Friday January 19, 2018
Latest Updates

ജിഷ വധക്കേസ് :പ്രതിയ്ക്കും വധശിക്ഷ 

ജിഷ വധക്കേസ് :പ്രതിയ്ക്കും വധശിക്ഷ 

എറണാകുളം: നിയമ വിദ്യാര്‍ത്ഥിനി ജിഷ കൊലക്കേസിന്റെ വിധി പ്രഖ്യാപിച്ചു. പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷയാണ് വിധിച്ചത്.

ഇന്ത്യന്‍ ശിക്ഷാനിയമം 302 (കൊലപാതകം), 376 എ (ആയുധമുപയോഗിച്ചു സ്വകാര്യഭാഗത്തു പരിക്കേല്പിക്കല്‍), 376 (ബലാത്സംഗം), 342 (അന്യായമായി തടഞ്ഞുവയ്ക്കുക), 449 (വീട്ടില്‍ അതിക്രമിച്ചു കടക്കുക) എന്നീ വകുപ്പുകളിലാണ് ശിക്ഷ. ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിനാണ് വധശിക്ഷ.ഓരോ കുറ്റത്തിനും പ്രത്യേകം പ്രത്യേകം ശിക്ഷയാണ് കോടതി വിധിച്ചത്. ഐപിസി 302 പ്രകാരം കൊലപാതകത്തിന് കോടതി പ്രതിക്ക് വധശിക്ഷയും 5 ലക്ഷം രൂപ പിഴയും വിധിച്ചു. ഐപിസി 376 പ്രകാരം മാനഭംഗത്തിന് പത്ത് വര്‍ഷം കഠിന തടവ് 376 എ പ്രകാരം അതിക്രൂരമായ പീഡനത്തിന് ജീവപര്യന്തവും 25000 രൂപ പിഴയും വിധിച്ചു. ഐപിസി 449 പ്രകാരം വീട്ടില്‍ അതിക്രമിച്ചു കടന്നതിന് 7 വര്‍ഷം തടവ്

അന്യായമായി തടഞ്ഞുവെച്ചതിന് ഐപിസി 342 പ്രകാരം 1 വര്‍ഷം തടവ്, 10000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.
കഴിഞ്ഞ രണ്ട് ദിവസത്തെ അന്തിമ വാദത്തിനൊടുവില്‍ അമിറുള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, ബലാത്സംഗം അടക്കം അഞ്ച് ഗുരുതരമായ കുറ്റങ്ങള്‍ അമീര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പിക്കാന്‍ കോടതിക്ക് കഴിഞ്ഞു.

ജിഷ വധക്കേസ് നിര്‍ഭയ കേസിന് സമാനമായി പരിഗണിക്കണമെന്നും പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ഇരു ഭാഗത്തിന്റെയും വാദം കേട്ടശേഷം ശിക്ഷ പ്രഖ്യാപിക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

എന്നാല്‍ ദൃക്‌സാക്ഷികളില്ലാത്ത കേസാണിതെന്നും ഡിഎന്‍എ പരിശോധനഫലം എന്ന പുകമറ സൃഷ്ടിച്ച് പ്രോസിക്യൂഷന്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഊഹാപോഹങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കരുതെന്നും പ്രതിഭാഗം വാദിച്ചു.

താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ജിഷയെ കൊലപ്പെടുത്തിയത് താനല്ലെന്നുമായിരുന്നു ശിക്ഷാവിധി കേള്‍ക്കാനായി കോടതിയില്‍ എത്തിക്കുമ്പോള്‍ കഴിഞ്ഞ ദിവസം പ്രതി അമിറുളിന്റെ പ്രതികരണം. ജിഷയെ കൊലപ്പെടുത്തിയത് ആരാണെന്ന് തനിക്ക് അറിയില്ലെന്നും കോടതിക്ക് പുറത്തുവച്ച് അമിറുള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

ബലാത്സംഗം, കൊലപാതകം, വീട്ടില്‍ അതിക്രമിച്ച് കയറല്‍ അടക്കമുള്ള കുറ്റങ്ങള്‍ പ്രതി ചെയ്തതായാണ് കോടതി കണ്ടെത്തിയത്. അതേസമയം പട്ടിക വര്‍ഗ പീഡന നിരോധന നിയമവും തെളിവ് നശിപ്പിക്കലും നിലനില്‍ക്കില്ലെന്നും കോടതി അറിയിച്ചു. ശാസ്ത്രീയമായ അഞ്ച് തെളിവുകളാണ് പ്രതിക്കെതിരെ പൊലീസ് കണ്ടെത്തിയത്.

ജിഷയുടെ വസ്ത്രത്തില്‍ നിന്നും ലഭിച്ച അമിറുള്‍ ഇസ്ലാമിന്റെ ഉമിനീര്‍, കത്തിയില്‍നിന്നും ലഭിച്ച രക്തം, ജിഷയുടെ വീട്ടിലെ വാതിലിലുണ്ടായിരുന്ന രക്തം, കട്ടിലിലുണ്ടായിരുന്ന രക്തം, അമിറുളിന്റെ വിരലടയാളം എന്നിവ ജിഷയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ അഞ്ച് തെളിവുകളാണ് പ്രതിക്കെതിരെ പൊലീസ് ശേഖരിച്ചിരുന്നത്. കേരളത്തില്‍ ആദ്യമായി ശാസ്ത്രീയ തെളിവിന്റെ അടിസ്ഥാനത്തില്‍ തെളിയിച്ച കേസ് കൂടിയായാണ് ജിഷ വധക്കേസ്

അതേസമയം അസമീസ് ഭാഷ വശമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അമീര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്നലെ രാവിലെ കോടതി തള്ളി.

Scroll To Top