Monday December 11, 2017
Latest Updates

ചരിത്രമെഴുതി യദുകൃഷ്ണന്‍ ….

ചരിത്രമെഴുതി യദുകൃഷ്ണന്‍ ….

തിരുവല്ല : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ ആദ്യ ദളിത് ശാന്തിയായി തൃശൂര്‍ കൊരട്ടി സ്വദേശി യദുകൃഷ്ണന്‍ ചുമതലയേറ്റു.

വള്ളപ്പാട്ടിന്റെ അകമ്പടിയോടെയാണു ഭക്തര്‍ യദുകൃഷ്ണന്‍ തിരുമേനിയെ വരവേറ്റത്.

തിരുവല്ല ഗ്രൂപ്പില്‍, നിരണത്തുശാല സബ്ഗ്രൂപ്പിനു കീഴിലുള്ള ക്ഷേത്രത്തില്‍ ദേവസ്വം നടപടികള്‍ക്കു ശേഷം ഗുരുവും തന്ത്രിയുമായ കെ.കെ. അനിരുദ്ധന്റെ അനുഗ്രഹം വാങ്ങി, നിലവിലെ മേല്‍ശാന്തി ഗോപകുമാര്‍ നമ്പൂതിരിക്കൊപ്പം യദു ശ്രീകോവിലില്‍ പ്രവേശിക്കുകയായിരുന്നു.

മൂലമന്ത്രം സ്വീകരിച്ച് ക്ഷേത്രച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയശേഷം ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍ എസ്.ആര്‍. സജിനും ക്ഷേത്രോപദേശകസമിതി ഭാരവാഹികള്‍ക്കും ഭക്തര്‍ക്കും പുതിയ മേല്‍ശാന്തി പ്രസാദം നല്‍കി.

ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ പട്ടികയില്‍ ദളിത് വിഭാഗത്തില്‍ നാലാം റാങ്കായിരുന്നു യദുകൃഷ്ണന്. 12ാം വയസില്‍ വടക്കന്‍ പറവൂര്‍ മൂത്തകുന്നം മടപ്പാതുരത്ത് ശ്രീഗുരുദേവ വൈദികതന്ത്ര വിദ്യാപീഠത്തില്‍ ചേര്‍ന്നു. 15ാം വയസില്‍ വാലത്ത്
ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ പൂജകള്‍ അഭ്യസിക്കാനായി പ്രവേശിച്ചു. തുടര്‍ന്ന് പറവൂര്‍ വലിയകുളങ്ങര ദുര്‍ഗാ ഭദ്രകാളി ക്ഷേത്രത്തില്‍ അഞ്ചുവര്‍ഷമായി ശാന്തിജോലി ചെയ്തുവരികയായിരുന്നു.

ഇതേസയമം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തിയ ശാന്തി നിയമന പരീക്ഷയില്‍ ബ്രാഹ്മണസമുദായത്തില്‍ പെട്ടവര്‍ എഴുത്തുപരീക്ഷയില്‍ പിന്തള്ളപ്പെടുകയായിരുന്നു. എഴുത്തു പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് ലഭിച്ചവരെ മാത്രം അഭിമുഖത്തിനുവിളിച്ചാല്‍ മതിയെന്ന് റിക്രൂട്ട്മെന്റ് ബോര്‍ഡ് തീരുമാനിച്ചു. ഇതോടെ ബ്രാഹ്മണര്‍ ഉള്‍പ്പെടെ മുന്നാക്കസമുദായത്തില്‍പ്പെട്ട ഭൂരിഭാഗവും പട്ടികയ്ക്കു പുറത്താവുകയായിരുന്നു.

Scroll To Top