Thursday February 23, 2017
Latest Updates

ഗ്രൂപ്പ്കളി അസ്ഥിക്ക് പിടിച്ച നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്നു പി സി ജോര്‍ജ് ,ജോര്‍ജിന് ഒരൊറ്റ മറുപടി നല്‍കി പ്രശ്‌നം തീര്‍ക്കുമെന്ന് തിരുവഞ്ചൂര്‍ : കോട്ടയം പിടിക്കാന്‍ പടപ്പുറപ്പാട്

ഗ്രൂപ്പ്കളി അസ്ഥിക്ക് പിടിച്ച നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്നു പി സി ജോര്‍ജ് ,ജോര്‍ജിന് ഒരൊറ്റ മറുപടി നല്‍കി പ്രശ്‌നം തീര്‍ക്കുമെന്ന് തിരുവഞ്ചൂര്‍ : കോട്ടയം പിടിക്കാന്‍ പടപ്പുറപ്പാട്

കോട്ടയം :കേരളാ കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മില്‍ കോട്ടയം ജില്ലയില്‍ ഉടലെടുത്ത പടലപിണക്കം അന്തസിന്റെ എല്ലാ സീമകളും ലംഘിച്ചു പരസ്യ പോര്‍ വിളികളിലെയ്ക്ക് നീങ്ങുന്നു .കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എ.കെ ആന്റണിയെ കൊണ്ട് വരണമെന്ന പി സി ജോര്ജിന്റെ അഭിപ്രായം മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ കൂടി ഏറ്റെടുത്തതോടെ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെയുള്ള ആസൂത്രിത പടനീക്കമാണ് പി സി ജോര്‍ജ് തുടങ്ങിവെച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു .

കോട്ടയം ജില്ലയിലെ പ്രമുഖ രാഷ്ട്രീയ കക്ഷി ആരെന്ന തര്‍ക്കവും ,ഭരണത്തില്‍ ഉള്ള മേല്‍ക്കൈ ഉപയോഗിച്ച് കേരളാ കോണ്‍ഗ്രസിനെ ഒതുക്കാന്‍ ഉള്ള കോണ്‍ഗ്രസിന്റെ ശ്രമവുമാണ് ഇപ്പോഴത്തെ പ്രശ് നങ്ങളുടെ അടിസ്ഥാനം എന്ന് പറയപ്പെടുന്നു .തിരുവഞ്ചൂര്‍ അഭ്യന്തര മന്ത്രിയായത് മുതലാണ് കേരളാ കോണ്‍ഗ്രസിന് ഇരിക്കപൊറുതി ഇല്ലാതായതത്രേ.

ഏതു വിധേനെയും തിരുവഞ്ചൂരിനെ അഭ്യന്തര മന്ത്രി സ്ഥാനത്തു നിന്ന് മാറ്റണമെന്ന മിനിമം ആവശ്യത്തിനു വേണ്ടിയാണ് പി സി ജോര്‍ജിനെ മുന്നിലിറക്കി കേരളാ കോണ്‍ഗ്രസ് കളിക്കുന്നത് .
കെ എം മാണിയുടെ പിന്തുണയും ഇതിനുണ്ടെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതുന്നത് .

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരെയായിരുന്നു ഇന്നലെ സംസ്ഥാന ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ രൂക്ഷ വിമര്‍ശനം. ഉമ്മന്‍ ചാണ്ടിയോളം ഗ്രൂപ്പ് കളി അസ്ഥിക്ക് പിടിച്ച മറ്റൊരു നേതാവ് കേരളത്തിലില്ലെന്ന് പി സി ജോര്‍ജ് പറഞ്ഞു.

ഗ്രൂപ്പ് കളിയില്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോഴെങ്കിലും അല്‍പം മാറിനില്‍ക്കണമായിരുന്നു. മുഖ്യമന്ത്രി അസ്ഥിക്ക് പിടിച്ച ഗ്രൂപ്പ് കളിയില്‍ അയവ് കാണിച്ചിരുന്നെങ്കില്‍ സോളാര്‍ പ്രശ്‌നം അടക്കമുളള കാര്യങ്ങള്‍ ഇങ്ങനെ വഷളാവുമായിരുന്നില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.

രാഷ്ട്രീയം പലപ്പോഴും മടുപ്പുണ്ടാക്കുന്നുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പ്രതീക്ഷിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് എനിക്ക് പിന്തുണ കിട്ടുന്നില്ല. സ്ഥാനമാനങ്ങളില്‍ അഭിരമിക്കുന്ന ആളല്ല ഞാന്‍ . ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കാന്‍ ഒരുങ്ങിയതാണ്. വീട്ടുകാരുടെ പിന്തുണയും ഉണ്ടായിരുന്നു. എന്നാല്‍ മാണി സാര്‍ വേണ്ടെന്ന് പറഞ്ഞതോടെയാണ് രാജി തീരുമാനം മാറ്റിയത് – പി സി ജോര്‍ജ് പറഞ്ഞു.
ഇതിനിടെ ,പി സി ജോര്‍ജിന്റ എല്ലാ വിമര്‍ശനങ്ങള്‍ക്കും കൂടി ഒരൊറ്റ മറുപടി താന്‍ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്ന് അത് കൊള്ളേണ്ടിടത്തു കൊളളുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
തനിക്കെതിരേ ഓരോ ദിവസവും ഓരോ എഡിഷനായിട്ടാണ് വിമര്‍ശനങ്ങള്‍ വരുന്നത്. എല്ലാ എഡിഷനും വന്നു കഴിയുമ്പോള്‍ ഒരു മറുപടി നല്‍കും. പി സി ജോര്‍ജിന് എന്തും പറയാനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയാണ്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയായിട്ടാണോ ആലപ്പുഴയില്‍ വെച്ച് പി സി ജോര്‍ജ് വി എസിന്റെ കൈ മുത്തിയതെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.
വി എസിന് താന്‍ പ്രസംഗം എഴുതി നല്‍കിയെന്ന ആരോപണത്തെ മണ്ടത്തരമെന്നാണ് തിരുവഞ്ചൂര്‍ വിശേഷിപ്പിച്ചത്. സ്വന്തം പാര്‍ട്ടിക്കു പോലും നിയന്ത്രിക്കാന്‍ കഴിയാത്ത നേതാവാണ് വി എസ് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാര്‍ തിരുവഞ്ചൂരിന്റെ കുടുംബസ്വത്ത് അല്ലെന്നും ഉമ്മന്‍ചാണ്ടിയുടെ കുടുംബ പ്രശ്‌നം നിയമസഭയില്‍ എത്തിച്ചത് ദല്ലാള്‍ നന്ദകുമാറും തിരുവഞ്ചൂരും ചേര്‍ന്നാണ്. ഇതിനായി വി എസിനെ ഉപയോഗിക്കുകയായിരുന്നുവെന്നും പി സി ജോര്‍ജ് കഴിഞ്ഞ ദിവസം കോട്ടയത്ത് ആരോപണമുന്നയിച്ചിരുന്നു.

Scroll To Top