Monday February 27, 2017
Latest Updates

ജമ്മുവില്‍ കുടുങ്ങിയ 18 മലയാളികള്‍ തിരിച്ചെത്തി; നടി അപൂര്‍വ ബോസ് ഉള്‍പ്പെടെ 184 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു

ജമ്മുവില്‍ കുടുങ്ങിയ 18 മലയാളികള്‍ തിരിച്ചെത്തി; നടി അപൂര്‍വ ബോസ് ഉള്‍പ്പെടെ 184 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ പ്രളയത്തില്‍ കുടുങ്ങിയ 18 മലയാളികള്‍ സുരക്ഷിതരായി ഡല്‍ഹിയില്‍ എത്തി. ശ്രീനഗറില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇവര്‍ ഡല്‍ഹിയില്‍ എത്തിയത്. കേരള ഹൌസ് ഇക്കാര്യം സ്ഥിരീകരിച്ചു. കാശ്മീരില്‍ കുടുങ്ങിയ മലയാളികളെ തിരിച്ച് എത്തിക്കാന്‍ പ്രത്യേക വിമാനം അയയ്ക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ടിരുന്നു. ഉപലോകായുക്ത ജസ്റ്റിസ് ചലച്ചിത്ര നദി അപൂര്‍വ ബോസും ഉള്‍പ്പെടെയുള്ള 184 ഓളം മലയാളികള്‍ ഇപ്പോഴും കാശ്മീരില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതില്‍ 50 പേര്‍ കൂടി ഇന്ന് ഡല്‍ഹിയില്‍ മടങ്ങി എത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.

കാശ്മീരില്‍ കുടുങ്ങിയ മലയാളികളില്‍ ഭൂരിപക്ഷം പേരും വിനോദ സഞ്ചാരത്തിനു എത്തിയവരാണ്. അപൂര്‍വ ബോസുമായി തിരുവോണ ദിനത്തിലാണ് അവസാനമായി സംസാരിക്കാന്‍ സാധിച്ചതെന്ന് അമ്മ പറഞ്ഞു. ഇന്റര്‍നെറ്റ് ടെലിഫോണ്‍ സംവിധാനങ്ങള്‍ തകരാറിലായതിനാല്‍ പലരുമായും ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. മലയാളികളില്‍ പലരും താമസിക്കുന്ന ഹോട്ടലുകളുടെ രണ്ട് നില വരെ വെള്ളത്തിനടിയിലാണെന്നാണ് ഡല്‍ഹിയില്‍ മടങ്ങി എത്തിയവര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കാശ്മീര്‍ റവന്യൂ മന്ത്രി രമണ്‍ ഭല്ലയുമായി ഫോണില്‍ സംസാരിച്ചു. ജമ്മുവില്‍ കുടുങ്ങിയ മലയാളികളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടെന്ന് ചെന്നിത്തല കാശ്മീര്‍ സര്‍ക്കാരിനെ അറിയിച്ചു. ജമ്മുവില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ ആഭ്യന്തര സെക്രട്ടറി നിവേദിത പി ഹരന്‍, ഡിജിപി കെഎസ് ബാലസുബ്രമണ്യന്‍ എന്നിവരെ ചുമതലപ്പെടുത്തിയതായും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

Scroll To Top