Sunday July 22, 2018
Latest Updates

ചൂടില്‍ പൊരിഞ്ഞ് അയര്‍ലണ്ട്,അടുത്ത ആഴ്ചത്തെ താപനില 30 ഡിഗ്രി വരെയായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ 

ചൂടില്‍ പൊരിഞ്ഞ് അയര്‍ലണ്ട്,അടുത്ത ആഴ്ചത്തെ താപനില 30 ഡിഗ്രി വരെയായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ 

ഡബ്ലിന്‍ : അടുത്ത ആഴ്ച മധ്യത്തോടെ അയര്‍ലണ്ടിലെ പകല്‍ താപനില മുപ്പത് ഡിഗ്രി സെല്‍ഷ്യസ് വരെ ആയേക്കാമെന്ന് കാലാവസ്ഥാ വിദഗ്ദര്‍.അടുത്ത തിങ്കളാഴ്ച മുതല്‍ രാത്രി കാലങ്ങളിലും 15 ഡിഗ്രി സെല്‍ഷ്യസില്‍ താപനില കുറയാന്‍ സാധ്യതയില്ലെന്നാണ് മെറ്റ് ഏറാന്‍ നല്‍കുന്ന സൂചനകള്‍.കനത്ത ഉഷ്ണത്തെ തുടര്‍ന്ന് അയര്‍ലണ്ടില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അയര്‍ലണ്ടിലെ ഏറ്റവും ചൂടേറിയ ദിനങ്ങളാണ് ഈ വാരാന്ത്യം മുതല്‍ ആരംഭിക്കാനിരിക്കുന്നതത്രെ.ഇന്നലെ കൂടിയ താപനില 18 ഡിഗ്രിവരെ എത്തിയിരുന്നു.ഇന്നും താപനില ഇപ്പോഴത്തെ അവസ്ഥയില്‍ തുടരുമെങ്കിലും നാളെ 17 മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം.

കുട്ടികളടക്കം നിരവധി പേര്‍ സൂര്യതാപമേറ്റ നിലയില്‍ ഇപ്പോള്‍ തന്നെ വൈദ്യസഹായം തേടുന്നുണ്ട്.

താപനില മുപ്പതിലേയ്ക്ക് എത്തുമെന്ന വാര്‍ത്ത അയര്‍ലണ്ടിലെ താമസക്കാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. രാത്രി താപനിലയും കൂടിയാല്‍ അത് തങ്ങളുടെ ഉറക്കത്തെ പോലും ബാധിക്കുമെന്ന ഭയപ്പാടിലാണ് ചിലരെങ്കിലും.പ്രത്യേകിച്ച് വൃദ്ധ ജനങ്ങള്‍..എ സി യോ,ഫാനോ അയര്‍ലണ്ടിലെ വീടുകളില്‍ പതിവില്ലാത്തതിനാല്‍ അന്തരീക്ഷ താപം സഹിക്കാതെ വയ്യെന്നായേക്കും പലര്‍ക്കും.

ബീച്ചുകളിലും പാര്‍ക്കുകളിലും വന്‍ തിരക്കാണ്.അവധി സംഘടിപ്പിച്ച് ‘വിനോദയാത്രകള്‍ക്ക് ഇറങ്ങുന്നവരുടെ എണ്ണവും വര്‍ധിച്ചു.ഡബ്ലിനില്‍ ഇന്ത്യാ അയര്‍ലണ്ട് ക്രിക്കറ്റ് മാച്ച് നടക്കുന്ന 27,29 തീയതികളില്‍ താപനില 25 കവിയുമെന്നാണ് പ്രവചനം.

അഗ്നിശമനസേനയ്ക്കും തലവേദനയായി ജനങ്ങളുടെ സൂര്യാനുരാഗം.ചൂട് പരിധി വിട്ടുയര്‍ന്നതോടെ എവിടെ വെള്ളം കണ്ടാലും അവിടെ ചാടുന്ന രീതിയിലേക്ക് ആളുകള്‍ മാറി.ബീച്ചുകളില്‍ മാത്രമല്ല തടാകങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലുമെല്ലാം ആളുകള്‍ ഊളിയിട്ടു. ഇതിന്റെയെല്ലാം പിന്നാലെ മുന്നറിയിപ്പുമായി ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡും പായേണ്ടി വന്നു.സുരക്ഷിതമല്ലാത്ത ഇടങ്ങളില്‍ കുളിക്കുന്നതൊഴിവാക്കണമെന്ന് ബ്രിഗേഡ് മുന്നറിയിപ്പ് നല്‍കി.ചൂട് 25ഡിഗ്രിയില്‍ അധികം എത്തിനില്‍ക്കുമ്പോള്‍ കുളിക്കരുതെന്നും അവര്‍ പറഞ്ഞു.കനാലുകളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും അപകടം ഒളിഞ്ഞിരിക്കുന്നുണ്ട്.മദ്യപിച്ച് ഒരിക്കലും വെള്ളത്തില്‍ ചാടരുതെന്നും കെട്ടുവള്ളത്തില്‍ യാത്രചെയ്യരുതെന്നും അവര്‍ ഉപദേശിക്കുന്നു.

കുട്ടികളേയും കുഞ്ഞുങ്ങളേയും പ്രത്യേകം ശ്രദ്ധിക്കണമെന്ന് എച്എസ്ഇ അറിയിച്ചു. ആറുമാസം പ്രായമുള്ള കുഞ്ഞുങ്ങളെ തണലില്‍ സൂക്ഷിക്കുക,സണ്‍ സ്മാര്‍ട് കോഡ് ഉപയോഗിക്കുക,തൊപ്പിയും സണ്‍ഗ്‌ളാസും ഉപയോഗിക്കുക ,11നും മൂന്നിനും ഇടയില്‍ തണലിലിരിക്കാന്‍ ശ്രദ്ധിക്കുക തുടങ്ങിയ മുന്നറിയിപ്പുകളും എച്എസ്ഇ നല്‍കുന്നു.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top