Tuesday September 25, 2018
Latest Updates

ചിറകടിച്ചുയരുന്നു എരുമേലിയുടെ പ്രതീക്ഷകള്‍ 

ചിറകടിച്ചുയരുന്നു എരുമേലിയുടെ പ്രതീക്ഷകള്‍ 

എരുമേലി : മതമൈത്രിയുടെ സംഗമഭൂമിയായ എരുമേലിയുടെ പ്രതീക്ഷകള്‍ ചിറകടിച്ചുയരുകയാണ്. ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനം പറന്നിറങ്ങുന്ന ആ സ്വപ്നത്തിലേക്ക് ഏവരും കാത്തിരിക്കുന്നു. സമീപ പ്രദേശങ്ങളും കുതിപ്പിനായി കാതോര്‍ത്തിരിക്കുകയാണ്. കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയില്‍ 2263 ഏക്കറില്‍ ചെറുവള്ളി എസ്റ്റേറ്റ് പടര്‍ന്ന് കിടക്കുകയാണ്. വിമാനത്താവള പദ്ധതിയ്ക്ക് സംസ്ഥാന സര്‍ക്കാരും അംഗീകാരം നല്‍കി.

ശബരിമല തീര്‍ത്ഥാടകര്‍ക്കായാണ് വിമാനത്താവളം വരുന്നതെങ്കിലും പ്രധാന ഗുണഭോക്താക്കള്‍ പത്തനംതിട്ട ,ഇടുക്കി,കോട്ടയം ഉള്‍പ്പെടുന്ന മദ്ധ്യതിരുവിതാംകൂറിലെ പ്രവാസി സമൂഹമായിരിക്കും. മൂന്നുലക്ഷത്തിലേറെ വരുന്ന പ്രവാസികള്‍ വിമാനത്താവളത്തിന്റെ വരവ് സ്വാഗതം ചെയ്യുന്നു. തേനി ,കമ്പം ,ഗൂഡല്ലൂര്‍ ,ഡിണ്ടിഗല്‍ ,മധുര അടക്കമുള്ള തമിഴ്നാട് ഗ്രാമങ്ങള്‍ക്കും വിദേശ അയ്യപ്പതീര്‍ത്ഥാടകര്‍ക്കും ഗുണകരമാകും വിമാനത്താവളം. തൊഴില്‍മേഖലയിലും വന്‍കുതിച്ചുചാട്ടമുണ്ടാക്കും. പതിനായിരത്തിലേറെ പേര്‍ക്ക് നേരിട്ടും പരോക്ഷമായും തൊഴില്‍ ലഭിക്കും. ചെറുവള്ളിയിലുള്ള 350 ലയങ്ങളിലെ തൊഴിലാളികള്‍ക്ക് തൊഴില്‍സുരക്ഷയും ഉറപ്പാകും.

കാത്തിരിക്കുന്നു സമീപപ്രദേശങ്ങള്‍

മുക്കട ,ചാരുവേലി,കനകപ്പലം,കരിമ്പിന്‍തോട് ,മണിമല ,പൊന്തന്‍പുഴ ,കരിമ്പിനക്കുളം ,കറിക്കാട്ടൂര്‍ ,വെച്ചൂച്ചിറ ,മുക്കൂട്ടുതറ ,കണമല,ഇടകടത്തി ,ചാത്തന്തറ ,ഇടകടത്തി ,ഉമിക്കുപ്പ ,പമ്പാവാലി.

വന്‍കിട നിര്‍മ്മാണ ഗ്രൂപ്പുകള്‍ എരുമേലിയിലേക്ക്

വന്‍കിട നിര്‍മ്മാണ ഗ്രൂപ്പുകളും എരുമേലിയിലേക്കെത്തി തുടങ്ങി. സ്ഥല വില്പനയ്ക്ക് ഇവരുടെ ഏജന്റുമാര്‍ കളത്തിലിറങ്ങി. ആശുപത്രികള്‍ ,ഹോട്ടലുകള്‍,വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയും പലരും നോട്ടമിടുന്നു. കണ്‍വെന്‍ഷന്‍ സെന്ററുകള്‍,വിനോദ കേന്ദ്രങ്ങള്‍ എന്നിവയും ഉയരും.

എല്ലാ കണ്ണുകളും കണ്ണന്താനത്തിലേക്ക്

വിമാനത്താവളം യാഥാര്‍ത്ഥ്യമാകാന്‍ ഇനി കേന്ദ്രസര്‍ക്കാരിന്റെ അനുമതിയാണ് ആവശ്യം. ഇവിടെയാണ് കേന്ദ്ര ടൂറിസം മന്ത്രിയും നാട്ടുകാരനുമായ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ നിലപാട് നിര്‍ണായകമാകുക. സാദ്ധ്യത പഠനറിപ്പോര്‍ട്ട് ,എയര്‍പ്പോര്‍ട്ട് അതോറിട്ടി ഒഫ് ഇന്ത്യയുടെ അനുമതി,കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി,പ്രതിരോധ മന്ത്രാലയം അനുമതി ഇവ ലഭ്യമായാല്‍ ഡയറക്ടര്‍ ഒഫ് സിവില്‍ ഏവിയേഷന്‍ ചെറുവള്ളിയില്‍ നേരിട്ട് പരിശോധന നടത്തും. ഈ കടമ്പകള്‍ കടന്നാല്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം ലഭിക്കും. സ്ഥലമേറ്റെടുത്ത് കൊടുത്താല്‍ അനുമതി വേഗത്തിലാക്കും എന്ന കേന്ദ്രത്തിന്റെ ഉറപ്പ് ശുഭസൂചനയാണ്

സോജന്‍ ജേക്കബ് (കേരള കൗമുദി)

Scroll To Top