Wednesday September 20, 2017
Latest Updates

ചുംബന രോഗികള്‍ക്ക് ചൂരല്‍ കഷായം !! ( സെബി സെബാസ്റ്റ്യന്‍ )

ചുംബന രോഗികള്‍ക്ക് ചൂരല്‍ കഷായം !! ( സെബി സെബാസ്റ്റ്യന്‍ )

ധുനിക കേരളത്തിന്റെ സംസ്‌കാരികമണ്ഡലത്തില്‍ അരങ്ങേറിയഏറ്റവും വലിയ യുദ്ധത്തിനാണ് ഈ കഴിഞ്ഞ രണ്ടാം തീയതി ഞായറാഴ്ച കൊച്ചി നഗരം സാക്ഷ്യം വഹിച്ചത്. അത് സംഘടിപ്പിക്കാനുണ്ടായ സാഹചര്യത്തെ മാറ്റിനിര്‍ത്തികൊണ്ട് ആ സമരത്തെയും അതിനെ കേരളം നോക്കി കണ്ട രീതിയെയും പറ്റി ആഴത്തില്‍ തന്നെ പഠിക്കേണ്ടതുണ്ട്.

മതവികാരങ്ങളെ വൃണപ്പെടുത്തി എന്ന് പറയുമ്പോലെ ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം ‘ചുംബനസമരം ‘എന്ന പേരുതന്നെ ലൈം ഗീക സദാചാരത്തെ വൃണപ്പെടുത്തി കളഞ്ഞു!! ‘ചുബനം’ എങ്ങനെ സമരമാവും ?അത് അടച്ചിട്ട മുറിയില്‍ നിയമപരമായി വിവാഹം ചെയ്ത സ്ത്രീക്കും പുരുഷനും മാത്രം രഹസ്യമായി ചെയ്യാന്‍ അവകാശവും സ്വതന്ത്ര്യവും ഉള്ള ‘ഇമ്മിണി ബല്ല്യ ഒന്നാണ് ‘ മലയാളിക്ക് . മറ്റാര്‍ക്കും മറ്റെവിടെയും വച്ചു അതിനുള്ള അവകാശം ഇല്ല .പക്ഷെ ‘ഉമ്മ’ എന്ന പദം മലയാളിക്ക് ലൈഗീകപരതെയെകാള്‍ വാത്സല്യവും സ്‌നേഹവും ഉണര്‍ത്തുന്ന ഒന്നാണ്. 

അങ്ങനെ പേരില്‍ തന്നെ വിപ്ലവം ഒരുക്കിയാണ് ഇതിന്റെ സംഘാടകര്‍ വര്‍ഷങ്ങളായി ലൈംഗീകഅടിച്ചമര്‍ത്തലുകള്‍ ഒരു വീര്‍പ്പുമുട്ടലായി കൊണ്ടിനടക്കുന്ന മലയാളി മനസ്സിന്റെ വരണ്ട മണ്ണ് കിളച്ചുമറിക്കാന്‍ നനുത്ത ചുംബന കലപ്പയുമായി കടന്നു വന്നത്.തീര്‍ച്ചയായും ശത്രുപക്ഷത്തിനായിരിക്കും ഭൂരിപക്ഷം എന്ന് ഉറപ്പായിരുന്ന ഒരു യുദ്ധം.എങ്കിലും ‘ചുംബനം’ എന്ന വാക്ക് സകല മാധ്യമങ്ങളിലും കവലകളിലും ചര്‍ച്ചാ വിഷയമാകികൊണ്ട് ഈ വാക്ക് നാണത്തോടെ പറയേണ്ട ഒന്നല്ലെന്ന് മലയാളിയെ പഠിപ്പിക്കനെങ്കിലും സമരക്കാര്‍ക്ക് കഴിഞ്ഞു.അതുതന്നെ വലിയ വിജയമാണ്‍ തീര്‍ച്ചയായും ഇതിന്റെ തുടര്‍ ചലനങ്ങള്‍ സമൂഹത്തിലുണ്ടാകും.അങ്ങനെ നോക്കിയാല്‍ അക്ഷരാര്‍ത്ഥത്തില്‍ സമരം വിജയിച്ചില്ലെങ്കിലും,ആശയപരമായി സമരം വിജയിച്ചിരിക്കുന്നു.സക്കറിയ,കാരശ്ശേരി തുടങ്ങിയ ചിന്താശേഷിയുള്ളവര്‍ സമരത്തെ അനുകൂലിച്ചത്,അതില്‍ അശ്ലീലം ഇല്ലാത്ത തുകൊണ്ടുതന്നെയാണ്.

സത്യത്തില്‍ സമരാനുകൂലികള്‍ എന്താണ് ആവശ്യപെട്ടത്?ഇഷ്ടമുള്ള സ്ത്രീയും പുരുഷനും ( അവര്‍ ഭാര്യഭര്‍താക്കന്മാരോ കാമുകീകാമുകന്മാരൊ ആയികൊള്ളട്ടെ )ചുംബിക്കാന്‍ ആഗ്രഹിച്ചാല്‍ പൊതുജനം ഇടപെടരുത്.അത് ഞങ്ങളുടെ സ്വാതന്ത്ര്യമാണ്. പൊതുവഴിയില്‍ ലൈംഗീകവേഴ്ച നടത്താനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരമായിരുന്നില്ല ഇത്.

എന്നാല്‍ സമര വിരുദ്ധരുടെ നിലപാടുകള്‍ ശ്രദ്ധിക്കുക ‘സദാചാര പോലീസിംങ്’ എന്ന ഘടകം മാറ്റിനിര്‍ത്തിയാല്‍ തന്നെ അവര്‍ ഈ സമരത്തിനെ എതിര്‍ക്കുമായിരുന്നു.അതിനുള്ള കാരണം അവരുടെ അനാവശ്യമായ ആകുലതകളും ഭാവനകളും ആയിരുന്നു .ഇന്ന് ചുംബിക്കാന്‍ അനുവദിച്ചാല്‍ നാളെ ഇതിലും വലുത് ചെയ്യും എന്ന ചിന്ത.അതിനര്‍ത്ഥം ചുംബനം മാത്രമായാല്‍ കുഴപ്പമില്ല എന്നുതന്നെയല്ലേ ? അതായത് നാളെ ഇതിലും വലുത് ചെയ്യാതിരിക്കാന്‍ വേണ്ടി ഇന്ന് ന്യായമായ കാര്യത്തെ എതിര്‍ക്കുന്നു എന്ന് .ഇത് അനാവശ്യമായ ആശങ്കയാണ്.കാരണം പൊതുസ്ഥലങ്ങളിലെ അശ്ലീലങ്ങളും നഗ്‌നതാ പ്രദര്‍ശനങ്ങളും നിയന്ത്രിക്കാന്‍ എല്ലാ രാജ്യങ്ങളിലും നിയമം ഉണ്ട്.അതിനു സദാചാരവാദികള്‍ ആശങ്കകുലര്‍ ആവേണ്ട കാര്യമില്ല . 

ഇനി സമരവിരുദ്ധരുടെ മറ്റൊരുനിലപാടു നോക്കാം.ഈ വക കാര്യങ്ങള്‍ അനുവദിച്ചാല്‍ ‘പാശ്ചാത്യ സംസ്‌കാരം ഇന്ത്യന്‍ സംസ്‌കാരത്തെ ബാലാല്‍കാരം ചെയ്തു പുതിയ തലമുറയെ ജനിപ്പിക്കു’ മെന്ന് !! എന്നാല്‍ എല്ലാ സംസ്‌കാരങ്ങളും മാറ്റത്തിന് വിധേയമാണ് എന്നു നാം മനസിലാക്കണം. ഇനി ജനിക്കാനിരിക്കുന്ന കുട്ടികള്‍ എങ്ങനെ ജീവിക്കണമെന്ന് അവര്‍ തന്നെ തീരുമാനിക്കട്ടെ.അടിച്ചേല്പ്പിക്കുന്ന ഒന്നും ശാശ്വതമായിരിക്കില്ല .ഇന്നത്തെ നമ്മുടെ ശരികള്‍ നാളെ ജനിക്കാനിരിക്കുന്ന കുട്ടികള്‍ക്ക് ഒരുപക്ഷെ തെറ്റുകളാവാം.നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പല കാര്യങ്ങളും ഓര്‍ത്താല്‍ നമുക്കും ചിരിവരാറില്ലേ ?

ആരും ആരുടെയും അടിമയല്ല. ഊറ്റം കൊള്ളാന്‍ മാത്രം എന്ത് പാരമ്പര്യവും സംസ്‌കാരവുമാണ് നമുക്ക് ഉണ്ടായിരുന്നതും ഇപ്പോള്‍ ഉള്ളതും? പാശ്ചാത്യ രാജ്യത്തെ സ്ത്രീകള്‍ സ്വതന്ത്രരാണ് .കുടുംബങ്ങളിലും സമൂഹത്തിലും പുരുഷന്‍ കൊണ്ടുനടക്കുന്ന മേല്‌ക്കൊയ്മയെ ആണോ നമ്മള്‍ ‘നല്ല സംസ്‌കാരം’ എന്ന് പറയുന്നത് ?

പൊതുവഴിയില്‍ ആളുകള്‍ നോക്കിനില്‌ക്കെ മുണ്ട് പൊക്കി മൂത്രമൊഴിക്കുന്നത് കണ്ടാലും കണ്ടഭാവം നടിക്കാത്ത മലയാളിക്ക് ചുംബനം കണ്ടാല്‍ ശരീരമാസകലം അരി ച്ചുകയരുന്നതിന്റെ കാരണം ശീലമില്ലയ്മയാണ് .പാശ്ചാത്യ രാജ്യങ്ങളില്‍ വഴിയരുകില്‍ ചുംബിക്കുന്നത് ഇവിടത്തെ ആളുകള്‍ കണ്ട ഭാവം നടിക്കില്ല.എന്നാല്‍ പാന്റ്‌സ് അഴിച്ചു മൂത്രമൊഴിക്കുന്നത് കണ്ടാല്‍ ശരീരമാസകലം അരിച്ചുകയറും,അതിന്റെ കാരണവും ശീലമില്ലയ്മയാണ്.സ്ഥിരം കാണുന്ന കാഴ്ചകള്‍ ആരോചകമല്ലതായി മാറുന്നു!! 

മലയാളികളെ സാദാചാരം പഠിപ്പിക്കാന്‍ ചൂരലുമായി നിരത്തിലിറങ്ങിയവരെ കണ്ടപ്പോള്‍ അഞ്ചാം ക്ലാസ്സില്‍ കണക്കു പഠിപ്പിച്ച പിള്ള സാറിനെ ഓര്‍ത്തുപോയി!! ചൂരല്‍ കൊണ്ടുള്ള അടി പേടിച്ചു ഗുണനപട്ടിക പഠിച്ചപോലെ സദാചാരം പഠിക്കാന്‍ പറ്റുമോ ആവൊ ? ഈ സാറന്മാരെയൊക്കെ ആങ്ങളമാരായി അടുത്ത ജന്മത്തില്‍ ലഭിക്കാന്‍ ഓരോ മലയാളി സ്ത്രീയും മുട്ടിപ്പായി പ്രാര്‍ഥിക്കണം!! seby sനാല്‍ക്കാലികളെ കൊണ്ടും, ചൂരല്‍ കൊണ്ടും തടുത്തുനിര്‍ത്താന്‍ കഴിയുന്ന ഒന്നല്ല സാംസ്‌കാരിക പരിവര്‍ത്തനങ്ങള്‍ എന്ന് ഈ വിഡ്ഢികള്‍ എന്നാണ് മനസിലാക്കുക ?

Sebi Sebastian Celbridge

Scroll To Top