Wednesday January 17, 2018
Latest Updates

ചൂഷണത്തിന്റെ ‘നാണകെട്ട മഹത്വം’ചരിത്രമാക്കേണ്ടതില്ലെന്ന് ബ്രിട്ടണോട് ശശി തരൂര്‍

ചൂഷണത്തിന്റെ ‘നാണകെട്ട മഹത്വം’ചരിത്രമാക്കേണ്ടതില്ലെന്ന് ബ്രിട്ടണോട് ശശി തരൂര്‍

ഡബ്ലിന്‍:അയര്‍ലണ്ടിലേയും ഇന്ത്യയിലെയും പട്ടിണിപ്പാവങ്ങളെ കൊലപാതകത്തിന് വിട്ടുകൊടുത്ത ബ്രിട്ടീഷ് ഭരണകൂടത്തിന് ചരിത്രം മാപ്പ് നല്‍കില്ലെന്ന് ശശി തരൂര്‍ എംപി.അയര്‍ലണ്ടിലെ പട്ടിണിക്കാലത്ത് അവര്‍ക്ക് തുണയേകാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വരാഞ്ഞത് പോലെ തന്നെയാണ് ഇന്ത്യയിലും സംഭവിച്ചത്.ഐറിഷ്‌കാര്‍ക്ക് പോകാന്‍ അമേരിക്കയുണ്ടായിരുന്നു,പക്ഷെ ഇന്ത്യക്കാരെ സംരക്ഷിക്കേണ്ടിയിരുന്ന ഭരണാധികാരികള്‍ അവരെ മാല്‍ത്തയൂഷ്യന്‍ തിയറിയുടെ തത്വശാസ്ത്രം പറഞ്ഞു വിധിക്കു വിട്ടുകൊടുക്കുകയിരുന്നു.ശശി തരൂര്‍ പറഞ്ഞു.

ഇന്ത്യയിലെ ബ്രിട്ടീഷ് കോളനിവാഴ്ചയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായാണ് ശശി തരൂര്‍ ഡബ്ലിനിലെ ഡാല്‍ക്കി ബുക്ക് ഫെസ്റ്റില്‍ അരങ്ങത്തെത്തിയത്.പതിവ് ശൈലി വിടാതെ പതിഞ്ഞ സ്വരത്തില്‍ ദേശത്തിന്റെ ജിഹ്വയായി കത്തിക്കയറിയ ശശി തരൂര്‍ അയര്‍ലണ്ടിലെ വേദിയിലും ഏതൊരു ഇന്ത്യക്കാരന്റെയും അഭിമാനമുയര്‍ത്തി.

‘മോഷണത്തിന്റെയും,കൊലപാതകത്തിന്റെയും,സ്വത്തുക്കളും ബൗദ്ധികശക്തിയും അധീനപ്പെടുത്തിയതിന്റെയും ബാക്കിപത്രമാണ് ബ്രിട്ടീഷുകാരന്‍ ഇപ്പോള്‍ അനുഭവിക്കുന്നത്.തനി കൊള്ളക്കാരായിരുന്ന ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ എത്ര മഹത്വവല്‍ക്കരിച്ചാലും ആ പാപകറകള്‍ തീരില്ല.

നൂറ്റാണ്ടുകളുടെ പ്രൗഢഗരിമയിലായിരുന്ന ഇന്ത്യയെ തകര്‍ത്തത് ബ്രിട്ടീഷുകാരന്റെ ധാര്‍ഷ്ട്യവും,കള്ളമനസുമായിരുന്നുവെന്ന് തരൂര്‍ തുറന്നടിച്ചു.കൊള്ളയടിക്കാന്‍ മികച്ച രാജ്യമായി മാത്രമാണ് ഇന്ത്യയെ ബ്രിട്ടീഷ്‌കാര്‍ കണ്ടത്.

ബ്രിട്ടീഷുകാരുടെ കിരാത ഭരണകാലത്ത് 3.5 കോടിയിലധികം ആളുകള്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടതായി ശശി തരൂര്‍ ആരോപിച്ചു.കണക്കുകള്‍ അതിലുമേറെയാവാം.1700കളില്‍ ലോകത്തിലെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 27 ശതമാനം കൈവശമുണ്ടായിരുന്ന ഇന്ത്യയെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് വലിച്ചെറിഞ്ഞതിന് ചരിത്രത്തില്‍ സമാനതകളില്ല.ബ്രിട്ടീഷ്‌കാര്‍ വിട്ടു പോകുമ്പോള്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 1.8 എന്ന നിരക്കിലേക്കാണ് താണത്.അത്രയധികമാണ് ഓരോ ബ്രിട്ടിഷുകാരനും ഇന്ത്യയില്‍ നിന്നും സമാഹരിച്ചു കൊണ്ടുപോയത്.തരൂര്‍ പറഞ്ഞു.

‘നാണം കെട്ട സാമ്രാജ്യം -ബ്രിട്ടന്‍ ഇന്ത്യയോട് ചെയ്തത് ‘എന്ന ശീര്‍ഷക വിഷയത്തില്‍ ശശി തരൂര്‍ ഒരു മണിക്കൂറോളം പൊതു സമൂഹത്തോടു സംവദിച്ചു.ആര്‍ ടി ഇ ബ്രോഡ്കാസ്റ്റര്‍ മൈല്‍സ് ഡെങ്കന്‍, ചര്‍ച്ചയ്ക്ക് എരിവും ചൂടും പകര്‍ന്ന് ബ്രിട്ടീഷ് വിരുദ്ധത പറയാന്‍ ശശി തരൂരിനൊപ്പം കൂടി..

‘ഇന്ത്യയായിരുന്നു എക്കാലത്തും ലോകത്തിന്റെ മുന്‍നിര കയറ്റുമതിക്കാര്‍.ഇംഗ്‌ളണ്ടിലേയ്ക്ക് പോലും എത്തികൊണ്ടിരുന്നത് മേഡ് ഇന്‍ ഇന്ത്യ ബ്രാന്‍ഡിലുള്ള തുണിത്തരങ്ങളായിരുന്നു. മല്‍സരമില്ലാതാക്കാന്‍ ഇംഗ്ലിഷുകാര്‍ ഇന്‍ഡ്യയിലെമ്പാടുമുള്ള തുണിമില്ലുകളെ തകര്‍ത്തു. ആസൂത്രിതമായി തുണിവ്യവസായത്തെ നശിപ്പിക്കുകയാണ് അവര്‍ ചെയ്തത്. നെയ്ത്തുകാരെപ്പോലും കമ്പനി വെറുതെവിട്ടില്ല. അവര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും റദ്ദാക്കി.

ഇന്ത്യയായിരുന്നു ഒരു കാലത്ത് ഷിപ്പിംഗ് വ്യവസായത്തതിന്റെ കേന്ദ്രം.അവയെ ഇംഗ്‌ളണ്ടിലേയ്ക്ക് പറിച്ചു നടാനും അവിടെ നിന്നും കയറ്റുമതികള്‍ ക്രമപ്പെടുത്താനും ആയിരുന്നു അവരുടെ ത്വര.സമ്പന്നമായ ഇന്ത്യന്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രിയെ തരം താഴ്ത്തി തകര്‍ക്കാനായിരുന്നു ബ്രിട്ടീഷ്‌കാര്‍ ശ്രമിച്ചത്.

ഒരിക്കല്‍ പോലും ഇന്ത്യയെ കൊള്ളയടിച്ചതിനെക്കുറിച്ച് അവര്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ല.ചരിത്രം കള്ള ത്തരത്തെ പൊളിച്ചടുക്കുമ്പോള്‍ ബ്രിട്ടീഷുകാരന്‍ നാണം കെടാതെ വയ്യ.പിടിച്ചെടുത്ത് അവര്‍ക്ക് തിരിച്ചു കൊടുക്കന്‍ ആയില്ലെങ്കിലും ഖേദം പ്രകടിപ്പിക്കാനുള്ള അവസരം ഉണ്ടാകണം.ഇന്ത്യയടക്കമുള്ള വിവിധ കോളനികളില്‍ നിന്നും തങ്ങള്‍ കൊള്ളയടിച്ച മുതലാണ് ഇന്ന് തങ്ങളുടെ പക്കലുള്ളതെന്ന് സമ്മതിക്കാന്‍ ബ്രിട്ടന്‍ ഇപ്പോഴും തയ്യാറല്ലെന്നും തരൂര്‍ ആരോപിക്കുന്നു

ബ്രിട്ടീഷ് ഭരണം ഇന്ത്യയ്ക്ക് നല്‍കിയ നേട്ടമായി ഇന്ത്യന്‍ റെയില്‍വേയെ ചിത്രീകരിക്കുന്നവരുണ്ട്. റെയില്‍ ശൃംഖല നിര്‍മ്മിച്ചതിന്റെ പേരില്‍ ഇന്ത്യക്കാര്‍ ബ്രിട്ടനോടു നന്ദിയുള്ളവരായിരിക്കണമെന്ന് പോലും പറയാന്‍ ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ മടി കാണിച്ചിട്ടില്ല.ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് അസംസ്‌കൃത വസ്തുക്കള്‍ കൊണ്ടുപോകാന്‍ അവര്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു റെയില്‍ പാത. ഉള്‍നാടന്‍ മേഖലകളിലേക്കു സൈനികരെയും ജോലിക്കാരെയും എത്തിക്കുകയെന്നതും ബ്രിട്ടിഷുകാരുടെ ലക്ഷ്യമായിരുന്നെന്നും തരൂര്‍ ആരോപിച്ചു.

ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് റയില്‍വേയുടെ നിര്‍മ്മാണം നടത്തിയത്. അതിനുള്ള വില ഇന്ത്യയില്‍ നിന്നും ഈടാക്കി തന്നെയാണ് അവരത് ചെയ്തത്.ഒന്നും സൗജന്യമായിരുന്നില്ല.കാനഡയിലോ ഓസ്‌ട്രേലിയയിലോ ഒരു മൈല്‍ റയില്‍വേ ലൈന്‍ ഉണ്ടാക്കുന്നതിന്റെ ഒന്‍പത് ഇരട്ടി തുക ചെലവാക്കിയാണ് ഇന്ത്യയില്‍ ഒരു മൈല്‍ റയില്‍വേ ലൈന്‍ നിര്‍മ്മിച്ചത്.

ഇന്ത്യക്കാരന് വേണ്ടി ട്രെയിനുകള്‍ക്കുള്ളില്‍ തടി ബെഞ്ചുകള്‍ തീര്‍ത്തുകൊടുത്ത ബ്രിട്ടീഷ്‌കാരന്‍ അവരോടു വാങ്ങിയത് കൊള്ളവിലയാണ്.അതേ സമയം ബ്രിട്ടീഷുകാരന്റെ ചരക്കുനീക്കത്തിന് സൗജന്യങ്ങള്‍ തരപ്പെടുത്തി.

ബ്രിട്ടന്റെ ഭരണത്തില്‍ 35 ദശലക്ഷം വരെ ആളുകള്‍ പട്ടിണി മൂലം മരണപ്പെട്ടു.സമാനമായിരുന്നു അയര്‍ലണ്ടിലെ അവരുടെ പട്ടിണി പരീക്ഷണവും. കുപ്രസിദ്ധമായ ബംഗാളിലെ കൊടും ക്ഷാമം ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിന്‍സന്റ് ചര്‍ച്ചിലിന്റെ കുരുട്ടു ബുദ്ധിയുടെ ഫലമായിരുന്നു. അനന്തരം നാലു ലക്ഷം പേരാണ് പട്ടിണിക്ക് കീഴടങ്ങി ജീവന്‍ വെടിഞ്ഞത്.ആസ്ട്രേലിയയില്‍ നിന്നും ലണ്ടനിലേക്ക് കൊണ്ടുവരപ്പെട്ട നിരവധി ഷിപ്പ്‌മെന്റുകള്‍ കല്‍ക്കട്ട തുറമുഖത്ത് കെട്ടികിടന്ന അവസരത്തിലും അത് അവിടെയിറക്കാതെ ബഫര്‍ സ്റ്റോക്കിലേയ്ക്കും,യൂറോപ്പിലെ മറ്റു രാജ്യങ്ങള്‍ക്കും മാറ്റികൊടുക്കാനാണ് ചര്‍ച്ചില്‍ നിലപാടെടുത്തത്.

ബംഗാളില്‍ പട്ടിണി പടര്‍ന്നു പിടിക്കുന്നു, ജനലക്ഷങ്ങള്‍ മരിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ എന്തുകൊണ്ട് ഇതുവരെ ഗാന്ധി മരിച്ചില്ല എന്ന ചര്‍ച്ചിലിന്റെ ചോദ്യം ഒരു വേദിയില്‍ കൂടി പറഞ്ഞു വെച്ച് ശശി തരൂര്‍ ബ്രിട്ടനെ നിര്‍ത്തിപ്പൊരിച്ചു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ അഴിമതിയെക്കുറിച്ചും പക്ഷം പിടിക്കലിനെകുറിച്ചുമുള്ള ചോദ്യങ്ങള്‍ക്കും തരൂര്‍ ഉത്തരം നല്‍കി.’400 വര്‍ഷമായി അടിച്ചമര്‍ത്തലിലും,പീഡനത്തിലും ,നാടുകടത്തലിലും,കഴിഞ്ഞിരുന്ന ഒരു ജനതയ്ക്ക് കണ്ടു പഠിച്ചതില്‍ നിന്നുള്ള മാറ്റത്തിന് കാലമെടുക്കും.

സാമ്രാജ്യത്വഭരണത്തിന്‍ കീഴിലുള്ള ജനാധിപത്യ സ്ഥാപനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ബ്രിട്ടന്‍ പ്രവര്‍ത്തിച്ചില്ല. ഗ്രാമീണ തലത്തില്‍നിന്ന് സ്വയംഭരണം കെട്ടിപ്പിക്കുന്നതിന് പകരം, ഈസ്റ്റ് ഇന്ത്യാ കമ്പനി നിലവിലുണ്ടായിരുന്നതെല്ലാം നശിപ്പിച്ചു.’ ബ്രിട്ടണ്‍ ജനാധിപത്യം തന്നതല്ല.ഇന്ത്യ വാങ്ങിയെടുത്തതാണ്. തരൂര്‍ പറഞ്ഞു.

ബ്രിട്ടീഷുകാരന്‍ വരുന്നതിന് മുമ്പേ ആര്‍ഷഭാരതത്തിന്റെയും സൗഹാര്‍ദത്തിന്റെയും ചരിത്രമുള്ളതാണ്.ശങ്കരാചാര്യര്‍ നടന്നു നീങ്ങിയത് ആസേതുഹിമാചലമാണ്.ചന്ദ്രഗുപ്തമൗര്യനും,അശോകനും വിശാല ഇന്ത്യയുടെ അധിപരായിരുന്നു.ഇവയില്‍ നിന്ന് എന്തധികമാണ് ബ്രിട്ടീഷുകാരന്‍ തന്ന രാഷ്ട്രീയ ഏകത?തരൂര്‍ ചോദിച്ചു.പകരം ഭിന്നിപ്പിച്ചു ഭരിച്ച് ഇന്ത്യയെ തകര്‍ക്കുകയാണ് അവര്‍ ചെയ്തത്.കള്ളത്തരങ്ങളുടെ ചരിത്രം മാറ്റിയഴുതാന്‍ ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ക്ക് ആവുമോ ?ബ്രിട്ടീഷ് ഭരണം ഇന്ത്യയ്ക്ക് രാഷ്ട്രീയ ഏകത നല്‍കിയെന്ന അവകാശവാദത്തിന് ശശി തരൂര്‍ മറുപടി നല്‍കി.

ഡാല്‍ക്കി ടൌണ്‍ ഹാളില്‍ ശശി തരൂരിന്റെ പ്രസംഗം കേള്‍ക്കാന്‍ വന്‍ജനാവലിയാണ് എത്തിയിരുന്നത്.നിശ്ചിത സമയത്തിന് മുമ്പേ പ്രവേശനം അവസാനിച്ചിരുന്നു.സമ്മേളനത്തിന് ശേഷം തരൂരില്‍ നിന്നും ഓട്ടോഗ്രാഫ് എഴുതി Inglorious Empire: What the British did to India എന്ന ബുക്ക് വാങ്ങാനും ആരാധകര്‍ തിരക്ക് കൂട്ടി.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം ശശി തരൂര്‍ ഇന്നലെ ജനീവയിലേക്ക് മടങ്ങി.

റെജി  സി ജേക്കബ്

ABCD4AB3SHACC

Scroll To Top