Monday April 24, 2017
Latest Updates

ജൂനിയര്‍ സെര്‍റ്റ് പരിഷ്‌കരണം :നയം മാറ്റിയില്ലെങ്കില്‍ സമരം സുനിശ്ചിതമെന്ന് അധ്യാപകര്‍

ജൂനിയര്‍ സെര്‍റ്റ് പരിഷ്‌കരണം :നയം മാറ്റിയില്ലെങ്കില്‍ സമരം സുനിശ്ചിതമെന്ന് അധ്യാപകര്‍

ഡബ്ലിന്‍ :ജൂനിയര്‍ സെര്‍ട്ടിനെതിരെ സമര നടപടികളിലേക്ക് നീങ്ങാനുള്ള തീരുമാനവുമായി അദ്ധ്യാപകര്‍ രംഗത്ത്. ഇപ്പോള്‍ പുറത്തുവന്ന പുതിയ എതിര്‍പ്പിനെ നേരിടാനുള്ള വഴികള്‍ തേടുകയാണ് സെക്കന്‍ഡ് ലെവല്‍ സ്‌കൂളുകള്‍.
തങ്ങളുടെ 27,000ത്തില്‍പ്പരം അംഗങ്ങളോട് അടുത്തമാസം നടത്തുന്ന വോട്ടെടുപ്പില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ടീച്ചര്‍സ് യൂനിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് മിഡ്‌ടേം അവധിക്ക് ശേഷം സ്‌കൂളുകളുടെ അദ്ധ്യയന വര്‍ഷത്തെ ബാധിക്കാനുള്ള സാധ്യതയാണ് കാണിക്കുന്നത്.

മാര്‍ച്ച് 26നു തന്നെ വോട്ടെടുപ്പിന്റെ ഫലം പുറത്തുവിടുമെന്നാണ് സംഘടനകള്‍ അറിയിക്കുന്നത്. അദ്ധ്യാപകര്‍ സമര നടപടികളെ പിന്തുണച്ചാണ് വോട്ട് രേഖപ്പെടുത്തുന്നതെങ്കില്‍ തീര്‍ച്ചയായും സമരം നടത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് ജൂനിയര്‍ സെര്‍ട്ടുമായി ബന്ധപ്പെട്ട് നടത്തുന്ന ട്രെയിനിംഗുകള്‍ക്കും പ്ലാനിംഗുകള്‍ക്കും പങ്കെടുക്കില്ലെന്നും സംഘടനകള്‍ വ്യക്തമാക്കി.

അസോസിയേഷന്‍ ഏഫ് സെക്കണ്ടറി ടീച്ചര്‍സ് അയര്‍ലണ്ടിന്റെയും (എഎസ്ടിഐ) ടീച്ചര്‍സ് യൂനിയന്‍ ഓഫ് അയര്‍ലണ്ടിന്റെയും തീരുമാനത്തില്‍ വിദ്യാഭ്യാസ മന്ത്രി റൂരി ക്വിന്‍ തന്റെ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്.

പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതോടെ പുതിയ ഇംഗ്ലീഷ് സിലബസുമായി എത്തിച്ചേരുന്ന ആദ്യ വര്‍ഷ വിദ്യാര്‍ത്ഥികളെ ജൂനിയര്‍ സെര്‍ട്ടിന്റെ പുതിയ പകര്‍പ്പായ ജൂനിയര്‍ സൈക്കിള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു വിദ്യാഭ്യാസ വകുപ്പ്.

2014 സെപ്തംബര്‍ മുതല്‍ ആരംഭിക്കാന്‍ പോകുന്ന ജൂനിയര്‍ സൈക്കിളുമായി ബന്ധപ്പെട്ട് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ടതായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സര്‍ക്കുലര്‍ സ്‌കൂളുകളിലേക്ക് എത്രയും പെട്ടെന്നു തന്നെ അയക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് മന്ത്രി റൂരി ക്വിന്‍ അറിയിച്ചത്.

പുതിയ കോഴ്‌സുകളും പുതിയ പാഠ്യരീതികളും എല്ലാം തന്നെ കൂടുതല്‍ ടെക്‌നോളജിയുടെ സഹായത്തോടെ വിദ്യാര്‍ത്ഥികളില്‍ എത്തിക്കുക എന്ന പദ്ധതിയാണ് ഇപ്പോള്‍ ഇത്രയധികം വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്.

ജൂനിയര്‍ സെര്‍ട്ട് എക്‌സാമിനേഷന്‍ ജൂനിയര്‍ സൈക്കിള്‍ സ്റ്റുഡന്റ് അവാര്‍ഡ് എന്ന പേരിലാണ് അറിയപ്പെടുക.
കൂടുതല്‍ പഠന ഭാരം വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും മേല്‍ അടിച്ചേല്‍പ്പിക്കപ്പെടും എന്ന ഭയമാണ് ഇപ്പോള്‍ പലരുടെയും മനസില്‍ ജൂനിയര്‍ സൈക്കിളിനോട് എതിര്‍പ്പ് നിറച്ചിരിക്കുന്നത്. പുതിയ രീതിക്ക് പറഞ്ഞിരിക്കുന്ന സമയ വ്യവസ്ഥയെയും അദ്ധ്യാപകര്‍ ചോദ്യം ചെയ്യുന്നുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്‌കൂളുകളിലെ വിദ്യാഭ്യാസ രീതിയകളില്‍ ഏകതയില്ലാത്ത അവസ്ഥ വരുമെന്നും അദ്ധ്യാപകര്‍ ആരോപിച്ചു.

വിദ്യാഭ്യാസ നിലവാരത്തെ തന്നെ ഇത്തരം പാഠ്യ രീതികളും സമയ ക്രമീകരണങ്ങളും ദോഷകരമായി ബാധിക്കുമെന്നാണ് അദ്ധ്യാപക സംഘടനകള്‍ വാദിക്കുന്നത്.
ഇതില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാത്തതാണെന്നാണ് തങ്ങള്‍ ചിന്തിക്കുന്നതെന്ന് എഎസ്ടിഐ ജനറല്‍ സെക്രട്ടറി പാറ്റ് കിംഗ് പറഞ്ഞു.
സ്റ്റേറ്റ് എക്‌സാമിനേഷന്‍ കമ്മീഷന്‍ നേരിട്ടു തന്നെ ജൂനിയര്‍ സൈക്കിള്‍ പ്രോഗ്രാം വിദ്യാര്‍ത്ഥികളുടെ കഴിവുകളും പഠനങ്ങളും പരിശോധിക്കുകയും സര്‍ട്ടിഫിക്കേറ്റ് നല്‍കുകയും ചെയ്യണമെന്നാണ് ടിയുഐ ജനറല്‍ സെക്രട്ടറി ജോണ്‍ മക്ഗബന്‍ ആവശ്യപ്പെടുന്നത്.

Scroll To Top