Friday November 24, 2017
Latest Updates

ജലനിരക്ക് പിന്‍വലിച്ചാല്‍ ആദായ നികുതി 4 ശതമാനം വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് എന്‍ഡ കെന്നി

ജലനിരക്ക് പിന്‍വലിച്ചാല്‍ ആദായ നികുതി 4 ശതമാനം വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് എന്‍ഡ കെന്നി

ഡബ്ലിന്‍: ജലനിരക്ക് പിന്‍വലിക്കുന്നതിന് പുതിയ നിബന്ധനയുമായി പ്രധാനമന്ത്രി എന്‍ഡ കെന്നി. ജലനിരക്ക് പിന്‍വലിച്ചാല്‍ ആദായ നികുതി 4 ശതമാനം വര്‍ധിപ്പിക്കേണ്ടി വരുമെന്ന് എന്‍ഡ കെന്നി വ്യക്തമാക്കി. ഫിനാഗേല്‍ പാര്‍ട്ടിയുടെ അത്താഴ വിരുന്നില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ജലനിരക്ക് പിന്‍വലിക്കണമെന്നുണ്ടെങ്കില്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച നികുതി ഇളവ് പുനസ്ഥാപിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ സര്‍ക്കാര്‍ ആദായ നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്ന് എന്‍ഡ കെന്നി പറഞ്ഞു. 

കഴിഞ്ഞ ബജറ്റില്‍ ഉയര്‍ന്ന നികുതി നിരക്ക് വര്‍ധിപ്പിക്കുകയും നികുതി ബാധകമായ വരുമാനത്തിന്റെ പരിധി ഉയര്‍ത്തുകയും ചെയ്തിരുന്നു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ വന്നാല ഇനിയും നികുതി കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നതായും പ്രധാനമന്ത്രി എന്‍ഡ കെന്നി പറഞ്ഞു. അതേസമയം ജലനിരക്ക് കുറയ്ക്കുന്നതിനുള്ള പ്രതിഷേധം ശക്തമായി തുടര്‍ന്നാല്‍ ജലനിരക്ക് പിന്‍വലിച്ച് നികുതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. 

ജലനിരക്കിനെതിരെ വര്‍ധിച്ച് വരുന്ന പ്രതിഷേധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ജലനിരക്കിനെതിരെ ആശങ്കയുണ്ടെന്ന് താന്‍ മനസിലാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ഐറിഷ് വാട്ടര്‍ ഒരു സ്വകാര്യ കമ്പനിയല്ലെന്നും ജലനിരക്കിനെതിരെ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ജലനിരക്ക് സംബന്ധിച്ച് ഇപ്പോള്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പം വരുന്ന ഏതാനും ആഴ്ചകള്‍ക്കകം പരിഹരിക്കപ്പെടുമെന്നും പ്രധാനമന്ത്രി അറിയിച്ചു. 

Scroll To Top