Monday September 25, 2017
Latest Updates

ജനപക്ഷത്തിന്റെ ന്യായാധിപന് ഡബ്ലിന്‍ മലയാളി സമൂഹം ജൂലൈ 18 ന് സ്വീകരണം നല്‍കുന്നു

ജനപക്ഷത്തിന്റെ ന്യായാധിപന് ഡബ്ലിന്‍ മലയാളി സമൂഹം ജൂലൈ 18 ന് സ്വീകരണം നല്‍കുന്നു

ഡബ്ലിന്‍ :ന്യായാധിപന്റെ നീതിബോധം നിയമത്തിനും മേലെയാണെന്ന് ഉറച്ചു വിശ്വസിച്ചു കേരളത്തില്‍ മാത്രമല്ല നിയമലോകത്തൊട്ടാകെ ശ്രദ്ധേയനായ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അയര്‍ലണ്ടിലെത്തുന്നു.അയര്‍ലണ്ടില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തുന്ന അദ്ദേഹത്തിന് ജൂലൈ 18 ന്(വെള്ളിയാഴ്ച) വൈകിട്ട് 6 മണിയ്ക്ക് ലൂക്കനിലെ ബാലിയോവന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് ഡബ്ലിന്‍ മലയാളി സമൂഹം സ്വീകരണം ഒരുക്കുന്നുണ്ട്. അയര്‍ലണ്ടിലെ മലയാളികളോട് രാഷ്ട്രീയ നിയമ സാഹചര്യങ്ങളുടെ കാലിക  പ്രസക്തിയെക്കുറിച്ച് അദ്ദേഹം സംവദിക്കും.നിലവില്‍ ശമ്പള കമ്മീഷന്‍ ചെയര്‍മാനും,ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാനുമായ രാമചന്ദ്രന്‍നായര്‍ കേരള ഹൈക്കോടതിയുടെ ആക്റ്റിംഗ് ചീഫ് ജസ്റ്റീസ് ആയിരുന്നു.മുല്ലപ്പെരിയാര്‍ അണക്കെട്ട് വിവാദ കാലത്ത് കേരളത്തിലെ സാധാരണക്കാരുടെ ശബ്ദമായി നിലകൊണ്ടുവെന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.

ജനപക്ഷത്ത് നിലകൊള്ളുന്ന അപൂര്‍വം ന്യായാധിപരില്‍ ഒരാളായാണ് രാമചന്ദ്രന്‍ നായര്‍ അറിയപ്പെടുന്നത്.രാഷ്ട്രീയവൃത്തങ്ങളില്‍ പ്രതിഷേധത്തിനിടയാക്കിയ വഴിയോരയോഗനിരോധന വിധി പൊതുജനങ്ങള്‍ രണ്ടു കയ്യും നീട്ടിയാണു സ്വീകരിച്ചത്.സുപ്രീംകോടതി ശരിവച്ചതോടെ, ആ വിധിയുടെ ജനപക്ഷസ്വഭാവത്തിനു പരമോന്നത നിയമാംഗീകാരം കൂടി ലഭിച്ചു.സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളുടെ നിലവാരത്തകര്‍ച്ച, സംസ്ഥാനത്തിനു വിനയായ മാലിന്യപ്രശ്‌നം, ബാങ്കുകളുടെ മനുഷ്യത്വരഹിത നിലപാടുകള്‍, അബ്കാരി ചട്ടങ്ങള്‍ എന്നിവയൊക്കെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് പരിഗണിച്ച പ്രധാന വിഷയങ്ങളാണ്.

ബാര്‍ സമയം വൈകിട്ട് അഞ്ചു മുതല്‍ രാത്രി 12 വരെയാക്കി പരിമിതപ്പെടുത്തണമെന്ന നിരീക്ഷണം ഏറെ ചര്‍ച്ചകള്‍ക്കു വഴിവച്ചു.സംസ്ഥാനത്തു കള്ളുവില്‍പന നിരോധിക്കാന്‍ സര്‍ക്കാര്‍ ധര്യൈം കാട്ടണമെന്ന വിധി തൊട്ടുപിന്നാലെയെത്തി.ചാല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, എല്‍പിജി നീക്കം റയില്‍ മാര്‍ഗമാക്കണമെന്ന നിര്‍ദേശം സംസ്ഥാനത്തൊട്ടാകെ ചര്‍ച്ച ചെയ്യപ്പെട്ടു.

വായ്പയീടാക്കലിന്റെ പേരില്‍ ബാങ്കുകള്‍ കിടപ്പാടം ഒഴിപ്പിക്കരുതെന്നും വിധി വന്നു.സര്‍ഫാസി ആക്റ്റിനെതിരെ സാധാരണക്കാര്‍ക്ക് വേണ്ടി പൊരുതുകയായിരുന്നു അദ്ദേഹം.വായ്പ ഈടാക്കലിന് വേണ്ടി കിടപ്പാടം ഒഴിപ്പിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.

മണല്‍ കലവറയുണ്ടാക്കി പഞ്ചായത്ത് ന്യായവിലയ്ക്കു മണല്‍ വില്‍ക്കണമെന്ന നിര്‍ദേശം മണല്‍മാഫിയയ്ക്കു തടയിടാന്‍ കൂടി ഉദ്ദേശിച്ചാണ്.നിസാരശമ്പളം വാങ്ങിയിരൂന്ന അംഗന്‍വാടി അധ്യാപകരുടെ ശമ്പള പ്രശ്‌നത്തിലും സിബിഎസ്ഇ അധ്യാപകരുടെ ശമ്പളക്കാര്യത്തിലും കോടതിയുടെ ശക്തി പ്രകടമാക്കിയ വിധികളാണു പുറത്തുവന്നത്.പകലന്തിയോളം പണിയെടുത്തിരുന്ന അംഗനവാടി ടീച്ചര്‍മാരുടെ ശമ്പളം 350 രൂപയില്‍ നിന്നും നാല് വര്‍ഷങ്ങള്‍ കൊണ്ട് 5000 രൂപയിലെത്തിയെങ്കില്‍ ഇവര്‍ അനുഭവിക്കുന്ന നേട്ടങ്ങള്‍ക്ക് രാമചന്ദ്രന്‍ നായരോട് കേരള സമൂഹം നന്ദി പറഞ്ഞേ മതിയാവു.

ഇരുചക്ര വാഹനാപകട ഇന്‍ഷുറന്‍സ് ലഭിക്കാന്‍ യാത്രക്കാരനു ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്നും, തരിശിടുന്ന പാടങ്ങള്‍ മറ്റാവശ്യങ്ങള്‍ക്കു വിനിയോഗിക്കാമെന്നും, ചാരക്കേസില്‍ പ്രതിചേര്‍ത്തു പീഡിപ്പിക്കപ്പെട്ട നമ്പി നാരായണനു 10 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള വിധികള്‍ ഏറെ ശ്രദ്ധേയമായി.

കോട്ടയം ജില്ലയിലെ മരങ്ങോലിയില്‍ കര്‍ഷക കുടുംബത്തില്‍ ജനിച്ച സി.എന്‍. രാമചന്ദ്രന്‍ നായര്‍ 2001ലാണു ഹൈക്കോടതിയില്‍ അഡീഷനല്‍ ജഡ്ജിയായത്. 2002ല്‍ സ്ഥിരം ജഡ്ജിയായി. സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി എക്‌സിക്യുട്ടീവ് ചെയര്‍മാനായിരുന്ന അദ്ദേഹം  ഒരു മാസത്തോളം ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരുന്നു.


Scroll To Top