Sunday January 22, 2017
Latest Updates

ചില മരുന്നുകള്‍ക്ക് ഇനി പ്രിസ്‌ക്രിപ്ഷന്‍ വേണ്ട

ചില മരുന്നുകള്‍ക്ക് ഇനി പ്രിസ്‌ക്രിപ്ഷന്‍ വേണ്ട

ഡബ്ലിന്‍ :അലര്‍ജി അസുഖങ്ങള്‍ ഉള്ളവര്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ അഡ്രിനാലിന്‍ ലഭ്യമാക്കാനുള്ള കാര്യങ്ങള്‍ പരിഗണനയിലെടുത്തിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി ജെയിംസ് റൈലി .
ഇത്തരം മരുന്നുകളില്‍ പലതും പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ കൊടുക്കാന്‍ സാധിക്കാത്തവയായിരുന്നു. എന്നാല്‍ നട്ട് അലര്‍ജി പോലുള്ള അസുഖങ്ങള്‍ ഉള്ളവര്‍ അബദ്ധത്തില്‍ അത്തരം ഭക്ഷണം കഴിക്കുകയാണെങ്കില്‍ അത്തരക്കാരുടെ ജീവന്‍ രക്ഷിക്കാനായി മരുന്നുകള്‍ ലഭ്യമാക്കണമെന്ന കാര്യം മുന്‍ നിര്‍ത്തിയാണ് ഇപ്പോള്‍ ഒരു ഭേദഗതിക്കു തയ്യാറാവുന്നതെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്.
എമ്മ സ്ലോവന്‍ എന്ന 14കാരി പെണ്‍കുട്ടി മരുന്നു ലഭിക്കാത്തതിനെത്തുടര്‍ന്ന് മരണപ്പെട്ട സാഹചര്യത്തിലാണ് ഒരു ഭേദഗതി കൊണ്ടുവരാന്‍ തീരുമാനിച്ചത്.
അബദ്ധത്തിലാണ് എമ്മ ഒരു ചൈനീസ് റസ്റ്റോറന്റില്‍ വച്ച് നട്ട്‌സ് അടങ്ങിയ സാറ്റേ സോസ് കഴിച്ചത്. ഭക്ഷണം കഴിച്ചതോടെ എമ്മയ്ക്ക് ശ്വാസതടസം ഉണ്ടാവുകയും നട്ട് അലര്‍ജിയാണെന്ന് മനസിലാക്കിയ എമ്മയുടെ അമ്മ അടുത്തുള്ള മെഡിക്കല്‍ സ്‌റ്റോറിലേക്ക് പോയി മരുന്ന് നല്‍കണമെന്ന് അപേക്ഷിച്ചു. എന്നാല്‍ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ മരുന്നു നല്‍കാന്‍ സാധിക്കില്ലെന്ന് മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരന്‍ പറഞ്ഞു.
മരുന്നു കൃത്യ സമയത്തു ലഭിക്കാഞ്ഞതിനാലാണ് കുട്ടി മരിക്കാനിടയായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. എപ്പിപെന്‍ എന്ന ഇന്‍ജക്ഷന്‍ ആയിരുന്നു അവര്‍ക്ക് ലഭിക്കേണ്ടിയിരുന്നത്.
അപകടകരമായ ഇത്തരം സാഹചര്യങ്ങളില്‍ മരുന്നുകള്‍ ലഭ്യമാകുന്ന തരത്തിലുള്ള നിയമ ഭേദഗതികള്‍ വരുത്തണമെന്ന നിര്‍ദ്ദേശമാണ് ആരോഗ്യ വകുപ്പ് മുന്നോട്ടു വച്ചിരിക്കുന്നത്.
എമ്മയുടെ മരണവുമായി ബന്ധപ്പെട്ട് ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റി ഓഫ് അയര്‍ലണ്ടും അന്വേഷണം നടത്തിയിരുന്നു. ഇത്തരം അപകട സാഹചര്യങ്ങളില്‍ മരുന്നുകള്‍ നല്‍കാമെന്ന് നിയമം അനുവദിക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്‍ജക്ഷന്‍ നല്‍കാനുള്ള ട്രെയ്‌നിംഗ് ലഭിച്ച വളണ്ടിയര്‍മാരെ സ്‌കൂളുകളിലും ഷോപ്പിംഗ് സെന്ററുകളിലും റസ്റ്റോറന്റുകളിലും നിയമിക്കുമെന്നും ജെയിംസ് റൈലി പറഞ്ഞു.
ഇത്തരം അസുഖങ്ങള്‍ ഉള്ളവര്‍ ഇന്‍ജക്ഷന്‍ കിറ്റ് കൈയ്യില്‍ കരുതണമെന്നുള്ള നിര്‍ദ്ദേശവും പൊതുജനങ്ങള്‍ക്കു മുന്നില്‍ വച്ചിട്ടുണ്ട്.
5ശതമാനം വരെ കുട്ടികളിലും 3ശതമാനം മുതിര്‍ന്നവരിലും നട്ട് അലര്‍ജി പോലുള്ള ഫുഡ് അലര്‍ജികള്‍ കണ്ടുവരുന്നുണ്ട്. 17 വയസ്സില്‍ താഴെയുള്ള 357ഴോളം രോഗികളാണ് ഇത്തരം അസുഖങ്ങളുമായി 2012ല്‍ മാത്രം ആശുപത്രികളില്‍ അഡ്മിറ്റായിരിക്കുന്നത്.
വീടുകളില്‍ വച്ച് ചികിത്സ നടത്തിയവരുടെ എണ്ണം ലഭ്യവുമല്ല. നട്ട്‌സ്, സീസേം സീഡ്‌സ്, മത്സ്യം, ഷെല്‍ഫിഷ്, പാലുല്‍പ്പന്നങ്ങള്‍, മുട്ട, സോയ, വാസ്പ്, പെന്‍സിലിന്‍ പോലുള്ള മരുന്നുകള്‍ എന്നിവയൊക്കെ അനാഫിലാക്റ്റിക്കിന് കാരണമാവുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളാണ്.

Scroll To Top