു.

അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന കേരളത്തിലെ പത്രപ്രവര്‍ത്തകരെ ആദരിക്കുന്ന അപൂര്‍വതയും ഈ അവാര്‍ഡിന് പിന്നിലുണ്ടെന്ന് മലയാളത്തിന്റെ അഭിമാനമായ ലാല്‍പറഞ്ഞു. ദൂരപരിധികള്‍ മറികടന്ന് നമ്മുടെ പൈതൃകവും സംസ്‌കാരവും പങ്കിടാന്‍ നമ്മള്‍ക്കാവുമ്പോള്‍ അത് വരും തലമുറക്കും ഗുണകരമാവുന്നുവെന്ന് മോഹന്‍ലാല്‍ അഭിനന്ദന കുറിപ്പില്‍ പറഞ്ഞു

Scroll To Top