Monday August 21, 2017
Latest Updates

ജീവന്റെ അവസാന നാളുകള്‍ (കഥ :സെബി സെബാസ്റ്റ്യന്‍) 

ജീവന്റെ അവസാന നാളുകള്‍ (കഥ :സെബി സെബാസ്റ്റ്യന്‍) 

തിവുപോലെ അന്നും രാവിലെ 10 മണിക്ക് തന്നെ നഴ്‌സിംഗ് ഹോമില്‍ എത്തി .സെറ്റ് ചെയ്തു വച്ചിരുന്ന ട്രോളി ഉന്തി ലിഫ്റ്റ് കയറി ഒന്നാം നിലയുടെ വലത്തെ അറ്റത്തുള്ള വിശാലമായ ഡൈനിങ്ങ് റൂമില്‍ എത്തി. അവിടെ ഡിന്നറിനായി ടേബിളുകള്‍ സെറ്റ് ചെയ്തുകൊണ്ടിരിക്കുബോഴാണ് മനസ്സിലും കണ്ണിലും പലവിധ കാഴ്ചകള്‍ നിറയാറുള്ളത്. വിശാലമായ 4 ജനാലകളിലുടെ പുറത്തെ കാഴ്ചകളും ,പ്രധാന കവാടത്തിലുടെ ആ നഴ്‌സിംഗ് ഹോമിലേക്ക് വരുന്നവരെയും തിരിച്ചു പോകുന്നവരെയും വ്യക്തമായി കാണാന്‍ കഴിയും .3 വര്‍ഷം കൊണ്ട് തന്നെ ഈ ജോലിയുടെ വിരസത മടുപ്പിച്ചുവെങ്കിലും ഇവിടത്തെ കാഴ്ചകള്‍ ധാരാളം ഉള്‍കാഴ്ചകള്‍ തന്നിട്ടുണ്ട്

സമയം 10.15 ആയി .പതിവ് പോലെ അന്നും കൃത്യമായി ആ സമയത്ത് തന്നെ കറുത്ത ജാക്കറ്റ് അണിഞ്ഞു അല്പം തടിച്ച ആ കുറിയ മനുഷ്യന്‍ ഗേറ്റ് കടന്നു വരുന്നത് കണ്ടു .അയാള്‍ നേരെ പോകുന്നത് റൂം നമ്പര്‍ 17 ലെ തന്റെ ഭാര്യ മോണിക്കയ കാണാനാണ്.മോനിക്കക്കും പൊക്കം കുറവാണ് .പിന്നിട് 2 പേരും സിറ്റിംഗ് റൂമില്‍ ഇട്ടിരിക്കുന്ന വലിയ കസേരകളില്‍ അടുത്തടുത്തായി ഇരിക്കും .ചെറുപുഞ്ചിരി ചുണ്ടില്‍ എപ്പോഴും കൊണ്ട് നടക്കുന്ന മോണിക്ക ഒരിക്കലും സംസാരിച്ചു കേട്ടിട്ടില്ല.

എല്ലാ ദിവസവും ക്ര്യത്യം 10.15 നു തന്നെ കാണാന്‍ വരുന്ന ഭര്‍ത്താവിനോടും ഒന്ന് സംസാരിച്ചു കേട്ടിട്ടില്ല. ഒരു പക്ഷെ അതാരാണെന്നു പോലും മോണിക്ക ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടാവില്ല.വര്‍ഷങ്ങളോളം ഒരുമിച്ചു താമസിച്ച വീട്ടില്‍ ആ മനുഷ്യന്‍ തനിച്ചാണിപ്പോള്‍.എന്തിനാണ് അയാള്‍ എല്ലാ ദിവസവും ഓര്‍മ മരിച്ച ഈ ഭാര്യയെ കാണാന്‍ വരുന്നത് എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്.ഒരു പക്ഷെ അയാള്‍ക്ക് അന്നേ ദിവസം ജീവിക്കാനുള്ള ഊര്‍ജം ലഭിക്കുന്നത് ആ ഒരു മണിക്കൂര്‍ നേരത്തെ സാമിപ്യം കൊണ്ടായിരിക്കാം.വീട്ടിലെ ഭയാനകമായ ഏകാന്തതയെക്കള്‍ എത്ര മനോഹരമാണ് മൗനമായ ഈ സാമിപ്യം പോലും!അതുകൂടി ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ അയാള്‍ ..

അങ്ങനെ നോക്കുമ്പോള്‍ മോണിക്ക അറിയതെയെങ്ങിലും ഒരാളെ ജീവിക്കാന്‍ പ്രേരിപ്പിക്കുകയാണ്.11 മണിക്ക് റെസിഡന്റ്‌സിന് ചായ കൊടുക്കാന്‍ പോകുമ്പോള്‍ ആ മനുഷ്യനും മോണിക്കയും നിശബ്ദരായി ഞാന്‍ ട്രോളി ഉന്തി വരുന്നത് നോക്കി നില്ക്കുകയായിരിക്കും.മോണിക്ക ചായ കുടിച്ചു കഴിഞ്ഞാല്‍ ഉടന്‍ അയാള്‍ പോകുകയും ചെയ്യും,ഭാര്യയോട് യാത്ര പോലും പറയാതെ …

എത്രയെത്ര മനുഷ്യരാണ് ഈ നഴ്‌സിംഗ് ഹോമില്‍ പ്രത്യേകിച്ച് യാതൊരു ലക്ഷ്യവുമില്ലാതെ മരണം വരെ തള്ളി നീക്കേണ്ട ജീവിതവും പേറി നടക്കുന്നത് .ഓര്‍മ അല്പമെങ്കിലും ബാക്കിയുള്ള ചിലര്‍ക്ക് ഞായറാഴ്ച്ചകളില്‍ പൂച്ചെണ്ടുകളും ചോക്ലേറ്റുകളുമായി കയറിവരുന്ന മക്കളും കൊച്ചുമക്കളുമാണ് ജീവിതം …മറ്റു ചിലര്‍ക്ക് ഡൈനിങ്ങ് റൂമില്‍ എഴുതിവച്ചിരിക്കുന്ന മെനുബോര്‍ഡിലെ വിഭവങ്ങളാണു ജീവിതം … . ഓരോ ദിവസവും മാറി മാറി വരുന്ന മെനു വായിച്ചു അന്ന് കഴിക്കേണ്ട ഭക്ഷണവും മനസില്‍ കുറിച്ച് അവര്‍ റൂമിലേക്ക് മടങ്ങും ..മറ്റു ചിലര്‍ക്ക് ഇടക്കുള്ള ഹോസ്പിറ്റല്‍ സന്ദര്‍ശനമാണ് ജീവിതം .. ഒരു കാല്‍ മുറിച്ചുമാറ്റി വീല്‍ചെയറില്‍ എപ്പോഴും മുന്‍വശത്തെ വാതിലിനടുത്തുള്ള വരാന്ത യില്‍ കറങ്ങി നടക്കുന്ന ജോണ്‍ ഗ്രഹാമിനെ പോലുള്ളവര്‍ക്ക് നേഴ്‌സ് വല്ലപ്പോഴും വച്ച് നീട്ടുന്ന സിഗരറ്റിന്റെ പുകയാണ് ജീവിതം …ഒരു കാല്‍ നഷ്ടപെട്ടിട്ടും പുകവലി നിര്‍ത്താന്‍ അയാള്‍ തയ്യാറല്ല. സിഗരറ്റ് ചോദിച്ചിട്ട് കൊടുക്കാത്ത നെഴ്‌സിനോട് വലിയ ശബ്ദത്തില്‍ തട്ടി കയറുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്.അപ്പോള്‍ ഞാന്‍ ഓര്‍ക്കും,അയാള്‍ ആഗ്രഹിക്കുമ്പോഴൊക്കെ ഓരോ സിഗരട്ട് കൊടുത്താല്‍ എന്താണ് കുഴപ്പം?എന്തിനു വേണ്ടിയാണ് ആ ജീവിതം വാശി പിടിച്ചു വലിച്ചു നീട്ടുന്നത്?അയാളുടെ ‘ വലിയ’ സന്തോഷങ്ങള്‍ നശിപ്പിച്ചിട്ടു എന്ത് കിട്ടാനാണ് ?

എന്നെ ഏറ്റവും വേദനിപ്പിച്ചിട്ടുള്ളത് ഈ നഴ്‌സിംഗ് ഹോമിലെ താഴത്തെ നിലയിലെ വരാന്തകളിലുടെ കാണുന്നവരോടൊക്കെ 2 ചോദ്യങ്ങള്‍ ചോദിച്ചു അലഞ്ഞു നടക്കുന്ന നോരിന്‍ രയാന്റെ ദയനീയ മുഖമാണ്.

‘ഞാന്‍ ആരാണ് ? ഞാന്‍ എവിടെയാണ്? ‘
ഓര്‍മ്മകള്‍ മുഴുവനായി നശിച്ചുപോയ തലച്ചോറുമായി നടക്കുന്ന നോരിന്‍ റയാന്‍ എന്ന വൃദ്ധ !! 

‘യു ആര്‍ നോരിന്‍ റയാന്‍ .യു ആര്‍ ഇന്‍ സിയോണ്‍ വാലി  നഴ്‌സിംഗ് ഹോം’ എന്ന് ഉത്തരങ്ങള്‍ നല്കി ഒരു സ്റ്റാഫ് കടന്നു പോയാലും നോരിന്‍ പിന്നെയും മുന്‍പിലേക്കു നടക്കും.

വരാന്തയിലുടെ എതിരെ വരുന്ന മറ്റൊരു സ്റ്റാഫിനെ തടഞ്ഞു നിര്‍ത്തി അതെ ചോദ്യങ്ങള്‍ ആവര്‍ത്തിക്കും ..ആകാശത്തില്‍ പഞ്ഞികെട്ടുപോലെ മേഘങ്ങള്‍ ഒഴുകിനടക്കുന്ന പോലെ ഭൂമിയിലുടെ ഒഴുകി നടക്കുന്ന നോരിന്‍ റയാന്‍ !! അവര്‍ക്ക് ചുറ്റും സംഭവിക്കുന്നതൊന്നും അവര്‍ അറിയുന്നില്ല !! ഈ 2 ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടലാണ് അവരുടെ ജീവിതം !!.ഭക്ഷണത്തിന്റെ സ്വാദോ , ചിത്രങ്ങളുടെ ഭംഗിയോ, രാത്രിയോ പകലോ തിരിച്ചറിയാനാവാതെ ഒരു മനുഷ്യ പിന്ധമായി ഒരിക്കലും കിട്ടാത്ത ഉത്തരങ്ങള്‍ തേടി നോരിന്‍ എപ്പോഴും വരാന്തകളിലു ടെ അലഞ്ഞു നടക്കുന്നു ..!!

നമ്പര്‍ ലോക്കുള്ള വാതിലുകളില്‍ പിടിച്ചു ശക്തിയായി കുലുക്കി ‘ എനിക്ക് വീട്ടില്‍ പോകണ’മെന്ന് ആക്രോശിക്കുന്ന ക്ര്യസ്ടി എന്ന മനുഷ്യനെ അല്പം ഭയത്തോടെയാണ് ഞാന്‍ നോക്കാറുള്ളത്. തന്നെ ആരോ തടവിലാക്കിയിരിക്കുന്നു എന്നാണ് അയാളുടെ വിചാരം.അതൊരിക്കലും മക്കളല്ലെന്നു അയാള്‍ക്ക് നല്ല ഉറപ്പാണ് !! ശൌര്യം കുടുമ്പോള്‍ മയക്കതിനുള്ള ഗുളികകള്‍ നല്കി അയാളുടെ അവശേഷിക്കുന്ന ബോധത്തെ കൂടി തളര്‍ത്തികളയുമ്പോള്‍ ഞാന്‍ ചിന്തിക്കും , ജീവന്റെ അവസാന നാളുകള്‍ എത്ര ഭയാനകവും അതോടൊപ്പം ദയനീയവുമാണെന്ന് .. .!!

alshiഒരിക്കല്‍ ഡൈനിങ്ങ് റൂമില്‍ ഉച്ച ഭക്ഷണം കൊടുക്കാന്‍ ഒരുങ്ങുമ്പോഴാണ് മോറിന്‍ എന്ന് പേരുള്ള, പൂച്ചയെ പോലെ മുഖമുള്ള, അല്പം കൂനുള്ള വൃദ്ധ 1, 2, 3, 4 എന്ന് എണ്ണുന്നത് കേട്ടത്.അല്‍പനേരം കഴിഞ്ഞപ്പോള്‍ പൊട്ടികരയുന്ന മോറിനെ കണ്ടു ഞാന്‍ അടുത്ത് ചെന്ന് ചോദിച്ചു ,

‘എന്തുപറ്റി മോറിന്‍ ? ‘

മോറിന്റെ ഉത്തരം കേട്ട് ഞാന്‍ ഞെട്ടിപോയി !!

’16 ഈസ് മിസ്സിംഗ്’ 

15 വരെ എണ്ണി തീര്‍ത്തപ്പോഴാണ് അടുത്ത സംഖ്യയായ 16 കാണാനില്ല എന്ന സത്യം മോറി ന്‍ മനസിലാക്കുന്നത്!! നഷ്ടപെട്ട 16 നെ ഓര്‍ത്ത് മോറിന്‍ കരഞ്ഞപ്പോള്‍ കണ്ടു നിന്ന എനിക്കും കരച്ചില്‍ വന്നു.എത്ര സങ്കീര്‍ണമാണ് ഇവരുടെ ചിന്തകള്‍!! ഇതയിരിക്കില്ലേ നാളെ ഒരുപക്ഷെ എന്റെയും ചിന്തകള്‍?

alzh 2അവിവാഹിതയായ ഡോറിസ് ഹുണ്ട് എന്ന വൃദ്ധ എപ്പൊഴും എന്നെ കാണുമ്പോള്‍ ചോദിക്കും,

‘Are you married?’ ‘Do you have kids ?’

ഞാന്‍ കല്യാണം കഴിച്ചെന്നും 2 കുട്ടികള്‍ ഉണ്ടെന്നും പറഞ്ഞാല്‍ ഉടനെ അടുത്ത ചോദ്യം, ‘Are they naugthy?’

‘അതെ’ ,എന്ന് ഞാന്‍ ഉത്തരം പറഞ്ഞു തീരുന്നതിനുമുന്‌പേ അവര്‍ കണ്ണീര്‍ വാര്‍ത്തു കരയാന്‍ തുടങ്ങും. പിന്നെ എന്റെ കൈപ്പത്തി എടുത്തു ഉമ്മ വക്കും .എന്തിനായിരിക്കും അവര്‍ കരയുന്നത്? കല്യാണം കഴിച്ചു കുട്ടികളെയും കൊച്ചുമക്കളെയും കാണാന്‍ കഴിയാഞ്ഞിട്ടോ? അതോ സ്വന്തം കുട്ടിക്കാലം ഓര്‍ത്തിട്ടോ ? ഒരിക്കല്‍ ഞാന്‍ ചോദിക്കുകതന്നെ ചെയ്തു. അതിനുള്ള മറുപടി വീണ്ടും ശബ്ദമുയര്‍ത്തിയുള്ള കരച്ചിലായിരുന്നു. അതില്‍ പിന്നെ ഒരിക്കലും ഞാന്‍ ഒന്നും ചോദിച്ചിട്ടില്ല .എല്ലാ ദിവസവും ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും പറഞ്ഞു അവര്‍ ഉമ്മ തന്ന കൈ തടവി ഞാന്‍ തിരിച്ചു നടക്കും .പുറകില്‍ അവരുടെ കരച്ചില്‍ നേര്‍ത്തു നേര്‍ത്തു ഇല്ലാതാവും 

നല്ല ഓര്‍മ്മയുള്ള നീവിസ് ഹാമറും ,അവരുടെ ഭര്‍ത്താവ് ഓര്‍മ നശിച്ച നൈല്‍ ഹാമറും ഇവിടത്തെ അന്തേവാസികളാണ്.ഞായറാഴ്ചകളില്‍ പപ്പയുടേയും മമ്മയുടെയും കൈ പിടിച്ചു 4 ഉം 7 ഉം വയസുള്ള രണ്ടു സുന്ദരി കുട്ടികള്‍ അവരുടെ അപ്പൂപ്പനെയും അമ്മുമ്മയെയും കാണാന്‍ വരും. അവര്‍ വരച്ച വര്‍ണചിത്രങ്ങള്‍ കൈയില്‍ പിടിച്ചുകൊണ്ടാണ് വരിക . അതില്‍ അവര്‍ എഴുതിയിട്ടുണ്ടാവും

‘To loving granny and grandpa.’

അത് നിധി പോലെ തന്റെ മുറിയിലെ ഷെല്‍ഫില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട് നീവിസ്.സന്ദര്‍ശനം കഴിഞ്ഞു ബൈ ബൈ പറഞ്ഞു മക്കളും കൊച്ചുമക്കളും തിരിച്ചുപോകുമ്പോള്‍ അവരുടെ കാര്‍ പ്രധാന കവാടം കഴിയുന്നത് വരെ നീവിസ് നോക്കി നില്ക്കും.പിന്നെ കണ്ണുകള്‍ തുടച്ചു തന്റെ മുറിയിലേ ക്ക് മടങ്ങിപ്പോകും. 

ഒരു ഞായറാഴ്ച ജോലിക്ക് വന്ന എന്നെ എതിരെറ്റത് നീവിസ് ഹാമറിന്റെ മരണവാര്‍ത്തയായിരുന്നു!!. തലേ ദിവസം കൂടി എന്നോട് കുശലം പറഞ്ഞു ചിരിച്ച നീവിസ് കഴിഞ്ഞ രാത്രി മരിച്ചു.ഇന്ന് തന്റെ കൊച്ചുമക്കള്‍ വരച്ചു കൊണ്ട് വരുന്ന ചിത്രങ്ങള്‍ കാണാന്‍ നില്ക്കാതെ അവര്‍ യാത്രയായി. അവരുടെ ഭര്‍ത്താവു നൈല്‍ ഹാമര്‍ ഇതൊന്നുമറിയാതെ ഇപ്പോഴും അടുത്ത മുറിയിലിരുന്നു ടി വി കണ്ടുകൊണ്ടിരിക്കുന്നു.ഓര്‍മ നശിച്ച അയാളോട് ഭാര്യയുടെ മരണ വിവരം ആരും പറഞ്ഞു കാണില്ല .


പലതരം ജോലികള്‍ ചെയ്ത,പല ജീവിത സാഹചര്യങ്ങളില്‍ ജീവിച്ച, നൂറോളം മനുഷ്യര്‍ ഇന്ന് മാലിന്യങ്ങള്‍ പുഴയോരത്തു അടിഞ്ഞു കൂടുന്ന പോലെ ഈ നഴ്‌സിംഗ് ഹോമില്‍ അടിഞ്ഞു കൂടിയിരിക്കുന്നു.ഇതെല്ലം കാണുമ്പോള്‍ തോന്നാറുണ്ട് ജീവിതസായഹ്നങ്ങള്‍ മഹാദുരന്തങ്ങളാണെന്ന്!! . സന്തോഷത്തോടെയും ,ബോധതോടെയും, സംതൃപ്തിയോടെയും മരണത്തെ പുല്‍കാന്‍ ആര്‍ക്ക് കഴിയും? ഒരു പക്ഷെ ധീര വിപ്ലവകാരികള്‍ക്ക് കഴിഞ്ഞേക്കാം .

കാഴ്ച മങ്ങിയ,കേള്‍വി നശിച്ച ,ശക്തി ക്ഷയിച്ച, ഓര്‍മ്മകള്‍ മരവിച്ച, ജീവന്റെ അവസാന നാളുകള്‍ … നഷ്ടപെട്ട ഒരു സംഖ്യയെ തേടി അലയുന്ന ,സ്വയം ആരാണെന്നു തേടി അലയുന്ന മനസുകള്‍ക്ക് ഉടമകളായി ..വയ്യ ഒര്‍ക്കാന്‍ കൂടി വയ്യ…!! ജീവിതം എന്നും ബാല്യം നിറഞ്ഞതായിരുനെങ്കില്‍ ..

seby sകാപട്യമില്ലാത്ത, വേദനകളില്ലാത്ത ,നിഷ്‌കളങ്ക്മായ ബാല്യം … വൈകിപോയിരിക്കുന്നു.. ഒരുപാട് വൈകിപോയിരിക്കുന്നു … ഒരു മാലിന്യമായി ഏതെങ്കിലും തീരത്ത് അടിയുന്നത് വരെ ഈ യാത്ര തുടര്‍ന്നെ പറ്റു …!!!

സെബി സെബാസ്റ്റ്യന്‍ സെല്‍ബ്രിഡ്ജ് 

Scroll To Top