Saturday February 25, 2017
Latest Updates

ചുഴലി കൊടുങ്കാറ്റ് നാശം വിതച്ചു : കോര്‍ക്കിലും ലിമറിക്കിലും ഡൊണഗലിലും വന്‍ നഷ്ടം

ചുഴലി കൊടുങ്കാറ്റ് നാശം വിതച്ചു : കോര്‍ക്കിലും ലിമറിക്കിലും ഡൊണഗലിലും വന്‍ നഷ്ടം

ഡബ്ലിന്‍ :അയര്‍ലണ്ടിന്റെ തെക്കു വടക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ ചുഴലി കൊടുങ്കാറ്റ് നാശം വിതച്ചു. പതിനയ്യായിരത്തില്‍ പരം വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലുമാണ് മഴയിലും കാറ്റിലും വൈദ്യുതി മുടങ്ങിയത്. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റ് രാത്രിസമയവും തുടരുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. വൈദ്യുതി പഴയതുപോലെ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇഎസ്ബി ആരംഭിച്ചു കഴിഞ്ഞു.

ഗാള്‍വേ സാള്‍ട്ട് ഹില്ലില്‍ നിന്നുള്ള ദൃശ്യം

ഗാള്‍വേ സാള്‍ട്ട് ഹില്ലില്‍ നിന്നുള്ള ദൃശ്യം

ശക്തമായ കാറ്റിലും മഴയിലും ഒരാള്‍ മരിക്കുകയും എട്ടോളംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മരം വീണും കെട്ടിടത്തിന്റെ മേല്‍ക്കൂരകള്‍ തകര്‍ന്നുവീണുമാണ് പലര്‍ക്കും പരിക്കേറ്റത്.
വെസ്റ്റ് കൌണ്ടി മീത്തില്‍ കാറിനു മുകളിലേക്ക് മരം വീണ് 23കാരിയായ യുവതിയാണ് മരിച്ചത്. ശക്തമായ കാറ്റില്‍ മരം കടപുഴകി വീഴുകയായിരുന്നു. പല സ്ഥലങ്ങളിലും മരങ്ങള്‍ വീണ് കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
മരങ്ങളും മേല്‍ക്കൂരകളും തകര്‍ന്നുവീണുണ്ടായ നാശങ്ങള്‍ കാരണമാണ് വൈദ്യുതിയും മുടങ്ങിയത്. ന്യൂപോര്‍ട്ടിലും ബെല്‍മുല്ലറ്റിലും വെസ്റ്റ്‌പോര്‍ട്ടിലുമൊക്കെയാണ് കാറ്റ് വളരെ ദോഷകരമായി ബാധിച്ചത്.
മരണപ്പെട്ട യുവതിയുടെ കാറിനു മുകളിലേക്ക് വെസ്റ്റ്മീത്തില്‍ വച്ചാണ് മരം വീണത്. ഉടന്‍ തന്നെ യുവതിയെ മുള്ളിംഗറിലുള്ള മിഡ്‌ലാന്‍ഡ് റീജിയണല്‍ ആശുപത്രിയിലേക്ക് യുവതിയെ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കോര്‍ക്കിലെ കെന്റ് സ്‌റ്റേഷനിലെ മേല്‍ക്കൂര തകര്‍ന്നുവീണ് മൂന്നുപേര്‍ക്ക് പരിക്കുപറ്റി.. ലിമറിക്കിലെ കില്‍മല്ലോക്കില്‍ ശക്തമായ കാറ്റില്‍ അഞ്ചുപേര്‍ക്ക് പരിക്കുപറ്റുകയും ചെയ്തു.
കെന്റ് സ്‌റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകളുടെ മേല്‍ക്കൂരകളാണ് തകര്‍ന്നു വീണത്. യാത്രക്കാരില്ലാതെ ഒരു പാസഞ്ചര്‍ ട്രെയിനും ആ സമയത്ത് സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു. പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കോര്‍ക്ക് യൂനിറ്റിലുള്ള അഞ്ച് ഫയര്‍ ബ്രിഗേഡ് യൂനിറ്റുകള്‍ അവിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിച്ചേര്‍ന്നു.
ഗതാഗത സൗകര്യങ്ങളിലും തടസം നേരിട്ടു. പല റോഡുകളും ഗാര്‍ഡയ്ക്ക് അടച്ചിടേണ്ടിയും വന്നു. മരങ്ങളും മറ്റു കെട്ടിടാവശിഷ്ടങ്ങളും വീണ് റോഡുകളില്‍ തടസങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു.
മിഡില്‍ ടൌണില്‍ 3.15ന് ട്രെയിന്‍ കാത്തു നില്‍ക്കുകയായിരുന്ന അലന്‍ ഡിനീന്‍ എന്ന വിദ്യാര്‍ത്ഥി തന്റെ അനുഭവങ്ങള്‍ മാധ്യമങ്ങളോട് വിവരിച്ചു. മിഡില്‍ടണ്‍ സ്‌റ്റേഷനിലെയും മേല്‍ക്കൂര തകര്‍ന്നുവീണിരുന്നു. സിനിമയിലൊക്കെ സംഭവിക്കുന്നത് പോലെ പെട്ടെന്നാണ് മേല്‍ക്കൂര തകര്‍ന്നുവീണതെന്നും അലന്‍ പറഞ്ഞു. കാറ്റിന്റെ ശക്തി നിമിത്തമാണ് ഇവിടെയും മേല്‍ക്കൂര തകര്‍ന്നത്.
ഡൊനഗല്‍, ഗാല്‍വേ, ലെറ്റ്രിം, മായോ, സ്ലൈഗോ തുടങ്ങിയ കൗണ്ടികളിലും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അപായ സൂചനകള്‍ നല്‍കുന്നുണ്ട്.
മൂന്നുമണിയോടെ ആരംഭിച്ച മഴയും കാറ്റും ഒട്ടേറെ നാശങ്ങള്‍ വിതച്ചാണ് കടന്നുപോയത്. മുറിവേറ്റ നാലുപുരുഷന്‍മാരും ഒരു സ്ത്രീയും വെളിയിലൂടെ നടന്നുപോകുമ്പോഴാണ് അവര്‍ക്ക് അപകടം പറ്റിയത്. ഇവരെ ലിമറിക് യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ ജീവന് അപകടമില്ലാത്തതാണെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുന്നു.
നാശനഷ്ടങ്ങള്‍ കണക്കാക്കുന്നതിനായി പ്രധാനതെരുവുകളിലൊന്നായി സര്‍സ്ഫീല്‍ഡ് സ്ട്രീറ്റ് താല്‍ക്കാലികമായി ഗാര്‍ഡ അടച്ചിട്ടു.
2007ല്‍ പ്രവര്‍ത്തനം നിലച്ച ക്രെഗ്‌സ് ഷോപ്പിന്റെ മേല്‍ക്കര തകര്‍ന്നുവീണ് കെട്ടിടത്തില്‍ ജോലിക്കുനിന്നിരുന്ന തൊഴിലാളികളില്‍ ചിലര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്.
വൈദ്യുതി തടസം നേരിടുന്ന ഉപഭോക്താക്കള്‍ 1850 372 999എന്ന നമ്പറില്‍ ഇഎസ്ബിയെ ബന്ധപ്പെടാമെന്നും ഇഎസ്ബി നെറ്റ്‌വര്‍ക്ക് അറിയിച്ചിട്ടുണ്ട്.

Scroll To Top