Sunday July 22, 2018
Latest Updates

ജെസ്നയുടെ തിരോധാനം :അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേയ്ക്ക് ,മൊബൈല്‍ സന്ദേശങ്ങള്‍ മുഴുവനും വീണ്ടെടുത്തു 

ജെസ്നയുടെ തിരോധാനം :അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേയ്ക്ക് ,മൊബൈല്‍ സന്ദേശങ്ങള്‍ മുഴുവനും വീണ്ടെടുത്തു 

എരുമേലി: മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്ന മരിയ ജയിംസിന്റെ തിരോധാനം സംബന്ധിച്ച അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ തേടി പോലീസ് മുന്നേറുന്നതായി സൂചനകള്‍.ഇതിന്റെ ഭാഗമായി ജെസ്നയുടെ പിതാവ് ജയിംസ് മുണ്ടക്കയം ഏന്തയാറില്‍ നിര്‍മിക്കുന്ന കെട്ടിടവും പരിസരവും പൊലീസ് വീണ്ടും പരിശോധിച്ചു.നിര്‍മ്മാണ ആവശ്യത്തിനുള്ള വെള്ളവും,വൈദ്യുതിയും ഇല്ലെന്ന പേരില്‍ പാതി വഴിയ്ക്ക് വെച്ച് പണി നിര്‍ത്തിവെച്ച കെട്ടിടത്തിലാണ് പരിശോധന നടത്തിയത്.

കെട്ടിടത്തിന്റെ ചില ഭാഗത്തെ സ്‌ളാബുകള്‍ ഇളക്കിയാണ് പരിശോധന നടത്തിയത്.

ഏന്തയാറിലെ ഒരു സ്‌കൂളിലെ കുട്ടിക്കു വീടുവച്ചുകൊടുക്കുന്നതിന്റെ നിര്‍മാണ കരാര്‍ ജെസ്നയുടെ പിതാവിന്റെ പങ്കാളിത്തത്തിലാണ്. ഇത്തരമൊരു സംശയം ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് ഒരാഴ്ച മുന്‍പ് അന്വേഷണ സംഘം ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു. നേരത്തേ, മുക്കൂട്ടുതറയിലെ വീട്ടിലും പരിശോധന നടത്തിയിരുന്നു.ഇന്ന് വീണ്ടും പരിശോധന നടത്തുവാന്‍ പോലീസ് എത്തിയിരുന്നു.

അന്വേഷണവുമായി ബന്ധപ്പെട്ടു നിര്‍ണായക വിവരം ലഭിച്ചെന്നും എല്ലാ സാധ്യതകളും പരിശോധിച്ച് അന്വേഷണം നടത്തുമെന്നും പത്തനംതിട്ട എസ്പി ടി. നാരായണന്‍ ബുധനാഴ്ച അറിയിച്ചിരുന്നു.

ജെസ്നയുടെ മൊബൈല്‍ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്ത മുഴുവന്‍ മെസേജുകളും സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ പോലീസ് വീണ്ടെടുത്തിട്ടുണ്ട്.പതിനായിരക്കണക്കിന് മെസേജുകള്‍ ഇവയില്‍ ഉള്‍പ്പെടുന്നു.

ജെസ്നയുടെ വീട്ടില്‍നിന്ന് രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയിരുന്നു. ലഭിക്കുന്ന വിവരങ്ങളെല്ലാം ഒരെണ്ണം പോലും വിടാതെയാണ് പരിശോധന. മിക്കയിടത്തും പോയിത്തന്നെ എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉറപ്പാക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

വെച്ചൂച്ചിറ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ സിബിഐ അന്വേഷണ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയെയും ഡിജിപിയെയും കഴിഞ്ഞ ദിവസം കണ്ടിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്ന സൂചനയാണ് ഡിജിപി ഭാരവാഹികള്‍ക്കു നല്‍കിയത്. അടുത്ത ബന്ധുക്കള്‍ക്കു ജെസ്നയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന ആരോപണം പൊലീസ് കാര്യമായി അന്വേഷിച്ചില്ലെന്ന പരാതിയാണ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയോടു പറഞ്ഞത്.

കാണാതായ ദിവസം മുക്കൂട്ടുതറയില്‍നിന്ന് ജെസ്ന ബസ് കയറുമ്പോള്‍ അടുത്ത ബന്ധു ആ ബസിനു പിന്നാലെ കാറില്‍ യാത്രചെയ്തിരുന്നുവെന്നു ജെസ്നയുടെ മറ്റൊരു ബന്ധു പൊലീസ് സംഘത്തിനു മൊഴികൊടുത്തുവെന്നും എന്നാല്‍, ഇതിലും തുടരന്വേഷണം നടന്നില്ലെന്നുമാണു മറ്റൊരു പരാതി.ജെസ്‌നയുടെ അടുത്ത ബന്ധുക്കളിലേയ്ക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നു എന്ന സൂചനകളാണ് ഇപ്പോഴുള്ളത്.

Scroll To Top